നേട്ടം നിലനിർത്താൻ ഓഹരി വിപണികൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, November 25, 2024 1:09 AM IST
തെരഞ്ഞടുപ്പ് ഫലത്തിന്റെ ആഘോഷം ഓഹരി ഇൻഡെക്സുകൾക്ക് തിളക്കം പകരാമെങ്കിലും ഒരു ബുൾ റാലിക്കുള്ള സാധ്യത തെളിയാൻ ഇനിയും ക്ഷമയോടെ കാത്തിരിക്കേണ്ടി വരാം. അഞ്ചു മാസത്തിനിടയിൽ ഏറ്റവും വേഗമേറിയ ഒറ്റ ദിവസത്തെ റാലി വാരാന്ത്യം സെൻസെക്സിലും നിഫ്റ്റിയിലും കാണാനായി. രണ്ട് ശതമാനം പ്രതിവാര നേട്ടത്തിൽ സെൻസെക്സ് 1536 പോയിന്റും നിഫ്റ്റി 375 പോയിന്റും വർധിച്ചു. അതേസമയം, സെപ്റ്റംബറിലെ സർവകാല റിക്കാർഡ് നിലവാരത്തിൽനിന്നും വിപണി ഇതിനകം പത്ത് ശതമാനം ഇടിഞ്ഞു.
നിഫ്റ്റിക്ക് 24,080ലും സെൻസെക്സിന് 79,311 പോയിന്റിലും കഴിഞ്ഞവാരം വ്യക്തമാക്കിയിരുന്ന പ്രതിരോധം തകർക്കാനായില്ല. വാരാന്ത്യം ശക്തമായ ഷോർട്ട് കവറിംഗിന് ഫണ്ടുകളും ഊഹക്കച്ചവടക്കാരും മത്സരിച്ചു. മഹാരാഷ്ട്ര തെരഞ്ഞടുപ്പ് ഫലം കേന്ദ്രത്തിന് അനുകൂലമാകുമെന്ന സൂചന വാരാന്ത്യം ഓപ്പറേറ്റർമാരെ പൊസിഷനുകൾ വെട്ടിക്കുറയ്ക്കാൻ പ്രേരിപ്പിച്ചു. വിപണിയിലെ ബെയറിഷ് മനോഭാവം മാറിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കരടിക്കൂട്ടം. അതേസമയം, വാരമധ്യത്തിന് മുന്നേ കരടികളെ വരുതിയിലാക്കാനാകുമെന്ന വിശ്വാസത്തിലാണ് കാളകളും. വ്യാഴാഴ്ചയാണ് നവംബർ സീരീസ് സെറ്റിൽമെന്റ്.
■ കുതിപ്പിനു സാധ്യത
നിഫ്റ്റി സൂചിക 23,532ൽനിന്നും 23,263ലേക്ക് തളർന്ന ശേഷമുള്ള കുതിപ്പിൽ 23,956 വരെ ഉയർന്നങ്കിലും ക്ലോസിംഗിൽ 23,907 പോയിന്റിലാണ്. ഇന്ന് 23,080ലേക്ക് ഉയരാൻ അവസരം ലഭിച്ചാൽ അടുത്ത ചുവടിൽ സൂചിക 24,139 വരെ ഉയരാം. ആ നീക്കത്തിത്തിനിടയിൽ ഊഹക്കച്ചവടക്കാർ വീണ്ടും കവറിംഗിന് നിർബന്ധിതരായാൽ മുന്നേറ്റം 24,371 വരെ എത്താം. അതേസമയം, പ്രതീക്ഷിച്ചപോലെ ഒരു വാങ്ങൽ താത്പര്യം സൃഷ്ടിക്കാൻ വിപണിക്കായില്ലെങ്കിൽ 23,461ലേക്കും തുടർന്ന് 23,015ലേക്കും തിരുത്തലിന് സാധ്യത. നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പാരാബോളിക്കും സെല്ലിംഗ് മൂഡിലാണ്. എംഎസിഡിയും ദുർബലാവസ്ഥയിൽ നീങ്ങുന്നു. അതേസമയം, മറ്റു പല ഇൻഡിക്കേറ്ററുകളും ന്യൂട്രൽ റേഞ്ചിലാണ്.
നിഫ്റ്റി നവംബർ ഫ്യൂച്ചർ 24,602ൽനിന്നും 23,490ലെ സപ്പോർട്ട് തകർത്ത് 23,200 റേഞ്ചിലേക്ക് നീങ്ങിയശേഷമുള്ള തിരിച്ചുവരവിൽ 23,959 വരെ കയറിയ ശേഷം 23,900ലാണ്, വ്യാഴ്ചയാണ് സെറ്റിൽമെന്റ്. നിഫ്റ്റി ഡിസംബർ 24,050ലാണ്. ശക്തമായ ഒരു മുന്നേറ്റം വെള്ളിയാഴ്ച ദൃശ്യമായതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റിലെ കുറവ് ഷോർട്ട് കവറിംഗിനെ സൂചിപ്പിക്കുന്നു. വിപണി അതിന്റെ 20 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്ന് നിൽക്കുന്നതിനാൽ 24,250 റേഞ്ചിൽ പ്രതിരോധം തലയുയർത്താമെങ്കിലും ആ തടസം തകർക്കാനുള്ള കരുത്ത് ബുൾ ഓപ്പറേറ്റർമാർക്ക് ലഭിച്ചാൽ ക്രിസ്മസിന് മുന്നേ 24,800ലേക്കും 25,225ലേക്കും വിപണി മുന്നേറും.
■ പ്രതീക്ഷയോടെ സെൻസെക്സ്
സെൻസെക്സ് 77,411ൽനിന്നും 77,100ലേക്ക് തിരുത്തൽ നടത്തിയ മുൻനിര, രണ്ടാംനിര ഓഹരിവിലകൾ ആകർഷകമായി മാറിയത് ഒരു വിഭാഗം ഫണ്ടുകളെ പുതിയ ബയിംഗിന് പ്രേരിപ്പിച്ചതോടെ ഇരട്ടി വീര്യവുമായി സെൻസെക്സ് 79,248ലേക്ക് ഉയർന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധം തകർക്കാനാകാതെ വാരാന്ത്യം 79,117ലാണ്. ഈ വാരം 79,886ലെ ആദ്യ പ്രതിരോധം മറികടന്നാൽ 80,656ൽ വീണ്ടും തടസം നേരിടാം. വിൽപ്പനസമ്മർദം ഉടലെടുത്താൽ 77,678-76,240 റേഞ്ചിൽ സപ്പോർട്ടുണ്ട്.
വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം അവർ 11,414.18 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര ഫണ്ടുകൾ വാങ്ങൽ താത്പര്യം ശക്തമാക്കി 11,036.76 കോടി രൂപയുടെ വാങ്ങൽ നടത്തി.
■ രൂപയ്ക്ക് ഇടിവ്
പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളർ സൂചിക മികവിലാണ്. 13 മാസത്തെ ഉയർന്ന നിലവാരമായ 107.50ൽ നീങ്ങുന്ന ഡോളർ സൂചിക 110 വരെ മുന്നേറിയാൽ യൂറോയും യെന്നും വീണ്ടും ദുർബലമാകും. ഫെഡ് റിസർവ് ഡിസംബറിൽ പലിശ കുറയ്ക്കുന്നതോടെ യൂറോ പരുങ്ങലിലാവാം. പണപ്പെരുപ്പം രണ്ട് ശതമാനത്തിനു മുകളിലായതിനാൽ അടുത്തമാസം ബാങ്ക് ഓഫ് ജപ്പാൻ പുതിയ പ്രഖ്യാപനങ്ങൾ നടത്താം.
ഗ്ലോബൽ മാർക്കറ്റിലെ കുത്തൊഴുക്കിൽ ഇന്ത്യൻ രൂപ പിടിച്ചുനിൽക്കാനാകാതെ ക്ലേശിക്കുന്നു. രൂപയുടെ മൂല്യം വാരാന്ത്യം 84.50ലെങ്കിലും സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ 84.90ലേക്കും 85.20ലേക്ക് ദുർബലമാകാം.
■ സ്വർണം തിളങ്ങും
റഷ്യ-യുക്രെയ്ൻ മിസൈൽ ആക്രമണം ധനകാര്യസ്ഥാപനങ്ങളെ സ്വർണത്തിലേക്ക് അടുപ്പിച്ചു. വാങ്ങൽ താത്പര്യത്തിൽ മഞ്ഞലോഹം അഞ്ച് ശതമാനം പ്രതിവാര നേട്ടത്തിലാണ്. ട്രോയ് ഔൺസിന് 2560 ഡോളറിൽനിന്ന് 2717 വരെ ഉയർന്നു. സാങ്കേതികമായി വിലയിരുത്തിയാൽ 2900 ഡോളർ വരെ കുതിക്കാൻ ഈ റാലിക്കാവും. പുതുവർഷം സ്വർണം 3000 ഡോളറിന് മുകളിൽ ഇടംപിടിക്കാം.