പ്രതിസന്ധികളെ അവസരങ്ങളാക്കി കെ-ഫോൺ
Thursday, October 16, 2025 11:22 PM IST
കൊച്ചി: കേരളത്തിന്റെ ഡിജിറ്റൽ ഭാവിയെ മാറ്റിമറിച്ച കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് സേവനമായ കെ-ഫോൺ ഒന്നേകാൽ ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു മുന്നേറുകയാണ്.
ചുരുങ്ങിയ കാലയളവിൽ 1.25 ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയാണ് കെ-ഫോൺ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതെന്ന് കെ-ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.
ആകെ 1,27,047 ഉപഭോക്താക്കളാണ് നിലവില്‍ കെ-ഫോണ്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത്. 2026ഓടെ 2.5 ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കരസ്ഥമാക്കാനുള്ള നിരവധി പദ്ധതികൾ കെ-ഫോൺ വരുംദിവസങ്ങളിൽ പ്രാവർത്തികമാക്കും. പുതിയ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ എന്റെ കെ-ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ-ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.
ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ എല്ലാവര്ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാൻ കെ-ഫോണിന് കഴിഞ്ഞു.
ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ ലൈസന്‍സ് എന്ന നേട്ടം കെ-ഫോണിന്റെ ജൈത്രയാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു. കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നെറ്റ്വര്‍ക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി സഹകരിച്ചും രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നൽകുവാന് കെ-ഫോണ്‍ പദ്ധതിയിട്ടിട്ടുണ്ട്.
കെ-ഫോണ്‍ പദ്ധതിയെപ്പറ്റി പഠനം നടത്താന്‍ തമിഴ്നാട് ഫൈബര്‍ നെറ്റ് കോര്പറേഷന് (ടാന്‍ഫിനെറ്റ്) ടീം കെ-ഫോണ്‍ ഓഫീസുകൾ സന്ദര്‍ശിക്കുകയും കെ-ഫോണ്‍ ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഇവന്റായ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2025ലെ സ്റ്റേറ്റ് ഐ ടി മിനിസ്റ്റേഴ്സ് ആൻഡ് ഐടി സെക്രട്ടറീസ് റൗണ്ട് ടേബിൾ സമ്മേളന വേദിയിൽ കേരളത്തെ പ്രതിനിധീകരിച്ച് കെ-ഫോണ്‍ പങ്കെടുത്തു.