കൂട്ട അട്ടിമറി!
Thursday, July 3, 2025 2:43 AM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ഇങ്ങനാണ്; സീഡുള്ളവരെ ഇല്ലാത്തവര്‍ അട്ടിമറിച്ചു മുന്നേറും. എന്നാല്‍, 2025 സീസണ് വിംബിള്‍ഡണിന്റെ പുല്‍കോര്‍ട്ടില്‍ സീഡുകാരുടെ കൂട്ട അട്ടിമറിയാണ് അരങ്ങേറുന്നത്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പുരുഷ, വനിതാ സിംഗിള്‍സില്‍ ആദ്യ 10 സീഡിലുള്ള എട്ട് കളിക്കാര്‍ പുറത്ത്.
അതില്‍ ഏറ്റവും വലിയ അട്ടിമറി വനിതാ സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ അമേരിക്കയുടെ രണ്ടാം സീഡുകാരി കൊക്കൊ ഗൗഫിന്റേത്. പുരുഷ സിംഗിള്സിലാണെങ്കില് മൂന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും ആദ്യ റൗണ്ടില്‍ത്തന്നെ നാട്ടിലേക്കു മടങ്ങി.
വനിതാ സിംഗിള്‍സില്‍ ട്രോഫി നേടുമെന്നു പ്രതീക്ഷിക്കപ്പെട്ട ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു യുക്രെയ്നിന്റെ ഡയാന യാസ്ട്രെംസ്കയാണ് അട്ടിമറിച്ചത്. 7-6 (7-3), 6-1നായിരുന്നു സീഡില്ലാത്ത 25കാരിയായ ഡയാനയുടെ ജയം.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു സ്വരേവിന്റെ തോല്‍വി. ഫ്രാന്‍സിന്റെ സീഡില്ലാത്ത ആര്‍തര്‍ റിന്ഡര്ക്നെക്കാണ് ജര്‍മന്‍ താരത്തെ വീഴ്ത്തിയത്. സ്കോര്‍: 7-6 (7-3), 6-7 (8-10), 6-3, 6-7 (5-7), 6-4.
ജോക്കോ മുന്നേറ്റം
ശാരീരിക വിഷമതകള്‍ മറികടന്ന് സെര്‍ബിയന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍. റോജര്‍ ഫെഡററിന്റെ പേരിലുള്ള എട്ട് വിംബിള്‍ഡണ്‍ എന്ന റിക്കാര്ഡിനൊപ്പമെത്താനാണ് ജോക്കോയുടെ ശ്രമം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ യാനിക് സിന്നറായിരിക്കും ജോക്കോയുടെ എതിരാളി. ആറാം സീഡായ ജോക്കോവിച്ച് ഫ്രാന്‍സിന്റെ അലക്സാണ്ടര്‍ മുള്ളറിനെയാണ് ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-1, 6-7 (7-9), 6-2, 6-2.
സബലെങ്ക, കീസ് മൂന്നാം റൗണ്ടില്‍
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക മൂന്നാം റൗണ്ടില്‍. ചെക് താരം മേരി ബൗസ്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 7-6 (7-4), 6-4. ആറാം സീഡായ അമേരിക്കയുടെ മാഡ്സണ്‍ കീസ്, ബ്രിട്ടന്റെ സീഡില്ലാത്ത സോനയ് കര്‍ത്താല്‍ എന്നിവരും മൂന്നാം റൗണ്ടിലേക്കു മുന്നേറി.
സെര്‍ബിയയുടെ ഓള്‍ഗ ഡാനിലോവിച്ചിനെ (6-4, 6-2) കീഴടക്കിയാണ് കീസിന്റെ മുന്നേറ്റം. 29-ാം സീഡായ കാനഡയുടെ ലെയ്ല ഫെര്‍ണാണ്ടസിനെ അട്ടിമറിച്ച് ജര്‍മനിയുടെ സീഡില്ലാത്ത ലോറ സീഗ്മണ്ടും മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു. സ്കോര്‍: 6-2, 6-3.