ഇന്ത്യൻ കുരുമുളക് കർഷകർക്ക് സ്പൈസസ് ബോർഡിന്റെ പ്രഹരം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, November 25, 2024 1:09 AM IST
നാല് ഓട്ടക്കാശിന് ഒരു സമൂഹത്തിനു മുന്നിൽ കുരുമുളക് കർഷകരെ അവർ നഗ്നരാക്കി. റബറിന് മുന്നേറാനാകുന്നില്ല. പച്ചത്തേങ്ങയ്ക്ക് ആവശ്യം വർധിച്ചു, മില്ലുകാർ കൊപ്രയ്ക്കായി പരക്കം പായുന്നു. ഏലം ആഗോള ഉത്പാദനം ചുരുങ്ങും, കൂടുതൽ മികവിലേക്ക്. ആഭരണ വിപണികൾക്ക് തിളക്കം.
കൊളംബോയിൽ നടന്ന അന്താരാഷ്ട്ര കുരുമുളക് സമൂഹയോഗത്തിൽ മുഖ്യ ഉത്പാദക രാജ്യങ്ങൾ അവരുടെ കർഷകരോട് നീതി പുലർത്തിയപ്പോൾ ഇന്ത്യൻ സംഘം കർഷകരെ മറന്ന് ഇറക്കുമതി ലോബിയുടെ താളത്തിനു തുള്ളി. ഒരു വ്യാഴവട്ടം മുമ്പുവരെ ആഗോള വിപണിയുടെ ചുക്കാൻ നിയന്ത്രിച്ച മലബാർ മുളകിനെ ഇന്ന് നയിക്കുന്നത് വ്യവസായികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരാണ്. ഊതിവീർപ്പിച്ച കണക്കുകളുമായി നാലു ദിവസം നീണ്ട യോഗത്തിൽ ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ അവർ പരസ്യമായി അപമാനിച്ചു.
കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്രതിവർഷം എത്ര ടൺ കുരുമുളക് വിളയുമെന്നു പോലും അറിയാതെ ഐപിസി യോഗത്തിൽ ഉത്പാദനത്തെക്കുറിച്ചും കരുതൽ ശേഖരത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിച്ചു. ഇന്ത്യക്ക് പുറമേ ആതിഥേയ രാജ്യമായ ശ്രീലങ്ക, ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ ഉത്പാദക രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കാരും യുഎസ്, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കാരും ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളും സംബന്ധിച്ച യോഗത്തിൽ പൊള്ളയായ കണക്കുകൾ സ്പൈസസ് ബോർഡ് നിരത്തി.
ഇന്ത്യ കഴിഞ്ഞ സീസണിൽ ഒന്നേകാൽ ലക്ഷം ടൺ കുരുമുളക് ഉത്പാദിപ്പിച്ചെന്ന് അവകാശപ്പെടുന്ന കേന്ദ്ര ഏജൻസിയുടെ കണക്കിൽ അരലക്ഷം ടണ്ണിന്റെ നീക്കിയിരിപ്പുണ്ടെന്നും കഴിഞ്ഞ സീസണിൽ 33,000 ടൺ ഇറക്കുമതി നടത്തിയെന്നും അടുത്ത വർഷം 43,000 ടണ്ണിന്റെ ഇറക്കുമതി വേണ്ടിവരുമെന്നും വ്യക്തമാക്കുമ്പോൾ സത്യത്തിൽ ഇവർ പ്രവർത്തിക്കുന്നത് ആർക്കുവേണ്ടിയാണ്? പ്രതികൂല കാലാവസ്ഥയിൽ വിയറ്റ്നാമിൽ പോലും വിളവ് കുറഞ്ഞു, നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയിൽ കേരളം വെന്തുരുകിയതും ശീതീകരിച്ച മുറിയിൽ ഇരുന്ന മേലാളൻമാർ അറിഞ്ഞില്ല.
ആ ഉയർന്ന താപനിലയുടെ ബാക്കിപത്രമായി അടുത്ത സീസണിൽ ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിക്കുമെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കെൽപ്പില്ലാത്ത ഒരു കൂട്ടരിൽനിന്നും കർഷകരെ, നിങ്ങൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. മലബാർ മുളക് പോയവർഷം എത്ര ടൺ ഷിപ്പ്മെന്റ് നടത്തി? മൂല്യ വർധിതമാക്കാൻ ഇറക്കുമതി നടത്തിയ ശേഷം റീ ഷിപ്പ്മെന്റ് ചെയ്ത ചരക്കിന്റെ കണക്കല്ല കർഷകർ ചോദിക്കുന്നത്. ഇവിടെ വിളയിച്ച നാടൻ മുളകിന് ഏതെല്ലാം രാജ്യങ്ങൾ എത്രമാത്രം താത്പര്യം കാണിച്ചുവെന്ന് പോലും ബോർഡിനറിയില്ല. ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ കേന്ദ്ര ഏജൻസി പൊട്ടൻമാരാക്കുകയാണോ, അതോ അവർ സ്വയം പൊട്ടൻമാരാണോ?
ഉത്പാദനത്തെക്കുറിച്ചും കരുതൽ ശേഖരത്തെക്കുറിച്ചുമുള്ള ഊതിവീർപ്പിച്ച കണക്കുകൾ പുറത്തുവരുമെന്ന കാര്യം മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചിരുന്നു. അത് ശരിവയ്ക്കും വിധം വില ഇടിക്കാൻ സംഘടിത നീക്കവുമായി ഉത്തരേന്ത്യൻ ലോബി രംഗത്ത് തമ്പടിച്ചു. അതിൽ അവർ വിജയിക്കുകയും ചെയ്തു, ഒറ്റയടിക്ക് 1100 രൂപ കാര്യമായ സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ അവർക്ക് ഇടിക്കാനായി. രണ്ട് ലക്ഷ്യമാണ്, ഒന്നാമത് ഓഫ് സീസണിലെ വിലമുന്നേറ്റത്തിനു തുരങ്കം വയ്ക്കുക, രണ്ടാമത് അടുത്ത സീസണിലെ പുതിയ ചരക്ക് മുന്നേറാനുള്ള സാധ്യതകൾ ഇല്ലാതാക്കുക.
വിനിമയ വിപണിയിൽ രൂപ തവിട് പൊടിയായി മാറുന്നതിനാൽ ഇറക്കുമതി അത്ര ആകർഷകമല്ല. കറിമസാല പൗഡർ യൂണിറ്റുകൾക്കും ബ്രാൻഡ് നാമത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന ബഹുരാഷ്ട്ര കുത്തകകൾക്കും പുതിയ ചരക്ക് വൻതോതിൽ ആവശ്യമുണ്ട്. ജൂലൈക്കു ശേഷം മുളകു വിലയിലുണ്ടായ കുതിച്ചുചാട്ടത്തിനിടയിൽ മസാല കമ്പനികളെല്ലാം തന്നെ അവരുടെ പാക്കറ്റ് വില ഉയർത്തി. ആ വില അവർ ഇനി താഴ്ത്തില്ല, എന്നാൽ, പുതിയ ചരക്കിന്റെ വില പരമാവധി ഇടിച്ചാൽ കോടികളുടെ അധിക ലാഭം ഉറപ്പു വരുത്താനാവും. പ്രതികൂല കാലാവസ്ഥയോട് പടപൊരുതുന്ന കർഷകനെ ചവിട്ടിത്താഴ്ത്തിയാലും ചോദിക്കാൻ ആരും വരില്ലെന്നവർക്കറിയാം. അൺഗാർബിൾഡ് മുളക് 62,100 രൂപയിലും ഗാർബിൾഡ് 64,100 രൂപയിലുമാണ്.
നേരിയ മുന്നേറ്റത്തിൽ റബർ
റബർ അവധി വ്യാപാര രംഗത്ത് ഫണ്ടുകൾ ഷോർട്ട് കവറിംഗിനു കാണിച്ച തിടുക്കം വിലയിൽ വൻ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും കുതിച്ചുചാട്ടത്തിന് അൽപ്പായുസായിരുന്നു. ഏഷ്യൻ അവധി നിരക്കുകളിൽ ശ്രദ്ധേയമായ ഉണർവ് കണ്ട് റബർ കയറ്റുമതി രാജ്യങ്ങൾ വില ഉയർത്താൻ തയാറായി. എന്നാൽ, ഈ അവസരത്തിലും തണുപ്പൻ മനോഭാവം കാഴ്ചവച്ച് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര നിരക്ക് ഉയർത്തിയില്ല.
മുൻവാരം സൂചന നൽകിയത് ശരിവച്ച് വരവ് ചുരുങ്ങിയതു കണ്ട് സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാൻ വാങ്ങലുകാർ നീക്കം നടത്തി. 18,200 രൂപയിൽനിന്നും വാരത്തിന്റെ രണ്ടാം പകുതിയിൽ നാലാം ഗ്രേഡിന് 18,600 വരെ ഉയർന്നു. അഞ്ചാം ഗ്രേഡ് 17,800ൽനിന്നും 18,200 രൂപയായി. വാരത്തിന്റെ ആദ്യ പകുതിയിൽ കനത്ത മഴ മൂലം തെക്കൻ കേരളത്തിൽ റബർ ടാപ്പിംഗ് ഏതാണ്ട് പൂർണമായി സ്തംഭിച്ചു. ചില ഭാഗങ്ങളിൽ പ്രതിസന്ധികളെ തരണം ചെയ്ത് റബർ വെട്ടിന് ഉത്പാദകർ ഉത്സാഹിച്ചു.
കുതിച്ചുകയറി ഏലം
വിദേശ ഓർഡറുകൾക്കൊപ്പം ആഭ്യന്തര ഡിമാൻഡും ഏലം ലേലകേന്ദ്രങ്ങളിൽ ആവേശം വിതറി. അറബ് രാജ്യങ്ങളിൽനിന്നുള്ള ഓർഡർ മുൻനിർത്തി കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വാങ്ങലുകാരും രംഗത്ത് അണിനിരന്നത് ശരാശരി ഇനങ്ങളെ ഈ വർഷത്തെ ഉയർന്ന നിരക്കായ 2957 രൂപയിൽ എത്തിച്ചു. മികച്ചയിനങ്ങളുടെ വില 3500ലേക്കും കയറി.
പച്ചത്തേങ്ങ റിക്കാർഡിൽ
പച്ചത്തേങ്ങ സർവകാല റിക്കാർഡിലേക്ക് ഉയർന്നതോടെ വ്യവസായികൾ കൂടിയ വില നൽകി കൊപ്ര സംഭരിക്കാൻ രംഗത്ത്. മില്ലുകാർ 14,200ന് കൊപ്ര വാങ്ങി, വെളിച്ചെണ്ണ വില 21,200 രൂപ. ശബരിമല സീസണായതിനാൽ ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങയ്ക്ക് ഡിമാൻഡ് വർധിച്ചതോടെ കാർഷിക മേഖല കൊപ്രയാക്കാൻ ഉത്സാഹം കാണിച്ചില്ല.
ആഭരണ വിപണികളിൽ സ്വർണം 55,560 രൂപയിൽനിന്ന് 55,480ലേക്ക് താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 58,400ലേക്ക് ഉയർന്നു. ഗ്രാമിന് വില 7300 രൂപ. 18 കാരറ്റ് ഗ്രാമിന് 6020 രൂപ.