ബയേണ്‍ Vs പിഎസ്ജി
Tuesday, July 1, 2025 2:43 AM IST
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ മാസ് പോരാട്ടം. യുവേഫ 2024-25 ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടാവകാശികളായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 9.30നാണ് പിഎസ്ജി x ബയേണ്‍ മ്യൂണിക് സൂപ്പര്‍ ഡ്യൂപ്പര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍.
മെസിയെ നിശബ്ദമാക്കി പിഎസ്ജി
മുന്‍താരം ലയണല്‍ മെസിയെ കളത്തില്‍ നിശബ്ദമാക്കി പ്രീക്വാര്‍ട്ടറിൽ പിഎസ്ജിയുടെ മിന്നല്‍ പ്രകടനം. മെസിക്ക് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ 4-0ന്റെ ജയവുമായി പിഎസ്ജി ക്വാര്‍ട്ടറില്‍. പിഎസ്ജിയില്‍ ആയിരുന്നപ്പോള്‍ ക്ലബ്ബിന്റെ ആരാധകര്‍ കൂവിക്കളിയാക്കിയതിനുള്ള മറുപടി ലയണല്‍ മെസിയില്നിന്നുണ്ടാകുമെന്ന വിശ്വാസം അസ്ഥാനത്തായി.
വെറും 33 ശതമാനം മാത്രമായിരുന്നു ഇന്റര്‍ മയാമിയുടെ നിയന്ത്രണത്തില്‍ പന്ത് ഉണ്ടായിരുന്നത്. പിഎസ്ജി 19 ഷോട്ടുകള്‍ തൊടുത്തതില്‍ ഒമ്പത് എണ്ണം ഓൺ ടാര്‍ഗറ്റ് ആയിരുന്നു. വെറും എട്ട് ഷോട്ട് മാത്രം നടത്താനേ ഇന്റര്‍ മയാമിക്കു സാധിച്ചുള്ളൂ. അതില്‍ ഓണ്‍ ടാര്‍ഗറ്റ് മൂന്ന് എണ്ണം മാത്രവും.
യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്നത് അടിവരയിട്ട്, ആദ്യ പകുതിയില്‍ത്തന്നെ പിഎസ്ജി 4-0ന്റെ ലീഡ് നേടി. ആറാം മിനിറ്റില്‍ ജാവോ നെവെസിന്റെ ഹെഡര്‍ ഗോള്‍. 39-ാം മിനിറ്റില്‍ നെവെസ് ലീഡ് ഉയര്‍ത്തി. 44-ാം മിനിറ്റില്‍ തോമസ് അവിലെസിന്റെ സെല്‍ഫ്. ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്നവിശേഷണമുള്ള അച്റാഫ് ഹക്കിമിയുടെ (45+3’) വകയായിരുന്നു ടീമിന്റെ നാലാം ഗോള്‍.
കെയ്ന്‍ ഡബിളില്‍ ബയേണ്‍
ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്റെ ഇരട്ടഗോളില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനു മിന്നും ജയം. ലാറ്റിനമേരിക്കന്‍ ടോട്ടല്‍ ഫുട്ബോളിന്റെ ചാരുതയുമായെത്തിയ ബ്രസീല്‍ ക്ലബ് ഫ്ളെമെംഗോയെ 2-4നാണ് ബയേണ്‍ കീഴടക്കിയത്.
9, 73 മിനിറ്റുകളിലായിരുന്നു ഹാരി കെയ്ന്റെ ഗോളുകള്‍. ലിയോണ്‍ ഗോറെറ്റ്സ്കയാണ് (41’) നാലാം ഗോളിന്റെ ഉടമ. എറിക് പള്ഗറിന്റെ (6’) സെല്‍ഫ് ഗോളായിരുന്നു ബയേണിന്റെ അക്കൗണ്ടില്‍ ആദ്യം എത്തിയത്. ഫ്ളെമെംഗോയ്ക്കുവേണ്ടി ഗെര്‍സണ്‍ (33’), ജോര്‍ജീഞ്ഞോ (55’ പെനാല്‍റ്റി) എന്നിവര്‍ ഗോള്‍ സ്വന്തമാക്കി.