എല്ലാ മനുഷ്യരും തുല്യസൃഷ്ടികളും അവകാശങ്ങളുടെ രാജാക്കന്മാരുമാണെന്ന് മനുഷ്യാവകാശനയം വ്യക്തമാക്കുന്നു. ഭൂമി, ശുദ്ധജലം, വായു എന്നിവയ്ക്കുള്ള അവകാശം, ജോലിചെയ്ത് അന്തസായി ജീവിക്കാനുള്ള അവകാശം ഇങ്ങനെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്നതാണു മനുഷ്യാവകാശനയം. എന്നാൽ, വിലപ്പെട്ട മനുഷ്യാവകാശങ്ങൾ അനുഭവിക്കാൻ സാധിക്കാതെ മനുഷ്യാകൃതിയിൽ ജീവിക്കുന്ന വിഭാഗമാണ് മലയോരകർഷകർ.
യുദ്ധാനന്തര ക്ഷാമം പരിഹരിക്കുന്നതിന് ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരവും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെടുന്പോൾ തമിഴ് ഭൂരിപക്ഷ പ്രദേശമായി തമിഴ്നാടിനോടു കൂടിച്ചേർക്കപ്പെടാതിരിക്കാൻവേണ്ടി ഹൈറേഞ്ച് കോളനൈസേഷൻ പദ്ധതിപ്രകാരവും അന്നത്തെ തിരുവിതാംകൂർ സർക്കാർ മധ്യകേരളത്തിൽനിന്ന് ഇടുക്കിയിലേക്കുള്ള കുടിയേറ്റം സാന്പത്തിക സഹായത്തോടെ പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം മലബാറിലേക്കുള്ള കുടിയേറ്റത്തിനും പ്രോത്സാഹനം നൽകി.
തമിഴ് ഭൂരിപക്ഷ പ്രദേശമായി ഇടുക്കി തമിഴ്നാടിനോടു കൂട്ടിച്ചേർക്കപ്പെട്ടിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ ഇന്നെന്താകുമായിരുന്നു. നമുക്കിന്ന് ഇടുക്കി അണക്കെട്ടുണ്ടാകുമായിരുന്നോ? സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അന്നത്തെ കാടൻ അന്തരീക്ഷത്തിൽ കുടിയേറ്റക്കാർ മഹാമാരികളെയും വന്യമൃഗങ്ങളെയും സഹിച്ച് ജീവിച്ചതിന്റെ, ഏറുമാടങ്ങളിൽ ഉറക്കമില്ലാതെ കഴിച്ചുകൂട്ടിയതിന്റെ എല്ലാം വേദനിക്കുന്ന ഓർമകൾ ഇടുക്കി നൽകുന്ന ഐശ്വര്യത്തിന്റെ പുറകിൽ മറഞ്ഞിരിപ്പില്ലേ?
വസ്തുതാപരമായി വിലയിരുത്തിയാൽ ഇവിടെ അതിക്രമം കാണിച്ചതു കർഷകരല്ല, വനംവകുപ്പാണെന്നു കാണാൻ സാധിക്കും. സംസ്ഥാനം രൂപീകരിക്കപ്പെടുന്പോൾ കേരളത്തിന്റെ വനവിസ്തൃതി ആകെ വിസ്തീർണത്തിന്റെ 25.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നു വനത്തിന്റെ വിസ്തൃതി 29.6 ശതമാനമായി വർധിച്ചിരിക്കുകയാണ്. നാലുശതമാനത്തോളംവരുന്ന ആയിരക്കണക്കിന് ഏക്കർ വനവർധന എങ്ങനെയുണ്ടായി. വനംവകുപ്പു മറുപടി പറയണം.
കാർബൺഡയോക്സൈഡിന്റെ ഭയാനകമായ വർധനമൂലം ക്രമാതീതമായി ഉയരുന്ന ആഗോളതാപനമാണ് അതിതീവ്രമഴയ്ക്കും ഉരുൾപൊട്ടലിനും എല്ലാം കാരണമാകുന്നത് എന്നു ശാസ്ത്രലോകം പറയുന്നു. ആഗോളതാപനത്തിന്റെ മുഖ്യഉത്തരവാദി വൻകിട വ്യവസായികളും.
വന്യമൃഗവർധന മനുഷ്യജീവന് ഭീഷണി ഉയർത്തുന്പോൾ വിദേശരാജ്യങ്ങൾ ‘കള്ളിംഗ്’ നടത്തി വർധന ക്രമീകരിച്ച് നിലനിൽപ്പ് ഉറപ്പുവരുത്തുന്നു. ഇവിടെയും അത് പറ്റില്ലേ? എല്ലാവർക്കും അവരവരുടെ വീടുകളിൽ സുരക്ഷിതത്വം ലഭിക്കുന്പോൾ മലയോര കർഷകർക്കത് ആഗ്രഹമായി അവശേഷിക്കുന്നു.
കേരളത്തിൽ വർഷംതോറും ആനകൾ കുറഞ്ഞുവരുന്നു എന്നു സ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന വനംവകുപ്പ് അതിന്റെ കാരണവും വെളിപ്പെടുത്തണം. ഓസ്ട്രേലിയയിൽ കംഗാരു ദേശീയമൃഗമായിട്ടും ക്രമാതീതമായി വർധിച്ചപ്പോൾ കൊന്ന് വാണിജ്യപരമായി ഉപയോഗിച്ചു വരുമാനം വർധിപ്പിക്കുന്നു. ചില വിദേശരാജ്യങ്ങൾ ട്രോഫി ഹണ്ടിംഗ് എന്ന വിനോദ വേട്ടയാടൽ പദ്ധതിപ്രകാരം കനത്ത ഫീസ് ഈടാക്കി ലൈസൻസ് നൽകി വേട്ടയാടൽ ഒരു വരുമാനമാർഗമാക്കുന്നു. ഐപിബിഇഎസ് എന്ന സ്വതന്ത്രസംഘടന അവരുടെ റിപ്പോർട്ടിൽ വന്യമൃഗങ്ങളെ കൊന്ന് എണ്ണം ക്രമീകരിച്ച് അവയെ സംരക്ഷിക്കുന്ന സമീപനമാണ് അഭികാമ്യം എന്നു പറയുന്നുണ്ട്.
മനുഷ്യജീവനു ഭീഷണി ഉയർന്നപ്പോൾ ആന ഉൾപ്പെടെയുള്ള എല്ലാ വന്യമൃഗങ്ങളെയും വേട്ടയാടാൻ ആഫ്രിക്കൻ രാജ്യങ്ങളായ ബോട്സ്വാനയും നമീബിയയും അനുമതി നൽകി. കടുത്ത ഭക്ഷ്യക്ഷാമം തരണംചെയ്യാൻ നമീബിയ ആന, കാട്ടുപോത്ത്, ഹിപ്പോ, സീബ്ര തുടങ്ങിയ എല്ലാവിഭാഗം വന്യമൃഗങ്ങളെയും കൊന്നു ഭക്ഷണമായി ജനത്തിനു നൽകുന്പോൾ നമ്മൾ കൊല്ലേണ്ടിവരുന്ന കാട്ടുപന്നികളെ കുഴിച്ചിടുകയല്ലേ ചെയ്യുന്നത്.
ആഗോളതാപനമാണു കാലാവസ്ഥാ വ്യതിയാനത്തിനും ഉരുൾപൊട്ടലിനുമൊക്കെ കാരണമാകുന്നതെങ്കിൽ മലയോരം തരിശിട്ടാലും ആൾത്താമസമില്ലാതായാലും ഈ ദുരന്തങ്ങൾ ഇല്ലാതാകില്ല. വിദേശ കള്ളപ്പണം കാർബൺ ഫണ്ടായി കടൽ കടന്നുവരാൻ തുടങ്ങിയപ്പോഴാണല്ലോ പലർക്കും പരിസ്ഥിതിപ്രേമം ഉടലെടുത്തതും കർഷകർക്കെതിരേ വസ്തുതാപരമല്ലാത്ത ന്യായവാദങ്ങൾ തൊടുത്തുവിടാൻ തുടങ്ങിയതും.
നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണക്കാരായവരുടെയെല്ലാം മുഖത്തുനോക്കി ഞങ്ങളും ഇവിടെ ജനിച്ചതല്ലേ, മനുഷ്യാവകാശം ഞങ്ങൾക്കും ലഭിക്കണ്ടേ എന്നു ചോദിക്കാൻ നാം സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ചാക്കോ വലിയപറന്പിൽ,
ചന്ദനക്കാംപാറ