അക്ഷരനഗരിയിൽ റാഗിംഗിന്റെ പേരിൽ സമാനതകളില്ലാത്ത അതിക്രൂരതയുടെ ഇരകളായ നിസഹായരായ ആ സഹോദരങ്ങളോട് എന്തു സമാശ്വാസ വാക്കുകളാണു പറയേണ്ടത്? ജീവന്റെ കാവൽക്കാരായി നാളെ ആശുപത്രികളിൽ ആശ്വാസമാകേണ്ടവർ കാണിച്ചുകൂട്ടിയ മനുഷ്യത്വരഹിതമായ പേക്കൂത്തുകൾ കണ്ട് ലോകം അമ്പരന്നുനിൽക്കുകയാണ്.
വയനാട് വെറ്ററിനറി ആശുപത്രിയിലെ ഇടിമുറിക്കുള്ളിൽ മൂന്നുദിവസം പൂട്ടിയിട്ട് നിരന്തരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സിദ്ധാർഥന് എന്ന യുവാവിന്റെ നിസഹായവും ദയനീയവുമായ കരച്ചിൽ നമ്മുടെ ചെവികളിൽ ഇപ്പോഴുമുണ്ട്. ആ മരണത്തിന്റെ ഉത്തരവാദികൾ ഇന്നും സുരക്ഷിതരായി നാട്ടിൽ തലയുയർത്തി നടക്കുന്നു എന്നത് ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയല്ലേ കാണിക്കുന്നത്?
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥികൾ, സീനിയർമാരായ അഞ്ചു കാട്ടാളന്മാരുടെ ക്രൂരവിനോദത്തിനിരയായത് മൂന്നു മാസത്തോളമാണ്. സാധാരണ കുടുംബത്തിൽനിന്നു വന്നവരായതുകൊണ്ടും ഒരു ജോലിയെന്ന സ്വപ്നം ഉള്ളതുകൊണ്ടുമല്ലേ ആ പാവങ്ങൾ ഈ ക്രൂരതകളൊക്കെ ഇത്രത്തോളം സഹിച്ചത്? കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന ഈ കുഞ്ഞുങ്ങളുടെ പീഡനകഥ അധികൃതർ അറിഞ്ഞില്ലെന്ന കൈകഴുകൽ പീലാത്തോസിന്റെ നടപടിയേക്കാൾ ഭീകരമാണ്.
പതിവുപോലെ എല്ലാമൊന്ന് കെട്ടടങ്ങി അന്തരീക്ഷം ശാന്തമാകുമ്പോൾ കുട്ടിസഖാക്കളുടെയും ഭരണവർഗത്തിന്റെയും തണലിൽ ഇതേ പ്രതികൾ, ഇതേ കാമ്പസിൽ പഠനത്തിനെത്തും എന്നതിൽ സംശയം വേണ്ട. ജയിലുകളിൽനിന്നു ജാമ്യത്തിലിറങ്ങുന്ന ക്രിമിനലുകളെ മുദ്രാവാക്യം മുഴക്കി, പൂമാലയിട്ട് സ്വീകരിച്ചാനയിക്കുന്ന നേതൃത്വത്തിന് ഇതൊക്കെ വളരെ ലളിതമായ കാര്യങ്ങൾ! അല്ലയോ സഖാക്കളേ, ഒന്നോർമിച്ചോളൂ… നെഞ്ചുരുകുന്ന, ഉള്ളു പിടയുന്ന അമ്മമാരുടെ ശാപം ഏറ്റുവാങ്ങാൻ ഇനിയും ജന്മം ബാക്കിയുണ്ടല്ലോ, അതു മറക്കേണ്ട!
പീഡനത്തിനിരയാകേണ്ടിവന്ന യുവാവിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന അത്യന്തം മനുഷ്യത്വരഹിതമായ ആ വീഡിയോ എത്രയും വേഗം സമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിക്കേണ്ടതുണ്ട്. അതിനുള്ള നടപടികളെങ്കിലും അധികൃതർ സ്വീകരിക്കുക.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപണിയായി കേരളം മാറുന്നതും, അതിന്റെയൊക്കെ വിതരണക്കാരായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും, സുബോധമില്ലാത്ത യുവതലമുറ ബീച്ചുകളിലും പാർക്കുകളിലും സ്വതന്ത്രമായി വിഹരിക്കുന്നതും നിത്യസംഭവമായി കേരളത്തിൽ. നമ്മുടെ നാടിന്റെ സാംസ്കാരിക ബോധത്തെത്തന്നെ ഇരുട്ടിലാഴ്ത്തുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് നിയമപാലകർക്കു മാത്രമല്ല, മാതാപിതാക്കൾക്കും വലിയ പങ്കുണ്ട്. സ്വാതന്ത്ര്യത്തിന്റെ പേരിൽ സദാചാരബോധംപോലും മറന്ന് ലക്കില്ലാതെ പെരുമാറുന്നത് വലിയ അപകടമാണ്.
ഇവിടുത്തെ നിയമസംവിധാനം വഹിക്കുന്നവർക്കു തങ്ങളുടെ ഉത്തരവാദിത്വം സത്യസന്ധമായി നിറവേറ്റാനുള്ള സ്വാതന്ത്ര്യം ഭരണകൂടം അനുവദിക്കണം. ക്രിമിനലുകളായി സമൂഹത്തിൽ വിലസുന്നവർ അധികാരികളുടെ സ്വാധീനം കൊണ്ട് വീണ്ടും നേതാക്കളായി വരുന്നതിന് എന്നേക്കുമായി തടയിടുക. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ചരിത്രം നിങ്ങൾക്കു മാപ്പു തരില്ല.
സിസ്റ്റർ ആൻസി പോൾ എസ്എച്ച്