ബദാം ശീലമാക്കുന്നത് ആരോഗ്യത്തിന് ഉചിതമെന്ന് ഗവേഷണഫലം
Monday, November 25, 2024 1:09 AM IST
തിരുവനന്തപുരം: ബദാം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിന് ഉചിതമെന്നു ഗവേഷണഫലം. പതിവായി ബദാം കഴിക്കുന്നത് വ്യായാമത്തിനു ശേഷമുള്ള വേദനയും പേശികളുടെ കേടുപാടുകളും പരിഹരിച്ച് സുഖം പ്രാപിക്കാന്‍ സഹായിക്കുമെന്ന് പുതിയ ഗവേഷണത്തില്‍ കണ്ടെത്തി.
പേശികളുടെ തളര്‍ച്ചയും വേദനയും കുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനും ബദാം സഹായിക്കുമെന്നുമാണ് കണ്ടെത്തൽ. ആല്‍മണ്ട് ബോര്‍ഡ് ഓഫ് കലിഫോര്‍ണിയയുടെ ധനസഹായത്തോടെ നടന്ന ഗവേഷണത്തെക്കുറിച്ച് കറന്റ് ഡെവലപ്മെന്റ്സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആഴ്ചയില്‍ ഒന്നു മുതല്‍ നാലു മണിക്കൂര്‍ വരെ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭാരം അല്ലെങ്കില്‍ നേരിയ അമിതഭാരം ഉള്ളവരുമായ 26 മധ്യവയസ്കരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഫിറ്റ്നസ് വീണ്ടെടുക്കുന്നതില്‍ ബദാം വഹിച്ചേക്കാവുന്ന പങ്കിനെക്കുറിച്ച് ഈ ഗവേഷണഫലം കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതായി സാന്‍ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പോഷകാഹാര-ശാസ്ത്ര പ്രഫസര്‍ ഡോ. മാര്‍ക്ക് കെന്‍ പറയുന്നു.