മാസംതോറും ധനമന്ത്രി കെഎസ്ആർടിസിക്ക് സൗജന്യമായി കൊടുക്കുന്ന പണത്തിന്റെ കണക്കു പറഞ്ഞ് ജീവനക്കാരെ അവഹേളിച്ചുകൊണ്ടിരിക്കുന്നതു കേട്ട് കേട്ട്, ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങളെ അറിയിക്കാനണ് ഇതെഴുതുന്നത്. 1967 മുതൽ 1998 വരെ കെഎസ്ആർടിസിയിൽ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്തയാളാണു ലേഖകന്.
1938ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സർക്കാർ ചുമതലയിൽ തുടങ്ങിയതും ലാഭകരമായിരുന്നതുമായ വകുപ്പിനെ 1965ൽ കോർപറേഷനാക്കിയതു മുതലാണ് ശനിദശ തുടങ്ങിയത്. ഇതിനുത്തരവാദി തൊഴിലാളികളല്ല. മറിച്ച്, മാറിമാറി വന്ന സർക്കാരുകളാണ്. ദീർഘവീക്ഷണമില്ലാതെ നഗരങ്ങളിലെ പ്രധാനസ്ഥാനങ്ങളിൽ വായ്പയെടുത്ത് പണിതിടുന്ന കെട്ടിടങ്ങളിൽ എത്രയെണ്ണമാണ് ആർക്കും വേണ്ടാതെ അനാഥമായി കിടക്കുന്നത്? ഇപ്രകാരം ഒഴിഞ്ഞുകിടക്കുന്ന മുറികൾ, വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് കൊടുത്താൽ നഷ്ടം ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.
കെസ്ആർടിസിയിൽ പെൻഷൻ ആകുന്നത് മഹാ അപരാധമായിട്ടാണ് മാനേജ്മെന്റ് കാണുന്നത്. അയൽസംസ്ഥാനങ്ങളിലെ ഏഴു സർക്കാരുകൾ അവരുടെ ട്രാൻസ്പോർട്ട് കോർപറേഷനുകൾ ഏറ്റെടുത്ത് വകുപ്പുകളാക്കി ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി കൊടുത്തുകൊണ്ടിരിക്കുകയാണ്.
2015ൽ പെൻഷൻകാർ സമരം ചെയ്ത അവസരത്തിൽ സമരപ്പന്തലിൽ വന്ന പിണറായി വിജയൻ, എൽഡിഎഫ് അധികാരത്തിൽ വന്നാൽ ട്രാൻസ്പോർട്ട് പെൻഷൻ സർക്കാർ ഏറ്റെടുത്ത് കൃത്യമായി വിതരണം ചെയ്യുമെന്ന് പ്രസംഗിച്ചതാണ്. അധികാരത്തിൽ വന്ന് എട്ടുവർഷമായിട്ടും വാക്കു പാലിക്കാത്തതുകൊണ്ട് ചോദിച്ചു പോകുകയാണ്, “ഒന്നും മിണ്ടാത്തതെന്താണു തത്തേ!”
1.25 ലക്ഷം കോടിയാണ് സ്ഥാപനത്തിന്റെ ആസ്തി എന്നാണറിയുന്നത്. കെഎസ്ആർടിസി സംസ്ഥാനത്തിന്റെ വകയാണ്. അതുകൊണ്ടാണല്ലോ വണ്ടി ഓടിക്കിട്ടുന്ന വരുമാനം ട്രഷറിയിൽ അടയ്ക്കുന്നത്. തന്നെയുമല്ല സർക്കാർ പറയുന്ന എല്ലാ സൗജന്യങ്ങളും ജനങ്ങൾക്കു കൊടുക്കുന്നതും സർക്കാർ വകയായതുകൊണ്ടല്ലേ?
എല്ലാ വ്യവസായ സ്ഥാപനങ്ങളിലും യഥാസമയം ഓഡിറ്റ് ചെയ്യുന്നുണ്ട്. കെഎസ്ആർടിസിയിൽ ഇന്നേവരെ ഓഡിറ്റ് നടന്നിട്ടുണ്ടോ? ഓഡിറ്റ് ചെയ്തെങ്കിലല്ലേ സ്ഥാപനത്തിന്റെ ലാഭനഷ്ടം അറിയാൻ കഴിയുകയുള്ളൂ. അതില്ലാതെ എന്തടിസ്ഥാനത്തിലാണ് നഷ്ടം എന്നു പറയുന്നത്. കുത്തഴിഞ്ഞ പുസ്തകം പോലെ കിടന്നാലല്ലേ കൈയിട്ടു വാരാൻ കഴിയുകയുള്ളൂ.
ധനമന്ത്രിയോടു ചോദിക്കട്ടെ... കെഎസ്ആർടിസി മാത്രമേ കേരളത്തിൽ നഷ്ടത്തിലുള്ളോ? സർക്കാർ ലാഭത്തിലാണോ? സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമൊക്കെ കൊടുക്കുന്നതിനുവേണ്ടി മാസംതോറും സർക്കാർ കടമെടുക്കുന്ന തുക എത്രയാണ്? പിന്നെന്താണ് സർക്കാർ സ്ഥാപനമായ കെഎസ്ആർടിസിയോടു മാത്രം വിവേചനം കാണിക്കുന്നത്? കെഎസ്ആർടിസിയെപ്പോലെ കോടിക്കണക്കിനു രൂപ ദിവസേന സർക്കാരിനു തരുന്ന ഏതു സ്ഥാപനമാണ് ഇന്നു കേരളത്തിലുള്ളത്. എന്നിട്ടും നഷ്ടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയല്ലേ?
ശമ്പളവർധന നടത്തുമ്പോൾ എല്ലാ വകുപ്പുകളിലും ആനുപാതികമായി പെൻഷൻ വർധനയും ഡിഎയും കൊടുക്കുന്നുണ്ട്. കെഎസ്ആർടിസിയിലെ പെൻഷൻകാർക്ക് 13 വർഷമായി ഒരു രൂപ പോലും വർധനയില്ല. ഞങ്ങളും മനുഷ്യരല്ലേ? ട്രാൻസ്പോർട്ട് പെൻഷൻകാർ പെൻഷൻ വർധനയും മറ്റ് ആനുകൂല്യങ്ങളും മറ്റുളളവരെപ്പോലെ കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ സെക്രട്ടേറിയറ്റിലും ഡിപ്പോകളിലും അനിശ്ചിതകാല സമരത്തിലാണ്.
കെ.ജി. രവീന്ദ്രൻ, വൈക്കം (റിട്ട. കെഎസ്ആർടിസി ഇൻസ്പെക്ടർ)