സൂപ്പർ സ്റ്റീഗൻ; ബാഴ്സ x റയൽ
Saturday, January 14, 2023 12:32 AM IST
റിയാദ്: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോളിൽ ഗോളി ടെർ സ്റ്റീഗന്റെ മിന്നും പ്രകടനത്തിലൂടെ ബാഴ്സലോണ ഫൈനലിൽ.
റയൽ ബെറ്റിസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-2നു കീഴടക്കിയാണ് ബാഴ്സലോണയുടെ ഫൈനൽ പ്രവേശം. നിശ്ചിത സമയത്ത് രണ്ട് ഉജ്വല സേവുകൾ നടത്തിയ ടെർ സ്റ്റീഗൻ, പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞു.
റയൽ മാഡ്രിഡ് ആണ് ഫൈനലിൽ ബാഴ്സലോണയുടെ എതിരാളി. ഇതോടെ 2023ലെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് അരങ്ങൊരുങ്ങി. വലെൻസിയയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3നു കീഴടക്കിയായിരുന്നു റയലിന്റെ ഫൈനൽ പ്രവേശം.
റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ (40’) ബാഴ്സലോണ ലീഡ് സ്വന്തമാക്കി. നബിൽ ഫേകിറിലൂടെ (77’) റയൽ ബെറ്റിസ് സമനിലയിൽ. അധിക സമയത്ത് ബാഴ്സ അൻസു ഫാറ്റിയിലൂടെ (93’) വീണ്ടും ലീഡ് സ്വന്തമാക്കി. എന്നാൽ, ലോറെൻസൊ ഗാർസ്യയിലൂടെ (101’) ബെറ്റിസ് 2-2ൽ എത്തി ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടി.