കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന്റെ പേരിൽ ടിടിഇ പത്മകുമാറിനെതിരേ റെയിൽവേ നടപടിയെടുത്തത് ജനാധിപത്യ വിരുദ്ധമാണ്.
ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങൾ രാജാക്കന്മാരും ജനപ്രതിനിധികൾ സേവകരുമാണ്. അങ്ങനെ ഒരു സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഭരണസംവിധാനത്തിൽ ജനങ്ങൾക്കില്ലാത്ത ഒരു അമിതാധികാരം ജനപ്രതിനിധിക്കുണ്ടെന്ന് എങ്ങനെ പറയും? ഒരു സാധാരണ മനുഷ്യൻ യോഗ്യമായ ടിക്കറ്റില്ലാതെ ട്രെയിനിൽ സഞ്ചരിച്ചാൽ കുറ്റമാകും എന്നിരിക്കേ, അതു ജനപ്രതിനിധിയോട് ഒപ്പമായാൽ കുറ്റമല്ലാതാകുന്നതെങ്ങനെ? ടിക്കറ്റില്ലാത്ത ഒരു യാത്രക്കാരനോട് ടിക്കറ്റെടുക്കാൻ ആവശ്യപ്പെടേണ്ടതും, ആവശ്യമെങ്കിൽ അയാളിൽനിന്നു പിഴ ഈടാക്കേണ്ടതും ടിടിഇയുടെ ചുമതലയല്ലേ? ആ ചുമതല നിറവേറ്റിയ ഉദ്യോഗസ്ഥനെതിരേ നടപടി എടുത്തതു റെയിൽവേയുടെ കെടുകാര്യസ്ഥതയാണ്.
ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും കൃത്യനിർവഹണം ശരിയായി നടത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയേ ഉള്ളൂ. ഈ സംഭവത്തിൽ സ്പീക്കർക്കു നാണക്കേടു തോന്നിയെങ്കിൽ അത് അദ്ദേഹത്തിന്റെ മനസിന്റെ ചെറുപ്പംകൊണ്ടാണ്. അടുത്ത കാലത്തായി രാഷ്ട്രീയക്കാരുടെ നാണം മറയ്ക്കാനായി ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പ്രവണത ഏറിവരുന്നു! തിരുവനന്തപുരം മേയർ നടത്തിയ ഗുണ്ടായിസത്തിന്റെ പേരിൽ ഒരു കെഎസ്ആർടിസി ഡ്രൈവറെ വഴിയാധാരമാക്കിയതും, തന്റെ കൃത്യനിർവഹണം മേയർ തടസപ്പെടുത്തിയതായി ഡ്രൈവർ പരാതിപ്പെട്ടിട്ടും പോലീസ് കേസെടുക്കാതിരുന്നതും നൽകുന്ന സന്ദേശമെന്താണ്?
മുൻപൊരിക്കൽ, നിയമസഭാ സാമാജികർ ശമ്പളം പറ്റുന്നവരാകയാൽ അവർ തൊഴിൽക്കരം കൊടുക്കണമെന്നാവശ്യപ്പെട്ട കോർപറേഷൻ ഉദ്യോഗസ്ഥനെതിരേ ചില നടപടികൾ ഉണ്ടായതായി ഒരു വാർത്ത വായിച്ചതായി ഓർക്കുന്നു.
തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ജനങ്ങളെ സമീപിച്ച്, അടുക്കളയിൽ സഹായിക്കൽ വരെ ചെയ്യുന്ന നമ്മുടെ ജനപ്രതിനിധികൾ അധികാരം കിട്ടിയാൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ അറപ്പാണു തോന്നുന്നത്! സ്പീക്കറുടെ അടുത്തിരുന്ന് ഒരാൾ ഭക്ഷണം കഴിച്ചാൽ പണം കൊടുക്കേണ്ടേ? അയാൾ തൊഴിൽക്കരം നൽകേണ്ടേ? സ്പീക്കറോടൊപ്പമിരുന്ന് മറ്റു ക്രമക്കേടുകൾ നടത്തിയാൽ നിയമനടപടി ഇല്ലെന്നുണ്ടോ? സ്പീക്കർക്ക് അല്പമെങ്കിലും മര്യാദയുണ്ടായിരുന്നെങ്കിൽ, തനിക്കു സംസാരിക്കാനുള്ള ആൾക്കുവേണ്ടി ഒരു ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്. അതിനു മാത്രമുള്ള പൗരബോധം നമ്മുടെ രാഷ്ട്രീയക്കാർക്ക് ഉണ്ടാകുമെന്ന് സ്വപ്നം കാണാൻ പോലുമുള്ള സൗഭാഗ്യം കേരള ജനതയ്ക്ക് ഏതെങ്കിലും കാലത്തു കൈവരുമോ? നിയമത്തിന്നു മുൻപിൽ എല്ലാവരും സമന്മാരാണെന്ന സിദ്ധാന്തം നമ്മുടെ ജനപ്രതിനിധികൾക്ക് ഏതെങ്കിലും കാലത്തുണ്ടാകുമോ?
ഡോ. സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, മുതലക്കോടം