ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി
Thursday, July 3, 2025 2:43 AM IST
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമായി. അവസാന പ്രീക്വാര്‍ട്ടറുകളില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് 1-0ന് യുവന്റസിനെയും ജര്‍മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 2-1നു മോണ്ടെറിയെയും കീഴടക്കിയതോടെയാണിത്. ക്വാര്‍ട്ടറില്‍ പ്രവേശിച്ചതില്‍ അഞ്ച് ടീമുകളും (പിഎസ്ജി, ബയേണ്‍, റയല്‍, ഡോര്‍ട്ട്മുണ്ട്, ചെല്‍സി) യൂറോപ്പില്നിന്നുള്ളതാണ്.
ബ്രസീലില്‍നിന്ന് രണ്ടു ടീമുകള്‍ (ഫ്ളുമിനെന്‍സ്, പാല്‍മീറസ്) അവസാന എട്ടില്‍ ഇടംപിടിച്ചപ്പോള്‍ ഏഷ്യയുടെ സാന്നിധ്യമായി സൗദി അറേബ്യയിലെ അല്‍ ഹിലാലും ക്വാര്‍ട്ടറിലുണ്ട്. ക്വാര്‍ട്ടറില്‍ രണ്ട് ഓള് യൂറോപ്പ് പോരാട്ടം (മാഡ്രിഡ് x ഡോര്‍ട്ട്മുണ്ട്, പിഎസ്ജി x ബയേണ്‍) അരങ്ങേറും.
മാഡ്രിഡ് x ഡോര്‍ട്ട്മുണ്ട്
റയല്‍ മാഡ്രിഡ് അക്കാദമിയില്നിന്നെത്തിയ 21കാരന് ഗോണ്‍സാലോ ഗാര്‍സിയയുടെ ഗോളിലാണ് ഇറ്റാലിയന്‍ ക്ലബ്ബിന്റെ ഭീഷണി സ്പാനിഷ് ടീം മറികടന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 54-ാം മിനിറ്റില്‍ ഗാര്‍സിയ റയല്‍ മാഡ്രിഡിന്റെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കി, ടൂര്‍ണമെന്റില്‍ ഗാര്‍സിയയുടെ മൂന്നാം ഗോള്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തിരുന്ന ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെ റയല്‍ മാഡ്രിഡിനായി കളത്തിലെത്തിയ മത്സരവുമായിരുന്നു യുവന്റസിന് എതിരായത്.
മെക്സിക്കന്‍ ക്ലബ്ബായ മോണ്ടെറിയെ 1-2നു തോല്‍പ്പിച്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി. സെര്‍ഹൗ ഗുയിരാസിയുടെ ഇരട്ട ഗോളാണ് ഡോര്‍ട്ട്മുണ്ടിനു ജയമൊരുക്കിയത്. 14, 24 മിനിറ്റുകളിലായിരുന്നു ഗിനിയ താരം ഗുയിരാസിയുടെ ഗോളുകള്‍. ജെര്‍മന്‍ ബെര്ട്ടറാമാണ് (48’) മോണ്ടെറിയുടെ ആശ്വാസ ഗോള്‍ നേടിയത്.
പിഎസ്ജി x ബയേണ്‍
2020 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമായി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയും ക്വാര്‍ട്ടറില്‍ കൊമ്പുകോര്‍ക്കും.
2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് 1-0നു പരാജയപ്പെട്ടതിന്റെ കണക്കു തീര്‍ക്കാനുള്ള അവസരമാണ് പിഎസ്ജിക്കു മുന്നിലുള്ളത്. പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി 4-0നു ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെ തകര്‍ത്ത് അവസാന എട്ടിലേക്കു മുന്നേറുകയായിരുന്നു. ബ്രസീല്‍ ക്ലബ് ഫ്ളെമെംഗോയെയാണ് ബയേണ്‍ (4-2) പ്രീക്വാര്‍ട്ടറില്‍ മറികടന്നത്.
ഫ്ളുമിനെന്‍സ് x അല്‍ ഹിലാല്‍
ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പോരാട്ടത്തില്‍ അല്‍ ഹിലാല്‍ എഫ്സിയും ഫ്ളുമിനെന്‍സും കൊമ്പുകോര്‍ക്കും. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് അല്‍ ഹിലാല്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയത്.
അധിക സമയത്തേക്കു നീണ്ട പോരാട്ടത്തില്‍ 4-2നായിരുന്നു സൗദി ക്ലബ്ബിന്റെ ജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ 0-2നു തകര്‍ത്താണ് ബ്രസീലിന്റെ ഫ്ളുമിനെന്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്.
പാല്‍മീറസ് x ചെല്‍സി
പ്രീക്വാര്‍ട്ടറില്‍ അധികസമയത്തേക്കു നീണ്ട പോരാട്ടങ്ങളിലൂടെയാണ് പാല്‍മീറസും ചെല്‍സിയും അവസാന എട്ടിലേക്ക് എത്തിയതെന്നതാണ് ശ്രദ്ധേയം. ബോട്ടഫോഗോയെ 100-ാം മിനിറ്റിലെ ഗോളില്‍ 1-0നു മറികടന്നായിരുന്നു പാല്‍മീറസിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫികയെ 4-1നാണ് ചെല്‍സി കീഴടക്കിയത്. നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു.