അനീഷ് അതിശയം! ; മൂന്നാം വയസിൽ ഫിഡെ റേറ്റിംഗ്
Friday, November 1, 2024 11:47 PM IST
കോൽക്കത്ത: ചെസ് ബോർഡിൽ അതിശയിപ്പിക്കുന്ന നേട്ടവുമായി കോൽക്കത്തക്കാരൻ പയ്യൻ അനീഷ് സർക്കാർ. ചരിത്രത്തിൽ ഫിഡെ റേറ്റിംഗുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിനാണ് അനീഷ് സർക്കാർ അർഹനായിരിക്കുന്നത്.
അതും വെറും മൂന്നു വർഷവും എട്ടു മാസവും 19 ദിനവും പ്രായമുള്ളപ്പോൾ. അഞ്ചാം വയസിൽ റേറ്റിംഗ് സ്വന്തമാക്കിയ തേജസ് തിവാരിയുടെ പേരിലെ റിക്കാർഡാണ് അനീഷ് സർക്കാർ തിരുത്തിയത്.
സാധാരണ മൂന്നു വയസുള്ള കുട്ടികൾ കാർട്ടൂണുകളും മൊബൈൽ വീഡിയോകളുമായി രസിച്ചിരിക്കുന്പോഴാണ് അനീഷ് സർക്കാർ അതിശയിപ്പിക്കുന്ന നേട്ടത്തിലെത്തിയതെന്നതാണ് വാസ്തവം. ഈ വർഷം ഒക് ടോബറിൽ വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് അണ്ടർ-9 ഓപ്പണ്‍ ചെസിലൂടെയാണ് അനീഷ് കരുനീക്കത്തിന്റെ പോരാട്ടവേദിയിലേക്ക് എത്തിയത്.
എട്ട് പോയിന്റ് പോരാട്ടത്തിൽ 5.5 സ്വന്തമാക്കി. മാത്രമല്ല, രണ്ട് റേറ്റഡ് കളിക്കാരെ തോൽപ്പിക്കുകയും ചെയ്തു. ബംഗാൾ റാപ്പിഡ് റേറ്റിംഗ് ഓപ്പണിൽ ഇന്ത്യയുടെ ഒന്നാം നന്പറും ലോക നാലാം നന്പറുമായ അർജുൻ എറിഗയ്സിയെ നേരിടാനുള്ള അവസരവും അനീഷ് സർക്കാറിനു ലഭിച്ചു.
കഴിഞ്ഞ മാസം അണ്ടർ-13 പോരാട്ടത്തിലും അനീഷ് പങ്കെടുത്തു. അഞ്ചു റേറ്റഡ് കളിക്കാരുമായി ഏറ്റുമുട്ടുകയും ഫിഡെ റേറ്റിംഗിൽ ഉൾപ്പെടുകയും ചെയ്തു. 1555 റേറ്റിംഗാണ് അനീഷ് സർക്കാറിനുള്ളത്.