ഫാ. ജോയി ചെഞ്ചേരിൽ എംസിബിസ്
നരഭോജി വന്യമൃഗങ്ങളും നരഭോജി മനുഷ്യരും വാശിക്ക് വെറിപൂണ്ടുനിൽക്കുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ. 2025 പിറന്നിട്ട് ഒരു മാസം തികയുകയാണ്. ഇതിൽ ഒരൊറ്റ ദിനംപോലും ദുർവാർത്തകൾ കേൾക്കാതെ കടന്നുപോയിട്ടില്ല. ചെന്താമരയും ഗ്രീഷ്മയും ജന്മം നല്കിയതിനു സ്വന്തം അമ്മയെ കൊലചെയ്ത മകനും അയൽവാസികളെ നിഷ്കരുണം ഇല്ലാതാക്കിയ യുവാവും കഴുത്തറത്തു പ്രണയപ്പകതീർക്കുന്ന കാമുകീകാമുകന്മാരും പ്രകോപിതനായി എസ് ഐയെ നിലത്തടിക്കുന്ന പ്ലസ് ടു വിദ്യാർഥിയും അധ്യാപകനോട് കൊലവിളി നടത്തുന്ന പ്ലസ്വൺകാരനും സ്കൂൾബസിനുള്ളിൽ നടക്കുന്ന കത്തിക്കുത്തും കേരളസമൂഹത്തിന്റെ അധഃപതനത്തിന്റെയും അപചയത്തിന്റെയും ദൃഷ്ടാന്തങ്ങളാണ്.
നിന്ദ്യവും നികൃഷ്ടവുമായ കാര്യങ്ങൾ ചെയ്യുന്നവർ പെരുകിവരുന്നു എന്നതാണ് ഇന്നത്തെ പേടിസ്വപ്നം. ആൽബർട്ട് ബന്ദുറയുടെ സോഷ്യൽ ലേണിംഗ് തിയറിയിൽ പറയുന്ന, “സമപ്രായക്കാരിൽനിന്നും കുടുംബങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നുമാണ് ഒരാൾ കുറ്റകൃത്യങ്ങൾ പഠിക്കുന്നത്” എന്ന വസ്തുത നമ്മൾ മറക്കരുത്.
തെറ്റാണെന്നറിഞ്ഞിട്ടും യാതൊരു മടിയുമില്ലാതെ അതുചെയ്യാൻ പോന്നവിധം നമ്മുടെ മനഃസാക്ഷി മരവിച്ചെങ്കിൽ ഇവിടുത്തെ പൊതുസമൂഹവും ഭരണസംവിധാനവും വിദ്യാഭ്യാസവും മാധ്യമധർമവും മതങ്ങളുമെല്ലാം അടിയന്തരമായി ഇടപെടലുകൾ നടത്തി ഇതിനൊരു പ്രതിവിധി ഉണ്ടാക്കണം.
കുറ്റകൃത്യം ചെയ്തവർക്കു താരപരിവേഷം നൽകുന്ന മാധ്യമങ്ങൾ ദുർമാതൃകയാണ് നൽകുന്നത്. റേറ്റിംഗിനും സെൻസേഷനും എക്സ്ക്ലുസീവ് ന്യൂസിനും വേണ്ടി കുറ്റവാളികളെ താരങ്ങളാക്കുന്ന ദൃശ്യമാധ്യമ സംസ്കാരത്തെ നിയമനടപടികളിലൂടെ നിയന്ത്രണവിധേയമാക്കുയാണ് ആദ്യം ചെയ്യേണ്ടത്.
ഈയടുത്തിറങ്ങിയ മലയാള സിനിമകളും സംഗീതവും നോക്കുക. പച്ചയായ അക്രമവും ലൈംഗികഅരാജകത്വവും നിറച്ച് ആരാധകരെ വളർത്തുന്പോൾ തകരുന്നത് ഒരു സമൂഹവും അതിൽ മനുഷ്യരെ കോർത്തിണക്കുന്ന നന്മയും മാനവികതയുമാണ്. പച്ചത്തെറികളും പരനിന്ദകളും ദ്വയാർഥ പ്രയോഗങ്ങളും ഒട്ടും നിലവാരമില്ലാത്ത വിഷയങ്ങളുടെ ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറച്ച് ഫോളോവേഴ്സിനെയും കാഴ്ചക്കാരെയും ഉണ്ടാക്കുന്ന വൈറൽ സംസ്കാരവും നിയന്ത്രിക്കേണ്ടതാണ്.
കാലതാമസം വരുത്തി തെളിവു നശിപ്പിക്കുകയും സംഗതികളുടെ ഗൗരവം ചോർത്തി ശിക്ഷാനടപടികളിൽ വെള്ളം ചേർക്കുകയും ചെയ്യുന്ന നിയമപാലകരുടെ ഉദാസീനത അപലപനീയമാണ്. ഫുൾ എ പ്ലസും നൂറുശതമാനവും ലക്ഷ്യമിടുന്ന നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിനും സംസ്കരണത്തിനും മാനസികവളർച്ചക്കും വേണ്ട പോഷകങ്ങൾ നൽകുന്നതാണോ?
സ്വഭാവവൈകല്യമോ മാനസികപ്രശ്നങ്ങളോ ഉള്ളവരെ കണ്ടെത്തി അവർക്കുവേണ്ട ചികിത്സ നൽകാനുള്ള സാമൂഹികസംവിധാനങ്ങൾ ഇന്നും നമുക്കുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. സമൂഹത്തിന്റെ ശ്രുതിഭംഗങ്ങളിൽ ധീരോദാത്തം ഉയർന്നുനിന്ന് ചോദ്യം ചെയ്യുകയും നല്ലതു ചെയ്യുകയും പറയുകയും ചെയ്യുന്ന ശ്രേഷ്ഠവ്യക്തികൾക്ക് ഇടമോ പ്രാധാന്യമോ നൽകാത്തതും അധഃപതനകാരണമാണ്.
മാനവികതയും മനുഷ്യനന്മയും അറ്റുപോയ നാടല്ല നമ്മുടേത്. മറിച്ച് അതു രോഗാതുരമായി എന്നതാണ് വാസ്തവം. അതിനാൽ അടിയന്തരചികിത്സയ്ക്കു വിധേയമാക്കണം.
തമസോമാ ജ്യോതിർ ഗമയ!