പോര്‍ച്ചുഗല്‍ യുവതാരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
Friday, July 4, 2025 2:38 AM IST
മാഡ്രിഡ്: കാല്‍പ്പന്ത് ലോകത്തെ പിടിച്ചുലച്ച്, പോര്‍ച്ചുഗീസ് യുവതാരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം. സ്പെയിനിലെ സമോരയില്വച്ചുണ്ടായ കാറപകടത്തിലാണ് 28കാരനായ ജോട്ടയുടെ അപ്രതീക്ഷിത വിയോഗം. ജോട്ടയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന സഹോദരനും പ്രാദേശിക ഫുട്ബോളറുമായ ആന്ദ്രേ സില്‍വയും (25) അപകടത്തില്‍ മരിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ 2024-25 സീസണ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിയുടെ ലെഫ്റ്റ് വിംഗറായിരുന്നു ജോട്ട. 2025 യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായപ്പോള് ടീമിന്റെ നിര്‍ണായക സാന്നിധ്യവുമായി. ഈ വര്‍ഷം രണ്ടു സുപ്രധാന ട്രോഫി നേട്ടം, ഒപ്പം വിവാഹവും... കാല്പ്പന്തോര്മകള് ബാക്കിവച്ച് ജോട്ട യാത്രയായി.
ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോര്‍ഗിനി അവന്റഡറിന്റെ ടയര്‍ പൊട്ടിതാണ് അപകടകാരണം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ടയര്‍ പൊട്ടിയതോടെ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്നു തെന്നിത്തെറിക്കുകയും തുടര്‍ന്ന് പൂര്‍ണമായി കത്തിനശിക്കുകയുമായിരുന്നു.
മറ്റു വാഹനങ്ങളൊന്നും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സ്പാനിഷ് സിവില്‍ ഗാര്‍ഡ് അറിയിച്ചു. ഉത്തര പോര്‍ച്ചുഗലിനെയും സ്പെയിനിനെയും ബന്ധിപ്പിക്കുന്ന എ-52 റോഡിലായിരുന്നു അപകടം. സ്പെയിനിലെ ഏറ്റവും മോശം റോഡ് എന്ന വിശേഷണം, വളവും തിരിവുമുള്ള, സേഫ്റ്റി ബാരിയേഴ്സ് ഇല്ലാത്ത എ-52നു സ്വന്തം.
ഡ്രിബ്ബിള്‍ ചെയ്തു മടങ്ങി
ഫുട്ബോള്‍ ജീവിതത്തിന്റെ നല്ലകാലത്തേക്കു കടക്കുന്നതിനിടെയാണ് ഡിയോഗോ ജോട്ടയുടെ അപ്രതീക്ഷിത മരണം. പന്തുമായി എതിര്‍താരത്തെ ഡ്രിബ്ബിള്‍ ചെയ്ത് മുന്നേറുന്ന വേഗത്തിലായിരുന്നു മരണം ജോട്ടോയെ കവര്‍ന്നെടുത്തത്.
ഒമ്പതാം വയസില്‍ പോര്‍ട്ടോ ജില്ലയിലെ ഗോണ്ടോമര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍. കാല്‍പ്പന്തിന്റെ ബാലപാഠങ്ങള്‍ വശത്താക്കിയശേഷം പോര്‍ട്ടോയിലുള്ള മറ്റൊരു ക്ലബ്ബായ പാക്കോസ് ഡി ഫെരേരയിലെത്തി. 2013ല്‍ പാല്ക്കോസിന്റെ യൂത്തില്‍ കളിച്ച ജോട്ടോ, 2014ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. 2016-18ല്‍ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡുമായി കരാറിലായി. എന്നാല്‍, ഇക്കാലത്തിനിടെ പോര്‍ച്ചുഗീസ് ക്ലബ് എഫ്സി പോര്‍ട്ടോയ്ക്കും (2016-17) ഇംഗ്ലീഷ് ക്ലബ് വോള്വര്ഹാംപ്ടണിനുംവേണ്ടി ലോണില്‍ കളിച്ചു. 2018ല്‍ വോള്‍വര്‍ഹാംപ്ടണ്‍ ജോട്ടോയെ കരാറില്‍ എടുത്തു. അവിടെനിന്ന് 2020ല്‍ ലിവര്‍പൂള്‍ എഫ്സിയിലേക്കെത്തി. വോള്വര്ഹാംപ്ടണിനൊപ്പം ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പ്, ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ സ്വന്തമാക്കി.
2019ല്‍ തന്റെ 23-ാം വയസില്‍ ദേശീയ ടീമിനായി അരങ്ങേറിയ ജോട്ടോ, പോര്‍ച്ചുഗലിന്റെ രണ്ട് യുവേഫ നേഷന്‍സ് ലീഗ് (2018-19, 2024-25) കിരീടനേട്ടത്തിലും പങ്കാളിയായി. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ 14 ഗോള്‍ സ്വന്തമാക്കി. ക്ലബ് തലത്തില്‍ ആകെ 395 മത്സരങ്ങളില്‍ ഇറങ്ങി, 133 ഗോള്‍ നേടി. ഇതില്‍ 182 മത്സരങ്ങളില്‍ 65 ഗോള്‍ ലിവര്‍പൂള്‍ ജഴ്സിയിലായിരുന്നു.
ഞെട്ടല്‍ മാറാതെ ക്രിസ്റ്റ്യാനോ
ജൂണ്‍ എട്ടിന് 2025 നേഷന്‍സ് ലീഗ് ട്രോഫിയില്‍ ഒന്നിച്ചു ചുംബിച്ച ഡിയോഗോ ജോട്ടയുടെ അപ്രതീക്ഷിത വിയോഗം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിടിച്ചുലച്ചു. “ഈ അടുത്താണ് ഞങ്ങള്‍ ഒന്നിച്ച് ദേശീയ ടീമിലുണ്ടായിരുന്നത്. വിവാഹിതനായതും ഈയടുത്തായിരുന്നു”- ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ലിവര്‍പൂള്‍ എഫ്സി ആരാധകര്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിനു പുറത്തുള്ള ഹില്‍സ്ബറോ സ്മാരകത്തില്‍ ജോട്ടയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്, ലിവര്‍പൂള്‍ എഫ്സി, താരത്തിന്റെ മുന്‍ ക്ലബ്ബുകളായ അത്ലറ്റിക്കോ മാഡ്രിഡ്, എഫ്സി പോര്‍ട്ടോ, വോള്‍വര്‍ഹാംപ്ടണ്‍ എന്നിങ്ങനെ നീണ്ടനിര ജോട്ടയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തി.