ഗുഡ് ബാഡ് അഗ്ലിക്ക് ലാഭവും കിട്ടിയില്ല, നഷ്ടവുമായില്ല; അജിത്ത് ചിത്രത്തെക്കുറിച്ച് നിർമാതാക്കൾ
Saturday, October 18, 2025 3:19 PM IST
അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി തങ്ങളെ സംബന്ധിച്ച് വലിയ ലാഭമായിരുന്നില്ലെന്ന് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്. ലാഭം ലഭിച്ചില്ലെങ്കിലും ചിത്രം നഷ്ടമായിരുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
'സിനിമയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അജിത് കുമാറിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി അത് മാറി. ഞങ്ങള്‍ വലിയ ലാഭം കിട്ടിയില്ലെങ്കിലും നഷ്ടമൊന്നുമില്ല. തമിഴിലേക്ക് ഞങ്ങള്‍ക്ക് ശക്തമായ എന്‍ട്രി ലഭിച്ചു. ഭാവിയില്‍ അജിത്തുമായി വീണ്ടും സഹകരിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്' എന്നായിരുന്നു നിര്‍മാതാക്കളുടെ പ്രതികരണം.
ഗുഡ് ബാഡ് അഗ്ലിയില്‍ ഇളയരാജയുടെ പാട്ടുകള്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ തര്‍ക്കങ്ങളിലും നിര്‍മാതാക്കള്‍ പ്രതികരിച്ചു.
ഒരു പാട്ടിന് ഏകദേശം 15 മുതല്‍ 20 ലക്ഷംവരെ രൂപ നല്കി സോണി മ്യൂസിക്കില്നിന്നാണ് ഞങ്ങള്‍ പാട്ടുകളുടെ അവകാശം വാങ്ങിയത്. തര്‍ക്കം ഇളയരാജയും സോണി മ്യൂസിക്കും തമ്മിലാണ്. ഗാനങ്ങള്‍ താത്കാലികമായി മാറ്റിയിട്ടുണ്ട്.
അന്തിമവിധി ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ കൈയില്‍ നിയമപരമായ എല്ലാ രേഖകളുമുണ്ട്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. കേസ് നിലവിലിരിക്കെ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ല'. അവര്‍ വ്യക്തമാക്കി.