ചരിത്രത്തിലെ ഏറ്റവും ധനികനായി മസ്ക്
Monday, November 25, 2024 1:09 AM IST
ന്യൂയോർക്ക്: ലോകത്തെ ഒന്നാം നന്പർ സന്പന്നനായ ഇലോണ്‍ മസ്ക് ചരിത്രത്തിലെ ഏറ്റവും വലിയ ധനാഢ്യനായി ഒന്നാംസ്ഥാനം നിലനിർത്തി. ബ്ലൂംബെർഗ് ശനിയാഴ്ച പുറത്തുവിട്ട പട്ടികയിൽ 34,780 കോടി ഡോളറാണ് (29.36 ലക്ഷം കോടി രൂപ) മസ്കിന്റെ ആസ്തി.
യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിനുശേഷം മസ്ക്കിന്റെ ഇലക്ട്രിക് വാഹന കന്പനയിയായ ടെസ്ലയുടെ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ഈ നേട്ടം സ്വന്തമായത്. തെരഞ്ഞെടുപ്പു വേളകളിൽ ട്രംപിന്റെ റാലികളിൽ പങ്കെടുത്ത് റിപ്പബ്ലിക്കൻ നേതാവിനെ പരസ്യമായി പിന്തുണച്ചിരുന്ന ആളാണ് മസ്ക്. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള 20 ദിവസത്തിലാണ് മസ്ക്കിന്റെ സന്പത്തിൽ 700 കോടി ഡോളറിന്റെ വർധനയുണ്ടായത്.
ടെസ്ലയുടെ 40 ശതമാനം ഓഹരികളും ഈ കാലയളവിൽ നേട്ടമുണ്ടാക്കി. ട്രംപുമായുള്ള അടുപ്പം മസ്ക്കിന്റെ കന്പനികളിലുള്ള നിക്ഷേപകരുടെ വിശ്വാസം വർധിപ്പിച്ചതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ വരാനിരിക്കുന്ന ഭരണത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷൻസിയുടെ തലവനായി ഇലോണ്‍ മസ്ക്കിനെ തെരഞ്ഞെടുത്തിരുന്നു.
ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സ്പേസ് എക്സ്, വൈദ്യുത കാർ കന്പനിയായ ടെസ്ല, എഐ സ്ഥാപനമായ എക്സ് എഐ, ന്യൂറാലിങ്ക്, സമൂഹമാധ്യമമായ എക്സ് എന്നിവയെല്ലാം ഇലോണ്‍ മസ്കിന്റെ സ്ഥാപനങ്ങളാണ്.
ആമസോണിന്റെ ജെഫ് ബെസോസ് 21,900 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തും ഒറാക്കിൾ കോർപറേഷന്റെ ലാറി എലിസണ്‍ 20,600 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 9570 കോടി ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഒന്നാം നന്പർ ധനികൻ.