ഡൽഹിയിൽ മലയാളി വനിതാ ഡോക്ടറെ മോഷ്ടാക്കൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
Saturday, April 20, 2019 6:27 PM IST
ന്യൂഡൽഹി: മലയാളി വനിതാ ഡോക്ടറെ ഡൽഹിയിൽ വച്ച് മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ പട്ടിക്കാട് സ്വദേശിനിയായ തുളസിയാണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായി ട്രെയിനിന്‍റെ വാതിൽക്കൽ നിൽക്കുന്പോഴാണ് സംഭവം. മോഷ്ടാക്കൾ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ തുളസി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

കീരൻകുള്ളങ്ങര വാരിയത്ത് പത്മിനി വാര്യസ്യാരുയുടെയു ശേഖരവാര്യരുടെയും മകളായ തുളസി മകൾ കാർത്തിക താമസിക്കുന്ന ദുർഗാവിലേക്ക് ഭർത്താവുമൊത്ത് പോയതാണ്. മകളുടെ വീട്ടിൽ നിന്ന് ഹരിദ്വാർ ക്ഷേത്രദർശനം കഴിഞ്ഞ് ട്രെയിനിൽ മടങ്ങിവരുന്പോഴായിരുന്നു സംഭവം.

ട്രെയിനിൽ തുളസിക്കൊപ്പം ഭർത്താവ് രുദ്രകുമാറും മറ്റൊരു മകളായ കാർത്തികയും ഭർത്താവ് പ്രശോഭും മാതാപിതാക്കളുമുണ്ടായിരുന്നു. ഇവരെല്ലാം സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു. തുളസി വാതിലിനോട് ചേർന്നുള്ള സീറ്റിലായിരുന്നു ഇരുന്നത്. ബഹളം കേട്ട് ഭർത്താവും ഒപ്പമുണ്ടായിരുന്നവരും എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കൾ ബാഗുമായി കടന്നുകളഞ്ഞു.

റെയിൽവേ പോലീസ് എത്തി മേൽനടപടികൾ ആരംഭിച്ചു. മൃതദേഹം അർധരാത്രിയോടെ പട്ടിക്കാട്ടെ വീട്ടിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. മക്കൾ: ഹാരീഷ്മ, കാർത്തിക. മരുമക്കൾ: അലക്സ്, പ്രശോഭ്.

30 വർഷമായി പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ തറവാട് വീടിനോട് ചേർന്ന് ക്ലീനിക്ക് നടത്തിവരികയായിരുന്നു തുളസി. പ്രദേശവാസികൾക്ക് സേവനം പോലെയായിരുന്നു ഡോക്ടറുടെ പ്രവർത്തനം. തുച്ഛമായ ഫീസ് മാത്രം വാങ്ങി ജനകീയ ഡോക്ടർ എന്ന പേര് തുളസി നേടിയിരുന്നു. ഏവരുടെയും പ്രിയങ്കരിയായ തുളസി ഡോക്ടറുടെ മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.