ശുഭ്മാന്‍ ഗില്ലിന് (269) ഇരട്ടസെഞ്ചുറി; എജ്ബാസ്റ്റണില്‍ ടീം ഇന്ത്യക്കു റിക്കാർഡ് സ്കോർ, 587
Friday, July 4, 2025 2:38 AM IST
ബിര്‍മിംഗ്ഹാം: റിക്കാര്‍ഡുകള്‍ ഒന്നൊന്നായി കടപുഴകി ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് ശുഭയാത്ര. ആദ്യദിനം സെഞ്ചുറി തികച്ച ഗില്‍, രണ്ടാംദിനം ഇരട്ടസെഞ്ചുറിയും കടന്നു മുന്നേറിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 500ഉം കഴിഞ്ഞു കുതിച്ചു.
ടെസ്റ്റ് കരിയറിലെ കന്നി ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ ബിര്‍മിംഗ്ഹാമിൽ തകർത്താടി. 387 പന്തിൽ 30 ഫോറും മൂന്നു സിക്സും അടക്കം 269 റൺസ് നേടിയശേഷമാണ് ഗിൽ പുറത്തായത്. സ്കോർ 574ൽ നിൽക്കുന്പോൾ എട്ടാം നന്പർ വിക്കറ്റായി ഗിൽ മടങ്ങി. ശേഷിച്ച രണ്ട് വിക്കറ്റ് വേഗത്തിൽ നിലംപൊത്തിയപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ 151 ഓവറിൽ 587ൽ എത്തിനിന്നു.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ ശുഭമല്ലായിരുന്നു. 25 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് ഇംഗ്ലണ്ടിനു നഷ്ടമായി. ബെൻ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. സാക്ക് ക്രാളിയെ (19) മുഹമ്മദ് സിറാജും പുറത്താക്കി. 77/3 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാംദിനം ക്രീസ് വിട്ടത്. ജോ റൂട്ട് (18), ഹാരി ബ്രൂക്ക് (30) എന്നിവരാണ് ക്രീസിൽ.
ഇംഗ്ലണ്ടില്‍ റിക്കാർഡ് ഗില്ലാട്ടം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റിക്കാര്‍ഡ് ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. 1979ല്‍ ഓവലില്‍ സുനില്‍ ഗാവസ്കര്‍ നേടിയ 221 റണ്‍സ് എന്ന റിക്കാര്‍ഡാണ് ഗില്‍ ഇന്നലെ തകര്‍ത്തത്. കരുണ്‍ നായര്‍ (303*) മാത്രമാണ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരേ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്നതില്‍ വിനോദ് കാംബ്ലി (224), വിരാട് കോഹ്ലി (235) എന്നിവരെയും ഗില്‍ ഇന്നലെ പിന്തള്ളി.
ഇംഗ്ലണ്ടില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത് ഇന്ത്യന്‍ താരമാണ് ഗില്‍. സുനില്‍ ഗാവസ്കര്‍ (1979ല്‍ 221), രാഹുല്‍ ദ്രാവിഡ് (2002ല്‍ 217) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ഇംഗ്ലീഷ് മണ്ണില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റിക്കാര്‍ഡും 25കാരനായ ഗില്ലിനു സ്വന്തം. 1990ല്‍ ഓള്‍ഡ് ട്രാഫോഡില്‍ മുഹമ്മദ് അസ്ഹറുദ്ദീന് നേടിയ 179 റണ്‍സ് ഇതോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. 2019ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിരാട് കോഹ്ലി നേടിയ 254 നോട്ടൗട്ട് ആയിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
എജ്ബാസ്റ്റണില്‍ ചരിത്രം
നോട്ടിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ മൈതാനത്ത് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്കാണ് (587) ഗില്‍ ടീമിനെ കൈപിടിച്ചത്. 2022 ജൂണില്‍ കുറിച്ച 416 റണ്‍സായിരുന്നു ഈ മൈതാനത്ത് ഇന്ത്യയുടെ ഇതുവരെയുള്ള ഉയര്‍ന്ന ഇന്നിംഗ്സ് സ്കോര്‍. നീണ്ട 18 വര്‍ഷത്തിനുശേഷം ടീം ഇന്ത്യ, ഇംഗ്ലണ്ടില്‍ 500 റണ്‍സ് പിന്നിടുന്നതിനും എജ്ബാസ്റ്റണ്‍ ഇന്നലെ സാക്ഷ്യംവഹിച്ചു. 2007 ഓഗസ്റ്റില്‍ അനില്‍ കുംബ്ലെയുടെ സെഞ്ചുറി മികവില്‍ 664 റണ്‍സ് നേടിയതായിരുന്നു ഏറ്റവും ഒടുവില്‍ ഇന്ത്യ ഇംഗ്ലീഷ് മണ്ണില്‍ 500 കടന്നത്.
ജഡേജ-സുന്ദര്‍
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തിയത്. 114 റണ്‍സുമായി ഗില്ലും 41 റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. നേരിട്ട 80-ാം പന്തില്‍ ജഡേജ അര്ധശതകത്തിലെത്തി.
263-ാം പന്തില്‍ ഗില്‍ 150 തികച്ചു. ഇരുവരും ക്രീസില്‍ ഉറച്ചതോടെ ഇംഗ്ലണ്ട് വിയര്‍ത്തു. ജോ റൂട്ടും ഹാരി ബ്രൂക്കുമെല്ലാം പന്ത് എറിയാന്‍ നിയോഗിക്കപ്പെട്ടു. ഒടുവില്‍ സ്കോര്‍ 414ല്‍ എത്തിയപ്പോള്‍ ജഡേജയെ ജോഷ് ടോങ് പുറത്താക്കി. 137 പന്തില്‍ 89 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്. ഗില്‍-ജഡേജ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 203 റണ്‍സ് പിറന്നു.
തുടര്‍ന്നു ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം ഗില്‍ തകര്‍ത്തടിച്ചു. ഇവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 144 റണ്‍സ് പിറന്നു. ഈ കൂട്ടുകെട്ടില്‍ 86 പന്തില്‍ ഗില്‍ 95 റണ്‍സ് സംഭാവന ചെയ്തു. 103 പന്തില്‍ 42 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെ റൂട്ട് ബൗള്‍ഡാക്കി.