അൽകരാസ്, ജോക്കോ
Monday, July 7, 2025 11:29 PM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് ക്വാര്‍ട്ടറില്‍. റഷ്യയുടെ ആന്ദ്രേ റുബ്ലെവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് അല്‍കരാസ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു സ്പാനിഷ് താരത്തിന്റെ തിരിച്ചുവരവെന്നതും ശ്രദ്ധേയം. സ്കോര്‍: 6-7 (5-7), 6-3, 6-4, 6-4. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയാണ് അല്‍കരാസിന്റെ എതിരാളി.
സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചെത്തിയ ജോക്കോവിച്ച് 1-6, 6-4, 6-4, 6-4ന് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ പ്രീക്വാർട്ടറിൽ കീഴടക്കി. വിംബിൾഡണിൽ ജോക്കോവിച്ചിന്റെ 101-ാം ജയമാണ്.
22-ാം സീഡായ ഇറ്റലിയുടെ ഫ്ളാവിയോ കോബോളിയും ക്വാര്‍ട്ടറില്‍ ഇടംനേടി. ക്രൊയേഷ്യയുടെ മാരിന് സിലിച്ചിനെ കീഴടക്കിയാണ് കോബോളിയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 6-4, 6-4, 6-7 (4-7), 7-6 (7-3).
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക, 13-ാം സീഡ് അമേരിക്കയുടെ അമന്‍ഡ അനിസിമോവ, സീഡില്ലാത്ത താരങ്ങളായ ജര്‍മനിയുടെ ലോറ സീഗെമുണ്ട്, സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്സിക് തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍ എത്തി.
ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സിനെ കീഴടക്കിയാണ് സബലെങ്ക അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-4, 7-6 (7-4).