പതിവുപോലെ ഇത്തവണയും, ബജറ്റ് അവതരണവും ചർച്ചയും എല്ലാം പ്രതീക്ഷിച്ചപോലെതന്നെ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ നേർക്കാഴ്ചയായി. ബജറ്റിന്റെ ശ്രദ്ധ സാമ്പത്തിക കാര്യത്തിലുള്ള കാര്യക്ഷമതയ്ക്കപ്പുറം അടുത്തുവരുന്ന തെരഞ്ഞെടുപ്പും ഭരിക്കുന്ന പാർട്ടിയുടെ താത്പര്യങ്ങളുമായി. അതുകൊണ്ടുതന്നെ ചർച്ചയുടെ സിംഹ ഭാഗവും വെറും ചടങ്ങും രാഷ്ട്രീയവുമായി മാറി.
അതിൽ പ്രധാനം, ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളോട് ബജറ്റ് കാണിക്കുന്ന വിവേചനവും അവഗണനയുമാണ്. കേരളത്തിലെ പ്രകൃതിദുരന്തങ്ങളുടെ ഇരകളെ പരിഗണിക്കാതിരുന്നത് ഒരു ഉദാഹരണം മാത്രം. തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബിഹാറിന് കിട്ടിയ പ്രത്യേക സാമ്പത്തിക പരിഗണന മറ്റൊരു ഉദാഹരണം.
ഇതെല്ലാംതന്നെ ഇന്ത്യക്കാവശ്യമായ സാമ്പത്തിക നയങ്ങളും പദ്ധതികളും തുറന്ന മനസോടെ, വളരെ സൂക്ഷ്മമായി ചർച്ച ചെയ്യാനും വിവേചനമില്ലാതെ, ഇന്ത്യയിലാകമാനം നടപ്പിലാക്കാനും, ഇന്ത്യൻ ദേശീയതയെ ശക്തിപ്പെടുത്താനും ഇന്ത്യയെ ലോകരാജ്യങ്ങളുടെ കിടമത്സരത്തിൽ പ്രതിരോധിക്കാ നുമുള്ള വിലപ്പെട്ട അവസരങ്ങളും സമയവുമാണ് നമുക്കു നഷ്ടമാക്കുന്നത്.
രാജ്യവും സംസ്ഥാനവും നേരിടുന്ന തൊഴിലില്ലായ്മയും വളർച്ച മുരടിപ്പും നേരിടാൻ ബജറ്റിന്റെ കാര്യത്തിലെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുകയും കാര്യക്ഷമമായ സാമ്പത്തിക നടപടികൾ ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും വേണം.
നവോത്ഥാനം, കേരള മോഡൽ എന്നൊക്കെയുള്ള വാചകങ്ങൾ കേരളത്തിലും വികസിത ഇന്ത്യ, സൂപ്പർ പവർ എന്നൊക്കെയുള്ള രാഷ്ട്രീയ അലങ്കാര പ്രയോഗങ്ങൾ കേന്ദ്രത്തിലും ഉപയോഗിച്ചതുകൊണ്ടു മാത്രം വികസനം സാധിക്കുമെന്നു തോന്നുന്നില്ല.
ജനാധിപത്യത്തിലൂടെത്തന്നെ വികസനം സാധ്യമാക്കിയ യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളും ഇക്കാര്യങ്ങളിൽ ചിട്ടയായ പ്രവർത്തനങ്ങളോടെ അതിവേഗം മുന്നേറുമ്പോൾ, നമ്മൾ രാഷ്ട്രീയ ഭിന്നതയിലും വിവാദങ്ങളിലും ആനന്ദം കണ്ടെത്തുകയാണ്. ഇതെല്ലാം വഴി ഇന്ത്യയിലെ ബഹുഭൂരിപക്ഷമായ, അസംഘടിതരായ ദരിദ്രരും പാവങ്ങളുമാണ് തോല്പിക്കപ്പെടുന്നത്.
ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ് മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള, സമാധാനപരമായ, വികസനോന്മുഖമായ ഒരു ഇന്ത്യ. ഈ അവകാശത്തിൽനിന്ന് എന്ത് രാഷ്ട്രീയ ഉപായം ഉപയോഗിച്ച് അവരുടെ ശ്രദ്ധ തിരിച്ചാലും, അത് രാഷ്ട്രീയചതിയാണ്, ജനാധിപത്യവഞ്ചനയാണ്.
പ്രഫ. പി.ജെ. തോമസ്