സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആഘോഷകാലം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കം. കേരള സർക്കാരിന്റെ എല്ലാ വകുപ്പുകളും സാമൂഹ്യ സാംസ്കാരിക കലാ തൊഴിൽ രംഗങ്ങളിലെ എല്ലാവരും ഒറ്റക്കെട്ടായിനിന്ന് രാപകൽ പ്രയത്നിച്ച് വിജയിപ്പിക്കുന്ന മഹോത്സവം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ സഹകരിച്ച് വർണാഭമാക്കുന്ന കലയുടെ ഉത്സവം.
എത്ര കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്? കലോത്സവങ്ങൾക്കായി ചെലവഴിക്കുന്ന പണം, മനുഷ്യപ്രയത്നം, ലഭ്യമാകാതെ പോകുന്ന അധ്യയന ദിനങ്ങൾ എന്നിവയ്ക്ക് ആനുപാതികമായി സംസ്ഥാന വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ലഭിക്കുന്നുണ്ടോ? അതിനെപ്പറ്റി എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് വിദ്യാഭ്യാസമേഖല പരിഗണിച്ചിട്ടുണ്ടോ? കലോത്സവങ്ങളിൽ വിജയികളാവുന്ന എത്ര കുട്ടികൾ ജീവിതവിജയതിന്റെ വഴിത്താരയിൽ വർണവിളക്കായി അത്തരം കഴിവുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? ഗ്രേസ് മാർക്ക് കിട്ടി എ പ്ലസുകളുടെ എണ്ണം കൂട്ടാൻ രക്ഷിതാക്കളും വിദ്യാലയവും കുട്ടികളും ചേർന്നു നടത്തുന്ന പണോത്സവവും സമ്മർദോത്സവവും ആയി ഇത് മാറുന്നുണ്ടോ?
അധ്യാപകസംഘടനകൾ വിവിധ കമ്മിറ്റികൾ വിഭജിച്ചെടുത്ത് വിജയിപ്പിക്കുന്നു. അവർ അത് അഭിമാനപ്രശ്നമാക്കിയെടുത്ത് കഠിനാദ്ധ്വാനം ചെയ്യുന്നു. ചിലരെ മഹത്വവൽക്കരിക്കാനും വെള്ളിവെളിച്ചത്തിൽ നിർത്താനും മാത്രമായി കുറെ ചടങ്ങുകൾ. ഇത്തരം ചടങ്ങുകൾ ഈ മഹോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഹൈജാക്ക് ചെയ്യുന്നുണ്ടെങ്കിൽ തിരുത്താനുള്ള ആർജവം നാം കാണിക്കണം.
കേരളത്തിലെ മൊത്തം സ്കൂൾകുട്ടികളുടെ എണ്ണം പരിഗണിച്ചാൽ ഇതു കൊണ്ട് നേരിട്ടോ അല്ലാതെയോ ഗുണം ലഭിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവല്ലേ? ഇതേ ഉത്സവത്തിൽത്തന്നെ ഇനിയുമേറെ കുട്ടികൾക്ക് പങ്കാളിത്തവും ഗുണവും കിട്ടുന്നരീതിയിൽ മേൽപ്പറഞ്ഞ സംഘാടകർ പിൻനിരയിലും കുട്ടികൾ മുൻനിരയിലുമായിനിന്ന് ഇത് ഒരു യഥാർഥ പഠനപരിശീലന പരിപാടിയായി പുനഃക്രമീകരിക്കാൻ കഴിയണം.
ഇപ്പോൾ പഠിക്കുന്ന കുട്ടികളിൽ അസാധാരണ പ്രതിഭാശാലികളെ ഉദ്ഘാടനങ്ങൾക്കും സമ്മാനദാനങ്ങൾക്കും ആദരിക്കലുകൾക്കുമൊക്കെ ക്ഷണിക്കാവുന്നതാണ്. നിർബന്ധമാണെങ്കിൽ സെലിബ്രിറ്റികളും നേതാക്കളും തൊട്ടുപിന്നിൽ നിൽക്കട്ടെ. വിവിധ കമ്മിറ്റികളിൽ തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ച് പുനഃക്രമീകരിച്ചാൽ സംഘാടന പരിശീലനം പ്രായോഗികമായി ലഭിക്കും. സ്കൂൾതല കലോത്സവംമുതൽ എല്ലാ ഘട്ടത്തിലും കുട്ടികൾക്ക് പ്രധാന്യം നൽകി അധ്യാപകരും രാഷ്ട്രീയക്കാരും പിന്നിൽ നിൽക്കണം.
നേരം പുലരുന്നതുവരെ തുടരുന്ന മത്സരങ്ങൾ മത്സരാർഥികൾക്കും വിധി കർത്താക്കൾക്കും പീഡനമാണെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാവില്ല. അതൊഴിവാക്കാൻ ശ്രമം നടത്തണം. വ്യത്യസ്ത ഇനങ്ങളെ സാധ്യമായ വിധത്തിൽ ക്ലസ്റ്ററുകളാക്കി, വ്യത്യസ്ത ജില്ലകൾക്ക് വിഭജിച്ചു നൽകി വ്യത്യസ്ത ജില്ലകളിൽ തന്നെ നടത്താൻ സാധിക്കുമോയെന്നു പരിശോധിക്കാം. ഗതാഗത പ്രശ്നങ്ങൾ ഉൾപ്പെടെ പല പ്രശ്നങ്ങളും അങ്ങനെ പരിഹരിക്കാൻ കഴിയും. നിശ്ചിതസമയം കഴിഞ്ഞാൽ മത്സരങ്ങൾ അവസാനിക്കത്തക്കവിധം ഇനങ്ങളുടെ സമയക്രമം പുനഃക്രമീകരണം നടത്തണം. വേദികളുടെ എണ്ണം കൂട്ടണമെങ്കിൽ കൂട്ടണം. വിവിധ പ്രലോഭനങ്ങൾക്ക് കീഴ്പ്പെടുന്ന വിധികർത്താക്കളും അതിനു ചരടുവലിക്കുന്ന പരിശീലകരും എല്ലാം ചർച്ച ചെയ്യപ്പെട്ടതാണ്.
സുരേഷ് രാമനാട്ടുകര
കൗൺസലിംഗ് സൈക്കോളജിസ്റ്റ് ഒഡീജിയ ലേണിംഗ് സൊലൂഷൻസ് രാമനാട്ടുകര, കോഴിക്കോട്