മമ്മി റിട്ടേണ്‍സ്...
Wednesday, January 15, 2020 12:16 AM IST
ഹോബർട്ട്: അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ സാനിയ മിർസയ്ക്ക് ജയം. ഹോബർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ - യുക്രപെയ്നിന്റെ നാദിയ കിചെനോക് സഖ്യം ക്വാർട്ടറിൽ കടന്നു. നേരിട്ട് പ്രീക്വാർട്ടർ പോരാട്ടമായിരുന്നു നടന്നത്. പ്രീക്വാർട്ടറിൽ ജോർജിയയുടെ കാറ്റോകലാഷ്നിക്കോവ - ജപ്പാന്റെ മിയു കാറ്റോ കൂട്ടുകെട്ടിനെയാണ് സാനിയ സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ: 2-6, 7-6 (3), 10-3. ക്വാർട്ടറിൽ അമേരിക്കയുടെ ക്രിസ്റ്റീന മക്ഹെയ്ൽ - വാനിയ കിംഗ് കൂട്ടുകെട്ടാണ് സാനിയ സഖ്യത്തിന്റെ എതിരാളി.
രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യൻ ടെന്നീസ് റാണിയായ സാനിയ കോർട്ടിൽ തിരിച്ചെത്തുന്നത്. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. മുൻ ലോക ഒന്നാം നന്പർ ഡബിൾസ് താരമായ സാനിയ ആറ് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.
മകൻ ഇസ്ഹാനും മാതാപിതാക്കൾക്കുമൊപ്പമാണ് സാനിയ ടൂർണമെന്റിന് എത്തിയത്. മത്സരശേഷം ഇസ്ഹാനൊപ്പമുള്ള ചിത്രവും സാനിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.