തുടരെ അട്ടിമറി
Saturday, July 5, 2025 1:05 AM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ നോണ്‍സ്റ്റോപ്പ് അട്ടിമറി. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ മാഡിസണ്‍ കീസ് പുറത്ത്.
2025 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ കീസിനെ ജര്‍മനിയുടെ ലോറ സിഗ്മുണ്ടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍: 6-3, 6-3. ഇതോടെ വനിതാ സിംഗിള്‍സില്‍ ആദ്യ ആറ് സീഡിയില്‍ ഇനിശേഷിക്കുന്നത് ഒന്നാം സ്ഥാനക്കാരിയായ അരീന സബലെങ്ക മാത്രം.
സ്പാനിഷ് താരം ക്രിസ്റ്റിന ബുക്സയെ മൂന്നാം റൗണ്ടില്‍ കീഴടക്കിയ അര്‍ജന്റൈന്‍ താരം സോളാന സിയറയാണ് പ്രീക്വാര്‍ട്ടറില്‍ ലോറ സിഗ്മുണ്ടിന്റെ എതിരാളി. 7-5, 1-6, 6-1നായിരുന്നു സിയറ മൂന്നാം റൗണ്ട് കടന്നത്. അമേരിക്കയുടെ അമന്‍ഡ അനിസിമോവ, ചെക് താരം ലിന്‍ഡ നോസ്കോവ, റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവ, ബ്രിട്ടന്റെ സോനയ് കാര്‍ട്ടല്‍ എന്നിവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
റുബ്ലെവ്, സിന്നര്‍ മുന്നോട്ട്
പുരുഷ സിംഗിള്‍സില്‍ 14-ാം സീഡ് റഷ്യയുടെ ആന്ദ്രേ റുബ്ലെവ് പ്രീക്വാര്‍ട്ടറില്‍. ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് റുബ്ലെവിന്റെ മുന്നേറ്റം. സ്കോര്‍: 7-5, 6-2, 6-3.
അമേരിക്കയുടെ അഞ്ചാം സീഡായ ടെയ്ലര് ഫ്രിറ്റ്സും പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.