രവിനടനം @50
Saturday, October 18, 2025 11:04 AM IST
പ്രശസ്ത സിനിമാതാരം ടി.ജി. രവിയുടെ സിനിമാജിവിതത്തിന്റെ അമ്പതാംവർഷം ആഘോഷിക്കാനൊരുങ്ങി ജന്മനാട്. നടത്തറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുമോദനസദസ് ‘രവിനടനം 50’ ഇന്നും നാളെയും പൂച്ചട്ടി എകെഎംഎച്ച് സ്കൂൾഗ്രൗണ്ടിൽ നടക്കും.
വൈകുന്നേരം നാലിനു മൂർക്കനിക്കര സെന്ററിൽനിന്നു ഘോഷയാത്ര ആരംഭിക്കും. 5.30ന് ആരംഭിക്കുന്ന അനുമോദന സദസ് സാംസ്കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും.
മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, സിനിമാതാരങ്ങളായ വിജയരാഘവൻ, ഉർവശി, ബിജു മേനോൻ, ഇന്ദ്രൻസ്, ജോജു ജോർജ്, സംവിധായകൻ കമൽ, മേളപ്രമാണി പെരുവനം കുട്ടൻമാരാർ, സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഫുട്ബോൾതാരം ഐ.എം. വിജയൻ, ബി.കെ. ഹരിനാരായണൻ, ഇർഷാദ് അലി, സാദിഖ് തുടങ്ങിയ താരനിര പങ്കെടുക്കും. രാത്രി എട്ടിനു സിത്താര കൃഷ്ണകുമാർ നയിക്കുന്ന സംഗീതനിശ.
നാളെ വൈകുന്നേരം പഞ്ചായത്തിലെ വീരനാട്യസംഘങ്ങളുടെ മത്സരം നടക്കും. ആറിന് നാടകരാവ്, നാടക പ്രവർത്തകരുടെ സംഗമം, ആദരം എന്നിവ നടക്കും. രാത്രി എട്ടിന് തൃശൂർ സദ്ഗമയയുടെ ഉത്തിഷ്ഠത ജാഗ്രത സൈറൺ നാടകം അരങ്ങേറും.
സിനിമാസംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയനന്ദനൻ, അമ്പിളി, സിനിമാതാരം അപർണ ബാലമുരളി എന്നിവർ സംസാരിക്കും. സംഘാടകസമിതി ചെയർമാൻ മന്ത്രി കെ. രാജൻ, കൺവീനർ ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.