വഖഫ് നിയമ ഭേദഗതി പരിഗണിക്കുന്നത് അടുത്ത പാർലമെന്റ് സമ്മേളനത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഭേദഗതി കൊണ്ടുവന്നു എന്നു പറഞ്ഞ് മേനി നടിച്ചവർതന്നെ നീട്ടിക്കൊണ്ടു പോകാനുള്ള കാര്യങ്ങളും ചെയ്യുന്നു. വഖഫ് നിയമ ഭേദഗതി രാഷ്ട്രീയ വിഷയമാക്കി വോട്ട് നേടാനും വോട്ട് പോകാതിരിക്കാനും ചേരിതിരിവുകൾ ഉണ്ടാക്കാനും മാത്രമായി കരുതുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളോടും സഹതാപം മാത്രമാണുള്ളത്.
നിയമങ്ങൾ പ്രീണനം നടത്താനോ അല്ലെങ്കിൽ വോട്ട് നേടാനോ മാത്രമുള്ള ഉപകരണമായാണോ രാഷ്ട്രീയ നേതാക്കൾ ധരിച്ചുവച്ചിരിക്കുന്നത്? നിയമനിർമാണ സഭകളുടെ ദൗത്യം ജനത്തിനായി ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിയമം പാസാക്കുകയും നിയമം നടപ്പിലാക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക എന്നതാണ്. കേരളത്തിലെ മുനമ്പത്തെയും തമിഴ്നാട്ടിലെ തിരിച്ചെന്തുറൈ ഗ്രാമത്തിലെയും പ്രശ്നങ്ങൾ രാഷ്ട്രീയത്തിനപ്പുറം മനുഷ്യാവകാശ പ്രശ്നമായി കാണാൻ ആരും തയാറാകുന്നില്ല.
ഇതു പറയുമ്പോഴും വഖഫ് പ്രോപ്പർട്ടികൾ സംരക്ഷിക്കപ്പെടേണ്ട എന്ന വാദമില്ല. പക്ഷേ, വഖഫ് ബോർഡ് തന്നെ സ്വന്തം ഭൂമിയുടെ ഉടമസ്ഥത നിർണയിക്കുന്നത് ശരിയല്ല. വഖഫ് ബോർഡ് സ്വയം അവകാശം ഉന്നയിച്ചാൽ അതിൽ ഭൂവുടമകളുടെ റവന്യു അവകാശം ഇല്ലാതാവുന്നത് സിവിൽ നിയമങ്ങൾക്ക് വിരുദ്ധം തന്നെയാണ്. വഖഫ് അവകാശമുണ്ടെന്ന് ആരോപിക്കുന്ന ഭൂമികളിൽ ഉടമസ്ഥത തെളിയിക്കാതെ വഖഫ് ബോർഡിന് അവകാശം നൽകരുത്. വഖഫ് അവകാശമുന്നയിക്കുന്ന ഭൂമിയിൽ ഉടമസ്ഥതാ നിർണയത്തിനായി സിവിൽ നിയമത്തിലധിഷ്ഠിതമായി സ്വതന്ത്ര ട്രൈബ്യൂണലുകൾ ഉണ്ടാകണം; അതിന് അപ്പീൽ കോടതികളും ഉണ്ടാകണം. രേഖകളും കൈവശവും ഇല്ലാത്ത ഭൂമികളിൽപോലും വഖഫ് ബോർഡിന് നിലവിൽ അവകാശം പറയാം എന്നിരിക്കെ അന്യായമായ ആ അവകാശവും നിയമപരമായി ഭേദഗതി ചെയ്യേണ്ടതുണ്ട്.
നിയമപരമായ കാലപരിധിയില്ലാതെ നിലവിൽ വഖഫ് ബോർഡിന് അവകാശവാദം ഉന്നയിക്കാം എന്നുള്ളതും അനീതിയാണ്. സിവിൽ കോടതികൾ ഉടമസ്ഥതാ തർക്കത്തിൽ തീർപ്പ് കൽപ്പിച്ച കേസുകളിൽപോലും നിലവിൽ വഖഫ് ബോർഡ് അവകാശം പറയുന്നു എന്നിരിക്കെ വഖഫ് ബോർഡിന്റെ അധികാരത്തിനു പരിധി നിശ്ചയിച്ച് നിയമം ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നിയമപരമായ എതിർ കൈവശംപോലും ചോദിക്കാൻ സാധിക്കാത്ത വഖഫ് ഇരകൾക്ക് പറ്റിച്ചു ഭൂമി വിറ്റവർക്കെതിരേ നിലവിൽ നിയമ നടപടി സാധ്യമല്ല എന്നതും മാറ്റപ്പെടേണ്ടിയിരിക്കുന്നു. വഖഫ് പ്രോപ്പർട്ടി വിറ്റ് കാശാക്കിയവർക്കെതിരേ ക്രിമിനൽ നടപടിയും വേണം. സ്വാതന്ത്ര്യത്തെയും വ്യക്തി നിയമങ്ങളെയും മാനിക്കുമ്പോഴും, ഒരുവന്റെ വ്യക്തിനിയമം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിൽ അതിൽ വിധി പറയാൻ സ്വതന്ത്ര ജുഡീഷറിയും ആവശ്യമാണ്.
ഇരകളുടെ അതിജീവനത്തിനും വഖഫ് ഭൂമികളുടെ ശരിയായ സംരക്ഷണത്തിനും ഭേദഗതി അനിവാര്യമാണ് എന്നിരിക്കെ രാഷ്ട്രീയ പാർട്ടികൾ സ്വാർത്ഥലാഭം നോക്കാതെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വഖഫ് നിയമ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് ഏതു തരത്തിൽ വേണം എന്നത് പാർലമെന്റിന് തീരുമാനിക്കാം. പക്ഷേ, വേഗം നടപ്പിലാക്കുന്നതാണ് ഉചിതം. രാഷ്ട്രീയ നേട്ടത്തിന് മാത്രമായി വഖഫ് നിയമ ഭേദഗതിയെ കാണുന്നവർ മനുഷ്യാവകാശം നഷ്ടപ്പെട്ട്, താമസഭൂമിക്കു നികുതി അടയ്ക്കാൻ പോലും അനുവാദമില്ലാതെ ജീവിക്കേണ്ടിവരുന്ന പട്ടിണിപ്പാവങ്ങളുടെ മുഖം ഒരിക്കലെങ്കിലും ഓർത്തിരുന്നെങ്കിൽ.
അഡ്വ. മനു ജെ. വരാപ്പള്ളി