കായികമാമാങ്കത്തിന് ഇനി അഞ്ചു നാൾ
Wednesday, October 11, 2023 12:54 AM IST
കുന്നംകുളം: കുന്നംകുളത്ത് ആരംഭിക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇനി അഞ്ചു നാളിന്റെ അകലം മാത്രം. സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയുടെ പന്തൽ ഉയർന്നുകഴിഞ്ഞു. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സീനിയർ ഗ്രൗണ്ടിനടുത്താണ് പന്തലൊരുങ്ങിയത്. ഇതോടൊപ്പം മറ്റ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.
കായികോത്സവത്തിൽ വലുതും ചെറുതുമായ പന്ത്രണ്ടോളം പന്തലുകളാണു തയാറാക്കുന്നത്. പ്രധാന വേദി 2,500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഭക്ഷണ പന്തലാണ്. ഇതിന്റെ കാൽനാട്ട് കഴിഞ്ഞദിവസം എ.സി. മൊയ്തീൻ എംഎൽഎ നിർവഹിച്ചിരുന്നു.
സിന്തറ്റിക് ട്രാക്കിനോടു ചേർന്ന് കാണികൾ ഇരിക്കുന്ന ഗാലറിയിലും മൂന്ന് പന്തലുകളുണ്ടാകും. മഴയെ ചെറുക്കാൻ കഴിയുന്നതാണ് ഈ പന്തലുകൾ. കായിക താരങ്ങൾക്കു പരിശീലനത്തിനു സൗകര്യമൊരുക്കിയിട്ടുള്ള ബഥനി സ്കൂളിലും പന്തൽ ഒരുക്കുന്നുണ്ട്.
സിന്തറ്റിക് ട്രാക്കിലെ ഗാലറിക്കു മുകളിലുള്ള സ്ഥലത്താണ് ഉദ്ഘാടന വേദി. ഇരുനൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഉദ്ഘാടന വേദി അലങ്കാരപ്പണികളാൽ മനോഹരമാക്കുമെന്നു സംഘാടകർ അറിയിച്ചു.
കായികോത്സവത്തെ മികവുറ്റതാക്കാൻ വിപുലമായ പരിപാടികളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്നത്. കായികോത്സവത്തിന്റെ വിളംബരമായി 13ന് തൃശൂരിൽനിന്നു മത്സരവേദിയിലേക്കു ദീപശിഖാ പ്രയാണവും സംഘടിപ്പിക്കും.