ബ്രൂക്കിനും (158) സ്മിത്തിനും (184*) സെഞ്ചുറി ; സിറാജിന് 6 വിക്കറ്റ്, ഇന്ത്യക്കു ലീഡ്
Saturday, July 5, 2025 1:05 AM IST
ബിര്‍മിംഗ്ഹാം: അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയില്‍നിന്ന് ഇംഗ്ലണ്ടിന്റെ യു ടേണ്‍. അഞ്ചാം നമ്പര്‍ ബാറ്റര്‍ ഹാരി ബ്രൂക്കും (158) ഏഴാമന് ജാമി സ്മിത്തും (184 നോട്ടൗട്ട്) സെഞ്ചുറികളുമായി എജ്ബാസ്റ്റണില്‍ തലയുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പിടി അൽപം അയഞ്ഞു.
എന്നാൽ, ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും (6/70) നാലു വിക്കറ്റ് വീഴ്ത്തിയ ആകാഷ് ദീപും (4/88) ചേർന്ന് ഇന്ത്യക്കു നിർണായകമായ 180 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587ന് എതിരേ ഇംഗ്ലണ്ട് 407നു പുറത്തായതോടെയാണിത്. ബ്രൂക്കും സ്മിത്തും നിലയുറപ്പിച്ചില്ലായിരുന്നെങ്കിൽ മത്സരം പൂർണമായി ഇന്ത്യയുടെ വരുതിയിൽ നിൽക്കുമായിരുന്നു.
മുഹമ്മദ് സിറാജിന്റെ അഞ്ചാം 5+ വിക്കറ്റ് നേട്ടമാണ്. ഇംഗ്ലണ്ടിൽ ആദ്യത്തേതും. അഞ്ച് പ്രാവശ്യവും വിദേശത്താണ് സിറാജ് ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇന്ത്യ, മൂന്നാംദിനത്തിലെ കളി അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റണ്‍സ് എടുത്തു. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 244ൽ എത്തി. 22 പന്തിൽ 28 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. 38 പന്തിൽ 28 റണ്‍സുമായി കെ.എൽ. രാഹുലും 18 പന്തിൽ7 റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസിൽ.
ബ്രൂക്ക്-സ്മിത്ത് കൂട്ടുകെട്ട്
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന അവസ്ഥയിലാണ് രണ്ടാംദിനമായ ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 18 റണ്‍സുമായി ജോ റൂട്ടും 30 റണ്‍സുമായി ഹാരി ബ്രൂക്കുമായിരുന്നു ക്രീസില്‍. സ്കോര്‍ 84ല്‍ എത്തിയപ്പോള്‍ ജോ റൂട്ടിനെ (22) മുഹമ്മദ് സിറാജ് വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ സിറാജ് ഗോള്‍ഡന്‍ ഡക്കുമാക്കി. അതോടെ ഇംഗ്ലണ്ട് 84/5.
തുടര്‍ന്നാണ് ഹാരി ബ്രൂക്കും ജാമി സ്മിത്തും ക്രീസില്‍ ഒന്നിച്ചത്. നേരിട്ട 73-ാം പന്തില്‍ അര്‍ധശതകം പിന്നിട്ട ഹാരി ബ്രൂക്ക്, 137-ാം പന്തില്‍ സെഞ്ചുറിയില്‍. ബ്രൂക്കിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറി. 234 പന്തിൽ 17 ഫോറും ഒരു സിക്സും അടക്കം 158 റൺസുമായി ബ്രൂക്ക് മടങ്ങി. ആകാശ് ദീപിന്റെ പന്തിൽ ബൗൾഡായാണ് ബ്രൂക്ക് പുറത്തായത്.
ജാമി സ്മിത്തിന് ഒപ്പം ആറാം വിക്കറ്റിൽ 303 റൺസിന്റെ കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചശേഷമാണ് ബ്രൂക്ക് മടങ്ങിയത്. 368 പന്തിലായിരുന്നു ബ്രൂക്ക്-സ്മിത്ത് കൂട്ടുകെട്ട് 303 റൺസ് അടിച്ചെടുത്തത്, ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആറാം വിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട്.
സ്മിത്ത് 80 പന്തില്‍ സെഞ്ചുറി
ഒരുവശത്ത് ജാമി സ്മിത്ത് അടിച്ചുതകര്‍ക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ സമ്മര്‍ദം ജാമി സ്മിത്തിന്റെ ബാറ്റിംഗില്‍ പ്രതിഫലിച്ചില്ല. നേരിട്ട 43-ാം പന്തില്‍ 50 കടന്ന സ്മിത്ത്, 80-ാം പന്തില്‍ സെഞ്ചുറി തികച്ചു.
ടെസ്റ്റില്‍ ഇംഗ്ലീഷ് താരങ്ങളുടെ അതിവേഗ സെഞ്ചുറിപ്പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഇതോടെ സ്മിത്ത് എത്തി. ഇംഗ്ലീഷ് വിക്കറ്റ് കീപ്പറിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്. സെഞ്ചുറിക്കുശേഷം സ്കോറിംഗില്‍ അല്പം വേഗം കുറച്ച സ്മിത്ത്, 144-ാം പന്തില്‍ 150 കടന്നു.