മാലിന്യം നീക്കാൻ ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയ ജോയി ആർക്കും പിടികൊടുക്കാതെ നമ്മൾ ഓരോരുത്തരും വലിച്ചെറിഞ്ഞ മാലിന്യവുമായി കൂടിക്കലർന്നു കിടക്കുന്നത് നൊന്പരക്കാഴ്ചയായി മായാതെ നിൽക്കുന്നു.
ഒരുപാട് ചോദ്യങ്ങൾ ജോയി കേരള സമൂഹത്തോടു ചോദിക്കുന്നുണ്ട്. ആരാണ് എന്റെ മരണത്തിന് ഉത്തരവാദി? ഉന്നതങ്ങളിൽ വിരാജിക്കുന്ന അധികാരികൾ മുതൽ സാധാരണ ജനം വരെ ഈ മരണത്തിന് കാരണമാകുന്നു എന്നതിൽ തർക്കമില്ല.
"പ്രതികൾ ലൈവായി കണ്ട രക്ഷാപ്രവർത്തനം' എന്ന തലക്കെട്ടോടെ ദീപിക എഴുതിയ മുഖപ്രസംഗം പത്രധർമത്തിന്റെ സന്ദേശമായി നിലകൊള്ളുന്നു.
ഒന്നു നോക്കാൻപോലും മടിക്കുന്ന മാലിന്യത്തോട്ടിലേക്കാണ് മഴക്കാലത്ത് തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ജോയി ഈ സാഹസപ്രവൃത്തി ഏറ്റെടുത്തത്. ഇതുപോലെ ഒരുപാട് ജോയിമാർ നമ്മൾ വലിച്ചെറിയുന്ന കുപ്പത്തൊട്ടിയിലുണ്ട് എന്നത് ഗവൺമെന്റും സമൂഹവും മറക്കരുത്. ഇതിനു പരിഹാരം എന്താണെന്നു നിർദേശിക്കാൻ ഒരുപക്ഷേ എളുപ്പമായിരിക്കും. പക്ഷേ പ്രായോഗികമായി ഓരോ മനുഷ്യനും ഒരു ചെറിയ പാസ്റ്റിക് കൂടുപോലും വലിച്ചെറിയരുത് എന്നു മനസിൽ ഉറപ്പിച്ചു പറയുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കുട്ടികളുടെ പാഠ്യപദ്ധതിയിൽ എല്ലാ ക്ലാസുകളിലും സിലബസിന്റെ ഭാഗമായും വീടുകളിലും സ്കൂളുകളിലും പഠിപ്പിച്ചതിന്റെ ഭാഗമായി ചെയ്ത പ്രവൃത്തികളുടെ തെളിവുകൾ അധ്യാപകർ കളക്ട് ചെയ്ത് ബോധ്യപ്പെടുത്തുന്നത് പുതിയ തലമുറയ്ക്കു നല്ല പാഠമായിരിക്കും.
നിയതമായ ഭരണഘടനയും കൃത്യമായ ഇടവേളകളിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റും നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയാണല്ലോ. ഈ സംവിധാനങ്ങൾ ഒക്കെയുണ്ടായിട്ടും എന്തുകൊണ്ടാണ് റെയിൽവേയും കോർപറേഷനും കുട്ടികളെപ്പോലെ പരസ്പരം കുറ്റം ചാർത്തുന്നത്. സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുന്നതിനപ്പുറം, അവരെ എഴുത്തും വായനയും അറിയാത്തവരും പ്രതികരിക്കാൻ അറിയാത്തവരും എന്ന ഗണത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യവും ഇക്കൂട്ടർക്കുള്ളതുപോലെ തോന്നുന്നു.
സാധാരണ ജനങ്ങൾക്ക് എന്നും എക്കാലവും ആശ്രയിക്കാവുന്ന ജനാധിപത്യത്തിന്റെ തൂണുകളായ കോടതിയും മീഡിയയും ഇടപെട്ട് ജോയിക്കും ജോയിയെ നഷ്ടപ്പെട്ട അമ്മയ്ക്കും നീതി വാങ്ങിക്കൊടുക്കണം. ഓരോ മാലിന്യവും വലിച്ചെറിയാൻ കൈകൾ ഉയരുന്പോൾ ജോയിയുടെ ആത്മബലി ഓർക്കാം. അങ്ങനെ നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാം.
ബിനു സി. മുണ്ടകത്തിൽ, ഇത്തിത്താനം