ജയ്റ്റ്ലി: വക്കീൽ രാഷ്ട്രീയത്തിന്‍റെ വക്താവ്
Saturday, August 24, 2019 1:54 PM IST
അരുണ്‍ ജയ്റ്റ്ലി സ്വയം പിൻവാങ്ങാതിരുന്നെങ്കിൽ നരേന്ദ്ര മോദി വിളന്പുന്ന കാലത്തോളം നടുമുറി തന്നെ കിട്ടി ബോധിക്കുമായിരുന്ന കേന്ദ്രമന്ത്രിയായിരുന്നു അദ്ദേഹം. ബിജെപി എന്നാൽ, രണ്ടര ആളുകളുടെ മാത്രം പാർട്ടിയാണ്. നരേന്ദ്ര മോദിയും അമിത്ഷായും എന്ന രണ്ടാളുകൾ കഴിഞ്ഞാൽ ആ അര ആൾ അരുണ്‍ ജയ്റ്റ്ലി ആണെന്നാണ് ഒരിക്കൽ അരുണ്‍ ഷൂരി വിശേഷിപ്പിച്ചത്.

രാജ്യത്ത് തന്നെ മറ്റേതൊരു ബിജെപിക്കാരനെയും പോലെ ആയിരുന്നില്ല ഭാരതീയ ജനത പാർട്ടി നേതാവും ധനമന്ത്രിയും ആയിരുന്ന അരുണ്‍ ജയ്റ്റ്ലി. കൈവിട്ട് പോയ ഒരു വിദ്വേഷ വാക്ക് വിവാദമായി ഒരിക്കൽ പോലും തിരിഞ്ഞു കൊത്താനിട വന്നിട്ടില്ലാത്ത സമകാലിക ബിജെപി നേതാക്കളിൽ അപൂർവം ഒരാളായിരിക്കും അരുണ്‍ ജയ്റ്റ്ലി.

എന്നാൽ, അനിവാര്യ ഘട്ടങ്ങളിലെല്ലാം തന്നെ പാർട്ടി പ്രതിരോധത്തിലാകുന്ന വേളയിലൊക്കെ ചാടിയിറങ്ങിയിട്ടുമുണ്ട് ജയ്റ്റ്ലി. ബിജെപിയുടെ അഭിഭാഷകനായിരുന്നു എന്നു തന്നെ പറയാം അങ്ങനെയൊരു കർമവൃത്തി കൂടി ജീവിതത്തിൽ എടുത്തിട്ടുള്ള ജയിറ്റ്ലിയെക്കുറിച്ച്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു അഭിഭാഷകന്‍റെ റോളിൽ തന്നെയാണ് ജയ്റ്റ്ലി തന്‍റെ രാഷ്ട്രീയ പ്രവർത്തനവും മുന്നോട്ടു നീക്കിയത്.

ജീവിതത്തിൽ ഏറ്റവും മികച്ചതെല്ലാം തനിക്കു വേണമെന്നൊരു വാശികൂടിയുണ്ടായിരുന്നു ജയ്റ്റ്ലിയുടെ വ്യക്തിജീവിതത്തിന്. ഒഴിവാക്കാനാകാത്ത "ല്യൂട്ടൻസ് മാൻ' എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ജയിറ്റ്ലിയുടെ സ്റ്റൈൽ തന്നെ ഒന്നു വേറെയായിരുന്നു. മാന്യൻമാരുടെ കുപ്പായം എന്ന് പേര് കേട്ട ലണ്ടനിൽ നിന്നുള്ള ജെർമിൻ സ്ട്രീറ്റ് ഷർട്ടുകളുടെ ആരാധകനായിരുന്ന ജയ്റ്റ്ലി. അതീവ വിശേഷമായ സവിയൽ റോ സ്യൂട്ടുകളുടെയും ജാമവാർ ഷോളുകളുടെയും ഒരു വന്പൻ ശേഖരം തന്നെ ജയിറ്റ്ലിക്കുണ്ടായിരുന്നു.

ഇതിനൊക്കെ പുറമേ വാച്ചുകളുടെയും ഡയമണ്ടുകളുടെയും വൻ ശേഖരവും. ബിഎംഡബ്യൂവും സ്പോർട്സ് കാറുകളും ഉൾപ്പടെ ഒരു വാഹന വ്യൂഹം തന്നെ സ്വന്തമായി ഉണ്ടായിരുന്നിട്ടും ജയിറ്റ്ലിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു എന്നത് ഏറ്റവും രസകരമായ ഒരു വസ്തുതയാണ്.

ഇതിനേക്കാൾ രസകരമായിരുന്നു ജയ്റ്റ്ലിക്ക് ഡൽഹിയിലെ തട്ടുകടകളോടുള്ള പ്രിയം. ഒരിക്കൽ തന്നെ അഭിമുഖം ചെയ്യാൻ വന്ന ഒരു മുതിർന്ന സാന്പത്തിക കാര്യ ലേഖകനെ പഹാഡ്ഗഞ്ചിലെ തട്ടുകടയിൽ നിന്നു വരുത്തിച്ച ബട്ടൂരയും ചോലയും കൊടുത്ത് ഒപ്പമിരുന്നു കഴിച്ചുമാണ് ജയ്റ്റ്ലി സത്കരിച്ചത്. ആ അഭിമുഖത്തിൽ ഒട്ടും കുറച്ചല്ലാത്ത സമയത്തിനുള്ളിൽ തന്‍റെ തട്ടുകട ഭക്ഷണപ്രിയത്തെക്കുറിച്ചും ജയ്റ്റ്ലി പറയുന്നുണ്ടായിരുന്നു.

ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കിടയിൽ ബ്യൂറോ ചീഫ് എന്നൊരു വിളിപ്പേര് കൂടിയുണ്ടായിരുന്നു ജയ്റ്റ്ലിക്ക്. മാധ്യമപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജയ്റ്റ്ലി തലസ്ഥാനത്തെ ഒട്ടുമിക്ക മാധ്യമ ഉടമകളുടെ കേസുകൾക്ക് വേണ്ടിയും അഭിഭാഷകനായി കോടതി കയറിയിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ മാധ്യമ ബന്ധത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി ഒരിക്കൽ പറഞ്ഞത് അരുണ്‍ജിക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ലെന്നാണ്.

• സ്വയം പിൻമാറ്റം

രണ്ടു വർഷം മുൻപാണ്, 2017 നവംബറിൽ. ഗുവാഹത്തിയിൽ ജിഎസ്ടി കൗണ്‍സിലിന്‍റെ 23-ാമത് യോഗം നടക്കുന്നു. ബിജെപി-കോണ്‍ഗ്രസ് പ്രതിനിധികൾ നമ്മിൽ യോഗത്തിന് മുൻപേ തന്നെ കടുത്ത വാക്പയറ്റു നടക്കുകയാണ്. പല കാര്യങ്ങളിലും സമയവായത്തിലെത്തേണ്ട യോഗം അലന്പി പിരിയുമെന്നതിന്‍റെ വക്കിലെത്തി.

അപ്പോഴാണ് ജിഎസ്ടി കൗണ്‍സിലിന്‍റെ ചെയർമാൻ കൂടിയായ അന്നത്തെ ധനമന്ത്രി അരുണ്‍ ജയിറ്റ്ലി ഇടപെടുന്നത്. രാഷ്ട്രീയം പുറത്ത് നല്ലതാണ്, പക്ഷേ, ഇതിനകത്ത് വേണ്ട എന്നൊരു വാചകത്തെ ഒരു റഫറിയുടെ വിസിലടി പോലെയാക്കി അതുവരെ ഉണ്ടായിരുന്ന അലന്പിനെ അടക്കിയിരുത്തി അദ്ദേഹം.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി നടപ്പിലാക്കിയ എല്ലാവിധ സാന്പത്തിക നടപടികളുടെയും ചുക്കാൻ അരുണ്‍ ജയ്റ്റ്ലി എന്ന അഭിഭാഷകനായ ധനമന്ത്രിയുടെ കൈയിലായിരുന്നു. നോട്ട് നിരോധനം മുതൽ ജിഎസ്ടി നടപ്പാക്കിയതുൾപ്പടെ മോദി സർക്കാരിന്‍റെ നിർണായക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്പോൾ എന്തുകൊണ്ട് എന്ന വിശദീകരണവുമായി ജയ്റ്റ്ലി മുന്നിലുണ്ടായിരുന്നു.

മോദി സർക്കാർ രണ്ടാം തവണ അധികാരത്തിലേറുന്നതിന്‍റെ തലേദിവസം ഇത്തവണ തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് അഭ്യർഥിച്ച് കൊണ്ടാണ് ജയ്റ്റ്ലി വാർത്തകളിൽ നിറഞ്ഞത്. ഇനിയൊരങ്കത്തിനില്ല എന്ന് മോദിയെ നേരത്തെ തന്നെ നേരിട്ടറിയിച്ചിരുന്നു എന്നും കത്ത് ഔപചാരിക അറിയാപ്പാണെന്നും ജയ്റ്റ്ലി തന്നെ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റ്റ്ലിയുടെ പിൻമാറ്റം.

• സമവായത്തിന്‍റെ റഫറി

ഒന്നാം മോദി സർക്കാരിന്‍റെ കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷത്തിന്‍റെ മേൽക്കൈ മറികടക്കാൻ മുൻനിരയിൽ നിന്നത് ബിജെപിയുടെ സഭാകക്ഷി നേതാവ് കൂടിയായിരുന്ന ജയ്റ്റ്ലി ആയിരുന്നു. സർക്കാർ പ്രതിരോധത്തിലാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ മിടുക്കനായ അഭിഭാഷകന്‍റെ റോളിൽ ജയ്റ്റ്ലി കൃത്യമായി ഇടപെടും. ഒരുവേള വിഷയം തന്നെ വഴിതിരിച്ചു വിടുകയും ചെയ്യും.

ജിഎസ്ടി പാസാക്കിയെടുക്കുന്ന വേളയിലും ജയ്റ്റ്ലിയിൽ കാണാൻ കഴിഞ്ഞത് പതിവ് ബിജെപി മന്ത്രിമാരുടെ വീറിനപ്പുറം ഒരു അനുരജ്ന നയചാതുരിയാണ്. ഇക്കാര്യത്തിൽ മുൻ ധനമന്ത്രിമാരായിരുന്ന പ്രണബ് മുഖർജിക്കും പി. ചിദംബരത്തിനും ഉണ്ടാക്കിയെടുക്കാൻ കഴിയാതിരുന്ന സമയവായം ജയ്റ്റ്ലി അനായാസം ഉണ്ടാക്കിയെടുത്തു എന്നു തന്നെ പറയാം.

ജിഎസ്ടി കൗണ്‍സിൽ അംഗവും പഞ്ചാബ് ധനമന്ത്രിയുമായ മൻപ്രീത് ബാദൽ തന്നെ ജയ്റ്റ്ലിയെ വിശേഷിപ്പിച്ചത് യഥാർഥ ജനാധിപത്യവാദി എന്നാണ്. പറയുന്നത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടിയാണെന്നോർമിക്കണം. ബിജെപിക്ക് അപ്രമാദിത്യമുള്ള ജിഎസ്ടി കൗണ്‍സിലിൽ തീരുമാനങ്ങൾ എല്ലായ്പ്പോഴും സമവായത്തിലൂടെ രൂപീകരിച്ചെടുക്കാൻ ജയ്റ്റ്ലി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിൽ ജയ്റ്റ്ലി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന ആളാണെന്ന് വിശേഷിപ്പിച്ചത് കേരളത്തിന്‍റെ ധനമന്ത്രിയായ തോമസ് ഐസക്കാണ്. കൃത്യമായ സമയത്ത് ഇടപെടുന്നതിലാണ് ജയ്റ്റ്ലിയുടെ മിടുക്കെന്നാണ് ജമ്മു കാഷ്മീർ ധനമന്ത്രിയായിരുന്ന ഹസീബ് ദ്രാബു പറഞ്ഞിട്ടുള്ളത്.

എന്നാൽ, മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന പൃഥ്വിരാജ് ചവാൻ ജയ്റ്റ്ലിയെ നേരിട്ടു തന്നെ വിമർശിക്കുന്നു. രാജ്യത്തെ ബാങ്കിംഗ് മേഖലയെ നവീകരിക്കുന്നതിൽ ജയ്റ്റ്ലി എന്ന ധനമന്ത്രി വൻ പരാജയമായിരുന്നു. തൊഴിലില്ലായ്മയും കർഷക ദുരിതങ്ങളും പരിഹരിക്കാൻ ജയ്റ്റ്ലി ഒന്നും തന്നെ ചെയ്തില്ലെന്നാണ് ചവാൻ ചൂണ്ടിക്കാട്ടിയിരുന്നത്.

ഒരുപാട് മൃദുലതകളുള്ള ഒരു നേതാവെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ഓർമിക്കുന്നത്. സാന്പത്തിക വകുപ്പിൽ മുൻ സെക്രട്ടറിയായിരുന്ന റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ഉദ്യോഗസ്ഥർക്ക് ഏറെ പ്രധാന്യം കൊടുക്കുന്ന മന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നത്.

പാർലമെന്‍റ് സമ്മേളനം നടക്കുന്ന സമയങ്ങളിൽ സഭയ്ക്കകത്ത് സാന്പത്തിക കാര്യങ്ങളിലടക്കം സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കളും മറ്റും സഭ പിരിയുന്ന നേരം ജയ്റ്റ്ലിയുടെ മുറിയിൽ ചിരിച്ചിരുന്നു ചായ കുടിച്ചു വർത്തമാനം പറയുന്നതും പതിവ് കാഴ്ചയായിരുന്നു.

• വിദ്യാർഥിയായി വരവ്

1974-ൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ജയ്റ്റ്ലിയുടെ രാഷ്ട്രീയ പ്രവേശനം. ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപി സ്ഥാനാർഥിയായി ഡൽഹി സർവകലാശാലയിൽ ആയിരുന്നു അരങ്ങേറ്റം.

ഒരു വർഷത്തിന് ശേഷം അടിയന്താരാവസ്ഥയ്ക്കെതിരേ നടന്ന വിദ്യാർഥി മുന്നേറ്റത്തിന്‍റെ മുൻനിരയിലെത്തി. അതിന്‍റെ ഫലമായി 19 മാസം കാരാഗൃഹവാസം. 1980-ൽ ബിജെപിയിൽ ചേർന്നു. പിന്നെയും 11 വർഷം കഴിഞ്ഞാണ് ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമാകുന്നത്. 1990 ആയപ്പോഴേക്കും ഒരു ബിജെപി നേതാവ് എന്ന നിലയിൽ ജയ്റ്റ്ലി മാധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമായി.

ഒരുകാലത്ത് ഒരേസമയം ബിജെപി നേതാവ് എൽ.കെ അഡ്വാനിയുടെയും കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെയും ജെഡിയു നേതാവ് ശരദ് യാദവിന്‍റെയും അഭിഭാഷകനായിരുന്നു ജയ്റ്റ്ലി. അവിടെ നിന്നാണ് ആദ്യം എ.ബി. വാജ്പേയുടെ ആളായും പിന്നെ അഡ്വാനിയുടെ ആളായും ഒടുവിൽ മോദിയുടെ സ്വന്തം ആളായും ജയ്റ്റ്ലി വളർന്നു കയറിയത്. പ്രതിരോധവും ധനവകുപ്പും ഏറെക്കാലം ഒരുമിച്ചു കൈകാര്യം ചെയ്ത മിടുക്കും ജയ്റ്റ്ലിക്ക് തന്നെ സ്വന്തം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.