യുപിഐ സർക്കിൾ അവതരിപ്പിച്ചു
Monday, November 25, 2024 1:09 AM IST
ഡൽഹി: ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതു ലക്ഷ്യമിട്ട് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ. യുപിഐ അക്കൗണ്ട് പല വ്യക്തികൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ "യുപിഐ സർക്കിൾ' എന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികൾക്ക് ഇത്തരത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. പരമാവധി 5 പേരെ യുപിഐ ഇടപാടുകൾ നടത്താൻ ഒരു പ്രാഥമിക ഉപയോക്താവിന് അനുവദിക്കാവുന്നതാണ്.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അല്ലെങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് മാത്രം ഉപയോഗിക്കുന്ന വ്യക്തികൾക്കുള്ളതാണ് യുപിഐ സർക്കിൾ. ഇതിലൂടെ മുതിർന്ന പൗരന്മാർ, ഭാര്യ, കുടുംബത്തിലെ മറ്റ് അംഗങ്ങൾ അല്ലെങ്കിൽ കുട്ടികൾ എന്നിവർക്ക് യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം പ്രാഥമിക യുപിഐ അക്കൗണ്ട് ഉടമയ്ക്ക് നൽകാം.
ഒട്ടുമിക്ക മേഖലകളിലും യുപിഐ ഇടപാടുകൾ വർധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഫീച്ചറായ യുപിഐ സർക്കിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോഗിക്കുന്ന വിധം
യുപിഐ ആപ്പ് തുറന്ന് "യുപിഐ സർക്കിൾ' ക്ലിക്ക് ചെയ്യുക. തുടർന്ന് "ആഡ് ഫാമിലി ഓർ ഫ്രണ്ട്സ്' ബട്ടണിൽ ക്ലിക്കുചെയ്യുക. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേർക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത്. ക്യുആർ കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ അവരുടെ യുപിഐ ഐഡി നൽകുക. യുപിഐ ഐഡി ഓപ്ഷൻ ആണെങ്കിൽ യുപിഐ ഐഡി നൽകുന്പോൾ "ആഡ് ടു മൈ യുപിഐ സർക്കിൾ' ക്ലിക്ക് ചെയ്യുക. ശേഷം ഇതിൽ ചേർക്കുന്ന വ്യക്തിയുടെ ഫോണ് നന്പർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും.
ആ വ്യക്തി കോണ്ടാക്റ്റ് ലിസ്റ്റിൽ ഉണ്ട് എന്ന് ഉറപ്പാക്കണം. ഇതിൽ രണ്ട് ഓപ്ഷനുകൾ ലഭിക്കും. "സ്പെൻഡ് വിത്ത് ലിമിറ്റ്' അല്ലെങ്കിൽ "അപ്രൂവ് എവരി പേയ്മെന്റ്' എന്നിവയാണ് രണ്ട് ഓപ്ഷനുകൾ. ആദ്യ ഓപ്ഷനിൽ, ഇടപാടുകൾക്ക് ഒരു പരിധി നിശ്ചയിക്കാം, രണ്ടാമത്തെ ഓപ്ഷനിൽ എല്ലാ ഇടപാടുകൾക്കും അംഗീകാരം നൽകണം. ആവശ്യാനുസരണം ഇതിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.