രാജസ്ഥാനെ പന്ത് അടിച്ചു തെറിപ്പിച്ചു; ഡൽഹിക്ക് ആറ് വിക്കറ്റ് ജയം
Monday, April 22, 2019 11:39 PM IST
ജയ്പുർ: ഐപിഎല്ലിൽ റിഷബ് പന്തിന്റെ വെടിക്കെട്ടിൽ ഡൽഹി ക്യാപിറ്റൽസിനു മിന്നും ജയം. രാജസ്ഥാൻ റോയൽസിനെ ആറ് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. നാല് പന്ത് ശേഷിക്കെയാണ് രാജസ്ഥാൻ ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഡൽഹി മറികടന്നത്.
ഡൽഹിക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ പൃഥ്വി ഷായും ശിഖർ ധവാനും ഒരുക്കിയത്. ഓപ്പണിംഗ് കൂട്ടുക്കെട്ടിൽ 72 റണ്‍സാണ് പിറന്നത്. 54 റണ്‍സെടുത്ത ധവാനെ ശ്രേയസ് ഗോപാൽ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ശ്രേയർ അയ്യർ നാല് റണ്‍സെടുത്തും മടങ്ങി. പിന്നീട് ഷായ്ക്കൊപ്പം ചേർന്ന് പന്ത് നടത്തിയ വെടിക്കെട്ടാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. 36 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 78 റണ്‍സെടുത്ത് പന്ത് പുറത്താകാതെ നിന്നു. ഷാ 39 പന്തിൽനിന്ന് 42 റണ്‍സെടുത്തു.
രാജസ്ഥാനായി ശ്രേയസ് ഗോപാൽ രണ്ടും കുൽകർണിയും പരാഗും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ അജിങ്ക്യ രഹാനയുടെ സെഞ്ചുറിയുടെ കരുത്തിലാണ് 191 റണ്‍സെടുത്തത്
63 പന്തിൽ മൂന്ന് സിക്സും 11 ഫോറും ഉൾപ്പടെ രഹാനെ 105 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഐപിഎല്ലിൽ രഹാനയുടെ രണ്ടാം സെഞ്ചുറിയാണിത്.
നായകൻ സ്റ്റീവ് സ്മിത്ത് 32 പന്തിൽ നിന്ന് 50 റണ്‍സെടുത്ത് രഹാനയ്ക്ക് മികച്ച പിന്തുണ നൽകി. രണ്ടാം ഓവറിൽ തന്നെ സഞ്ജു റണ്ണൗട്ടായത് രാജസ്ഥാന് പ്രഹരമേൽപ്പിച്ചിരുന്നു. പിന്നീട് സ്മിത്ത്-രഹാന കൂട്ടുക്കെട്ടാണ് രാജസ്ഥാനെ മികച്ച നിലയിൽ എത്തിച്ചത്. 135 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തത്.
ഡൽഹിക്കുവേണ്ടി റബാഡ രണ്ടും ഇശാന്തും അക്സർ പട്ടേലും മോറിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.