1960 മുതൽ 2020 വരെയുള്ള 60 വർഷത്തെ എസ്എസ്എൽസി വിജയശതമാനം പരിശോധിച്ചാൽ അവിശ്വസനീയമാംവിധം ഏറ്റവും കുറവ് വിജയശതമാനം 1975ലായിരുന്നു 20.8 ശതമാനം. ഇന്ന് വിജയശ്രീലാളിതരായി പുറത്തുവരുന്ന 99.69 ശതമാനത്തിന് വിശ്വസിക്കാൻ കഴിയുമോ 20.8ശതമാനം! പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നത്തെ വിദ്യാഭ്യാസ നിലവാരമില്ലായ്മയെ വിമർശിച്ച് സംസാരിച്ചതിനോടു യോജിക്കാത്ത ആരുമുണ്ടാവില്ല. വിജയശതമാനം ഉയരുന്നത് ഭരണമികവായി പൊക്കിപ്പിടിക്കാൻ തുടങ്ങിയതിന്റെ തിക്തഫലമാണീ നിലവാരമില്ലായ്മയെന്ന കാര്യത്തിലും സംശയമില്ല!
സംസ്ഥാന സിലബസ് വിദ്യാർഥികളുടെ പഠനനിലവാരം ഇടിഞ്ഞെന്നു വിദ്യാഭ്യാസമന്ത്രിതന്നെ സമ്മതിക്കുകയും ചെയ്യുന്നു! പത്തു കൊല്ലം പള്ളിക്കൂടത്തിൽ പഠിക്കുന്ന കുരുന്നുകളുടെ ജീവിതത്തിലെ വഴിത്തിരിവാണ് പത്താം ക്ലാസ് പരീക്ഷ, പതിറ്റാണ്ടുകൾക്കു മുൻപ് പ്രത്യേകിച്ചും. 1975ൽ നടന്ന ആ അഗ്നിപരീക്ഷയിലായിരുന്നു എസ്എസ്എൽസിയുടെ ഏറ്റവും കുറവ് വിജയശതമാനം.
പെണ്ണമ്മ ജേക്കബ് എംഎൽഎയുടെ വാത്സല്യം ആവോളം നുകർന്നെത്തിയ ഒരു തലമുറയുടെ പരീക്ഷയായിരുന്നു 1975ൽ നടന്നത്. അന്നുവരെയുള്ളതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതിയ പരീക്ഷ എന്ന റിക്കാർഡും ഈ പരീക്ഷയ്ക്കായിരുന്നു. 4,03,811 വിദ്യാർഥികളാണ് ഭാവിയിലേക്ക് ഉറ്റുനോക്കി അന്നു പരീക്ഷയെഴുതിയത്. അതിൽ 3,21,167 പേരും പരാജയത്തിന്റെ കയ്പുനീരും കണ്ണീരും നുണഞ്ഞു. 82,644 പേർ മാത്രം ചിരിച്ചു. യഥാർഥ വിജയികളായിരുന്നു അവർ. ഒരാനുകൂല്യത്തിന്റെയും പിൻബലമില്ലാതെയാണവർ ജയിച്ചു മുന്നേറിയത്!
പാവപ്പെട്ട കുട്ടികളുടെ കാര്യമോർത്ത് ഖിന്നയായ പെണ്ണമ്മ ജേക്കബ് എന്ന സ്നേഹനിധിയായ എംഎൽഎ 1973ൽ നിയമസഭയിൽ അന്നുവരെ കേട്ടുകേൾവിയില്ലാത്ത ഒരാവശ്യം ഉന്നയിച്ചു. എട്ടാം ക്ലാസിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും പ്രമോഷൻ കൊടുക്കണം എന്നായിരുന്നു ആവശ്യം.
മിക്ക സ്കൂളുകളിലും ഒൻപതാം ക്ലാസിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് അപ്പോഴേക്കും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. എന്നിട്ടും പെണ്ണമ്മ ജേക്കബിന്റെ ആവശ്യം അംഗീകരിച്ച സർക്കാർ അങ്ങനെ ഓൾ പ്രമോഷനെന്ന കലാപരിപാടിക്കു തുടക്കം കുറിച്ചു. അത് 1974ലും ആവർത്തിച്ചു. അങ്ങനെ സ്മൂത്തായി പത്താംക്ലാസ് വരെയെത്തിയവർ 1975ൽ നടന്ന എസ്എസ്എൽസി പരീക്ഷയിലും ഓൾ പ്രമോഷൻ ആവർത്തിക്കുമെന്നു കരുതി കണ്ണുമടച്ചു വിശ്വസിച്ചു. അതാകട്ടെ, തോൽവിയുടെ റിക്കാർഡാണു കുറിച്ചത്.
താടിമീശയിൽ കയറിയ ഉറുമ്പിനെ സ്പർശനംകൊണ്ടുപോലും നോവിക്കാതെ രക്ഷിക്കാൻ കഴിയില്ലെന്ന് അതിന്റെ കൂട്ടിലേക്കു താടിമീശ കയറ്റിവച്ച ആചാര്യന്റെ അനുഭവത്തിൽനിന്ന് വൈകിയാണെങ്കിലും സർക്കാർ മനസിലാക്കിയതു നന്ന്...!
ജോസ് കെ. തോമസ് തറയിൽ, കുളനട പന്തളം