വയനാട്ടിലെ ദുരന്തബാധിതർക്ക് തദ്ദേശീയരും വിദേശീയരും അകമഴിഞ്ഞു സംഭാവനകൾ നൽകി. ഇപ്പോഴും നൽകിക്കൊണ്ടുമിരിക്കുന്നു. ഇത് ആശ്വാസകരംതന്നെ. എന്നാൽ, ആര് എത്ര നൽകിയെന്നും എവിടെ അതു ചെലവഴിച്ചുവെന്നും അറിയാൻ കൊടുത്തവർക്കും പൊതുസമൂഹത്തിനും അവകാശമുണ്ട്, താത്പര്യമുണ്ട്. അർഹതപ്പെട്ടവർക്ക് കിട്ടിയോ, അതുപോലെ വീട് നിർമിച്ചുനൽകുന്നത് ആവശ്യമുള്ളിടത്താണോ തുടങ്ങിയവയും ജനങ്ങൾ അറിയേണ്ടതുണ്ട്. പണ്ട് ലക്ഷംവീട് പദ്ധതിയിൽ വീട് ലഭിച്ചവർ അത് ഉപേക്ഷിച്ചുപോയത് നമുക്കറിയാവുന്ന കാര്യമാണ്. ജീവിക്കാൻ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥലവും വീടും നൽകുന്നില്ലെങ്കിൽ മുടക്കന്ന തുകകൊണ്ട് പ്രയോജനം ലഭിക്കില്ല. ഇക്കാരണത്താൽ ദുരന്തബാധിതരെ സഹായിക്കാൻ വളരെ സുതാര്യവും ഫലപ്രദവുമായ മാർഗം ഗവൺമെന്റിന്റെയും കേരളജനതയുടെയും മുന്പാകെ സമർപ്പിക്കുന്നു.
വയനാട് ദുരന്തബാധിതർക്കു സഹായം എന്നപേരിൽ ഗവൺമെന്റ് ഒരു വെബ്സൈറ്റ് ആരംഭിച്ച് അതിൽ ഇതുവരെ നൽകപ്പെട്ട മുഴുവൻ സംഭാവനയുടെയും വിവരങ്ങൾ രേഖകൾ സഹിതം കൊടുത്തവർ രേഖപ്പെടുത്തട്ടെ. സന്നദ്ധസംഘടനകൾ, പൗരപ്രമുഖർ, മതങ്ങൾ, രാഷ്ട്രീയപാർട്ടികൾ, വിദ്യാലയങ്ങൾ, വിദേശ ഏജൻസികൾ തുടങ്ങിയവർ നൽകിയ സംഭാവനകൾ തെളിവുസഹിതം ബാങ്ക് അക്കൗണ്ട് നന്പർ, ചെക്ക്നന്പർ എന്നിവ രേഖപ്പെടുത്താൻ അവസരം നൽകുക. അതുപോലെ ബക്കറ്റ് പിരിവു നടത്തിയവർ ആ തുക ഗവൺമെന്റിന്റെ ഈ സഹായനിധിയിൽ നൽകിയോ എന്നും രേഖപ്പെടുത്തട്ടെ. വളരെ കൃത്യമായ കണക്ക് നമുക്ക് കിട്ടിയില്ലെങ്കിൽപോലും ഒരു ഏകദേശ കണക്ക് കിട്ടും. ഇനി ഒരു ദുരന്തസമാഹരണം വേണ്ടിവരുന്പോൾ പത്തു പൈസയുടെവരെ കണക്ക് കൃത്യമായി കിട്ടാനുള്ള വഴി പിന്നാലെ നിർദേശിക്കാം.
ഇനി ഈ തുക എപ്രകാരം ചെലവഴിച്ചു എന്ന് മറ്റൊരു വെബ്സൈറ്റുവഴി ജനങ്ങളെ അറിയിക്കാൻ ഗവൺമെന്റ് തയാറകണം. സംഭാവനകൾ ലഭിച്ചതു മുഴുവൻ ഒറ്റ അക്കൗണ്ടിലേക്ക് മാറ്റിയശേഷം അതിൽനിന്ന് കൊടുക്കുന്നതും ജനങ്ങൾക്കു മനസിലാക്കാൻ സാധിക്കുന്നവിധം രേഖപ്പെടുത്തണം. അതായത് ഒരു ഏകജാലക സംവിധാനം ശേഖരണത്തിലും വിതരണത്തിലും ഉണ്ടാകണം. അതുവഴി ഈ തുകയിൽനിന്ന് എത്ര തുക എന്താവശ്യത്തിനു ചെലവഴിച്ചുവെന്നു പൊതുസമൂഹത്തിനു മനസിലാക്കാൻ സാധിക്കും.
ഗവൺമെന്റിന് കിട്ടിയ തുകയുടെ വിനിയോഗം വളരെ കൃത്യതയോടെയും ഫലപ്രദമായും ഉത്തരവാദിത്വബോധത്തോടെയും നിർവഹിക്കാൻ രണ്ടു മാർഗങ്ങൾ നിർദേശിക്കുന്നു. നിശ്ചിത തുക സഹായധനമായി നൽകി ഓരോ കുടുംബത്തെയും സഹായിക്കുന്നത് എളുപ്പമാണ്. പക്ഷേ അതു വേണ്ടരീതിയിൽ പ്രയോജനപ്പെടുമെന്ന് ഉറപ്പുവരുത്താൻ പ്രയാസമാണ്. അതിന് മറ്റൊരു മാർഗം നിർദേശിക്കാം. ഇന്ന് കേരളത്തിൽ സ്ഥലവും വീടും വിൽക്കാൻ ആഗ്രഹിക്കുന്നവർ അനവധിയുണ്ട് എന്നു നമുക്കറിയാം. ഇപ്രകാരം വിൽക്കാനാഗ്രഹിക്കുന്നവരുടെ ലിസ്റ്റ് മറ്റൊരു സൈറ്റുവഴി ഗവൺമെന്റ് ശേഖരിക്കട്ടെ.
വീടും സ്ഥലവും വിൽക്കാനാഗ്രഹിക്കുന്നവരുടെ ഈ ലിസ്റ്റിൽനിന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒരു നിശ്ചിത മാനദണ്ഡം വച്ച് തെരഞ്ഞെടുക്കട്ടെ. മറ്റു ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത സ്ഥലങ്ങൾ നോക്കി ഇഷ്ടപ്പെട്ടത് അവർ കണ്ടെത്തട്ടെ. 34 ഏക്കർ സ്ഥലവും വീടും ഏകദേശം അന്പതു ലക്ഷത്തിന് ഇന്ന് കൊടുക്കാൻ അനവധി ആളുകൾ തയാറുണ്ട് എന്നു മറക്കരുത്. വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ സ്ഥലവും വീടും വിൽക്കാൻ സാധിക്കുന്നത് വളരെ ഗുണകരമാണ്. ഈ കൊടുക്കൽവാങ്ങലും ജനങ്ങൾക്കു സൈറ്റിൽ നോക്കി മനസിലാക്കാൻ അവസരം നൽകുക. ഗവൺമെന്റിന്റെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെയും മുൻനിരയിലുള്ളവർ ഇക്കാര്യം ശ്രദ്ധിക്കട്ടെ. കുറെ വീടുകൾ അടുത്തടുത്ത് 1020 സെന്റ് സ്ഥലത്ത് നിർമിച്ച് ടൗൺഷിപ്പായി നൽകിയാൽ അവരുടെ ജീവിതം ദുരിതമാവുകയേ ഉള്ളൂ എന്നതും ഓർക്കണം. എല്ലാ ഗവൺമെന്റ് പദ്ധതികളും നടപ്പാക്കുന്നത് ഇപ്രകാരം ജനങ്ങൾക്കു വായിച്ചറിയാൻ കഴിയുന്ന വിധത്തിലായാൽ മുടക്കുന്ന തുക നിയമാനുസൃതവും പ്രയോജനപ്രദവുമായി വിനിയോഗിച്ചു എന്ന് ജനങ്ങൾക്കും പറയാൻ കഴിയും. അപ്പോൾ അഴിമതി തീർത്തും ഇല്ലാതാക്കാം. ഈ അഭിപ്രായം ഗവൺമെന്റിന്റെയും പൊതുജനത്തിന്റെയും സജീവചിന്തയ്ക്കായി സമർപ്പിക്കുന്നു.
കംപ്യൂട്ടർ അധിഷ്ഠിത വിവരശേഖരണവും വിതരണവും ഉള്ള ഇക്കാലത്ത് എല്ലാവിധ ധനസമാഹരണവും ഇപോസ് മെഷീൻവഴി നടത്തണം. വയനാട് ദുരന്തനിധിയിലേക്ക് നടത്തിയ എല്ലാ വിഭവസമാഹരണവും ഇപ്രകാരം നടത്തേണ്ടതായിരുന്നു. ഭാവിയിൽ നടത്തപ്പെടുന്ന എല്ലാ പിരിവുകളും ഇപോസ് മെഷീൻവഴി നടത്തണം. ഒരുരൂപപോലും ആർക്കും അടിച്ചുമാറ്റാൻ പറ്റില്ല. പിരിവിനു പോകുന്ന എല്ലാവർക്കും ഇപോസ് മെഷീൻ കൊടുത്തുവിടുക. അതിൽ രസീത് അടിച്ചുകൊടുക്കാനും സംവിധാനം വേണം. ഇപ്രകാരം അഴിമതിരഹിത വിഭവസമാഹരണവും വിതരണവും നടപ്പാക്കാൻ ഗവൺമെന്റ് തന്നെ ആർജവവും ധൈര്യവും കാണിക്കട്ടെ.
ജോസ് മാപ്രക്കരോട്ട്, റിട്ടയേഡ് ടീച്ചർ, കോഴിച്ചാൽ