ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്‍
Tuesday, July 1, 2025 2:43 AM IST
ബിര്‍മിംഗ്ഹാം: ശുഭ്മാന്‍ ഗില്ലിന്റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റ പരമ്പരയിലെ രണ്ടാം പോരാട്ടത്തിനു നാളെ ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ തുടക്കം. ടീം ഇന്ത്യക്കു ടെസ്റ്റില്‍ ഇതുവരെ ഒരു എഡ്ജും ഇല്ലാത്ത മൈതാനമാണ് എജ്ബാസ്റ്റണ്‍ എന്നതാണ് ചരിത്രം.
ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റില്‍ കൈവിട്ടകളിയിലൂടെ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണോ ഇന്ത്യയെ കാത്തിരിക്കുന്നത്. അതോ, ഒരു തിരിച്ചുവരവ് ശുഭ്മാന്‍ ഗില്ലും സംഘവും നടത്തുമോ...?
ബിര്‍മിംഗ്ഹാമില്‍ ഡക്കാണ്
എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ തുടര്‍ തോല്‍വിക്ക് ഇത്തവണയെങ്കിലും ടീം ഇന്ത്യക്കു വിരാമമിടാന്‍ സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. 1986ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി, ഇംഗ്ലണ്ടിനെതിരേ സമനില നേടിയതാണ് ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ടെസ്റ്റ് ചരിത്രം. അന്നു ജൂലൈ മൂന്നിനായിരുന്നു മത്സരം ആരംഭിച്ചത്. ഇത്തവണ ജൂലൈ രണ്ടിനാണെന്നു മാത്രം.
എജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച എട്ട് ടെസ്റ്റില്‍ ഇന്ത്യ ഏഴിലും പരാജയപ്പെട്ടു. കഴിഞ്ഞ 58 വര്‍ഷമായി ജയമില്ലാത്ത എജ്ബാസ്റ്റണില്‍ ഇന്ത്യക്കു കന്നി ജയം നേടാന്‍ സാധിച്ചാല്‍ അത് ചരിത്രം. 1967, 1979, 1996, 2011, 2018, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ എജ്ബാസ്റ്റണ്‍ തോല്‍വികള്‍.
ബുംറ ഉണ്ടാകും, പക്ഷേ...
ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ നാളെ കളിക്കാന്‍ സാധ്യത ഇല്ലെന്നതാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി. ഇന്നലെ ടീം പരിശീലനത്തില്‍ ബുംറ പങ്കെടുത്തിരുന്നു. എന്നാല്‍, പ്ലേയിംഗ് ഇലവനില്‍ ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്കാന് ടീം മാനേജ്മെന്റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെയുടെ വാക്കുകള്‍ ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില്‍ ബുംറ ഉണ്ടാകും. എന്നാല്‍, മത്സരം കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
നിതീഷ് കളിക്കും
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്സില്‍ പേസ് ഓള് റൗണ്ടര്‍ സ്ഥാനത്ത് ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുക.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിതീഷ്് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടിയിരുന്നു. ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്‍റൗണ്ടര്‍. ചുരുക്കത്തില്‍ നാളെ ടീമില്‍ ചില മാറ്റങ്ങളുമായി ആയിരിക്കും ടീം ഇന്ത്യ ഇറങ്ങുക.
ജയ്സ്വാളിനെ പുറത്താക്കി!
ലീഡ്സ് ടെസ്റ്റില്‍ നാല് ക്യാച്ച് നഷ്ടപ്പെടുത്തി, തോല്‍വിയുടെ മുഖ്യകാരണക്കാരനായ യുവ ഓപ്പണര്‍ യശസ്വി ജയ്്സ്വാളിനെ സ്ലിപ്പ് ഫീല്‍ഡില്‍നിന്ന് പുറത്താക്കി ഇന്ത്യന്‍ ടീം മാനേജ്മെന്റ്.
ടീം ഇന്ത്യ ഇന്നലെ നടത്തിയ ഫീല്‍ഡിംഗ് പരിശീലനത്തില്‍ ജയ്സ്വാളിനെ സ്ലിപ്പിന്റെ പരിസരത്തെങ്ങും ഉപയോഗിച്ചില്ല. സ്ലിപ്പ് ക്യാച്ചിംഗ് പരിശീലനത്തിനു പുറത്തായിരുന്നു ജയ്സ്വാളിനെ ടീം മാനേജ്മെന്റ് പരീക്ഷിച്ചത്. സില്ലി പോയിന്റ്/ഷോര്‍ട്ട് ലെഗ് പൊസിഷനുകളിലായിരുന്നു ജയ്സ്വാളിന്റെ പരിശീലനം. ലീഡ്സിലെ പിഴവുകള്‍ക്കുള്ള ശിക്ഷയായി ഇതിനെ കരുതാം. ലീഡ്സില്‍ മാത്രമല്ല, ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണ്‍ ടെസ്റ്റിലും ജയ്സ്വാള്‍ നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ എജ്ബാസ്റ്റണില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്സ്വാളിനു പകരം സായ് സുദര്ശന്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ഒരാളായിരിക്കും ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളി പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുക.
ഇന്നലെ ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലന സെഷനില്‍, ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ ആയിരുന്നു. സെക്കന്‍ഡ് സ്ലിപ്പില്‍ കെ.എല്‍. രാഹുലും തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പരിശീലനം നടത്തി. ലീഡ്സില്‍ ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളിയില്‍ ജയ്സ്വാളായിരുന്നു. അതിനു പകരം ഇന്നലെ സായ് സുദര്ശന്, നതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഈ പൊസിഷനില്‍ ഫീല്‍ഡിംഗ് പരിശീലനം നടത്തിയത്.
എടുത്തതിനേക്കാള്‍ ക്യാച്ച് കളഞ്ഞു വഴങ്ങി!
ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍ 101 റണ്‍സുമായി തിളങ്ങിയിരുന്നു. മത്സരത്തില്‍ നാല് ക്യാച്ചാണ് താരം വിട്ടു കളഞ്ഞത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് കളയുന്ന ഇന്ത്യക്കാരന് എന്ന നാണക്കേടിന്റെ റിക്കാര്ഡിനൊപ്പവും അന്ന് ജയ്സ്വാള്‍ എത്തിയിരുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, എടുത്ത റണ്‍സിനേക്കാള്‍ കൂടുതൽ റൺസ് ക്യാച്ച് കളഞ്ഞ് ജയ്സ്വാള്‍ വഴങ്ങാന്‍ കാരണക്കാരനായതായി കാണാം.
മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് മുതല്‍ ലീഡ്സ് വരെയായി അഞ്ച് ഇന്നിംഗ്സ് ജയ്സ്വാള്‍ കളിച്ചു. അഞ്ച് ഇന്നിംഗ്സിലായി താരം നേടിയത് 221 റണ്‍സ്. നിലത്തിട്ടത് ഏഴ് ക്യാച്ച്. ഏഴ് ക്യാച്ച് നഷ്ടപ്പെടുത്തിയതിലൂടെ ഇന്ത്യക്കുള്ള അധിക ബാധ്യത 229 റണ്‍സും. നേടിയതിനേക്കാള്‍ ക്യാച്ച് നഷ്ടപ്പെടുത്തി റണ്‍സ് വഴങ്ങി എന്നു ചുരുക്കം. മാത്രമല്ല, ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്ക് എതിരേ അവസാനം കളിച്ച ഒമ്പത് ടെസ്റ്റിലായി 11 ക്യാച്ച് ജയ്സ്വാള്‍ നഷ്ടപ്പെടുത്തി, നേടിയത് ഏഴ് ക്യാച്ച് മാത്രം!