ലീഡ്സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റണ്‍സ്
Thursday, July 3, 2025 2:43 AM IST
ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാംദിനം ടീം ഇന്ത്യയുടെ ബാറ്റിംഗ് പോരാട്ടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിൽ എത്തിയ ഇന്ത്യ, ഒന്നാംദിനം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റണ്‍സ് നേടി.
സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (216 പന്തിൽ 114 നോട്ടൗട്ട് ) രവീന്ദ്ര ജഡേജയുമാണ് (67 പന്തിൽ 41 നോട്ടൗട്ട് ) ക്രീസിൽ. നേരിട്ട 199-ാം പന്തിലായിരുന്നു ഗില്ലിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി.
റിക്കാര്‍ഡ് കുറിച്ച് ജയ്സ്വാള്‍
ലീഡ്സില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ മൈതാനത്തും മികവു പുലര്‍ത്തി. 107 പന്ത് നേരിട്ട ജയ്സ്വാള്‍ 87 റണ്‍സ് നേടിയാണ് പുറത്തായത്. 13 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഇന്നിംഗ്സ്.
ഓപ്പണര്‍ കെ.എല്‍. രാഹുലിനെ (26 പന്തില്‍ 4) തുടക്കത്തിലേ ഇന്ത്യക്കു നഷ്ടപ്പെട്ടു. ക്രിസ് വോക്സ് രാഹുലിനെ ബൗള്‍ഡാക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ 15 റണ്‍സ്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ കരുണ്‍ നായറിന് (50 പന്തില്‍ 31) ഒപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ജയ്സ്വാള്‍ പങ്കാളിയായി. മൂന്നാം നമ്പറായി സ്ഥാനക്കയറ്റം ലഭിച്ച കരുണ്‍ നായര്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 31 റണ്‍സ് നേടി. ടെസ്റ്റില്‍ ആദ്യമായാണ് കരുണ്‍ നായര്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്നത്. മൂന്നാം വിക്കറ്റില്‍ ജയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 66 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
എജ്ബാസ്റ്റണ്‍ മൈതാനത്ത് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ഓപ്പണറിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് യശസ്വി ജയ്സ്വാള്‍ ഇന്നലെ കുറിച്ച 87 റണ്‍സ്. 1974ല്‍ സുധീന്‍ നായിക്ക് 165 പന്തില്‍ നേടിയ 77 റണ്‍സായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. 1979ല്‍ സുനില്‍ ഗാവസ്കര്‍ 117 പന്തില്‍ 68 റണ്‍സ് നേടിയതാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
സെഞ്ചുറി ഗില്‍
ലീഡ്സിലെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നലെയും ശതകത്തിലെത്തി. ജയ്സ്വാള്‍ പുറത്തായശേഷം ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് നാലാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടുകെട്ടില്‍ ഗില്‍ പങ്കാളിയായി.
ലീഡ്സിലെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഋഷഭ് പന്തിന്, ഇന്നലെ 25 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നിതീഷ് കുമാര്‍ റെഡ്ഡിക്ക് (1) രണ്ടക്കം കാണാന്‍ സാധിച്ചില്ല.
ഇന്ത്യൻ ടീം അഴിച്ചുപണിതു
ലീഡ്സില്‍ കളിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്കി. പകരം ആകാശ് ദീപിനെ ഉള്‍പ്പെടുത്തി. പേസ് ഓള്‍റൗണ്ടറായി ലീഡ്സില്‍ കളിച്ച ഷാര്‍ദുള്‍ ഠാക്കൂറിനു പകരം നിതീഷ് കുമാറിനെ കൊണ്ടുവന്നു. സായ് സുദര്‍ശനെ ഒഴിവാക്കി സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാഷ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.