ചെറിയ വിലയിലെ ആഡംബരം
Saturday, November 23, 2024 12:31 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
വർഷം 2020. ഇന്ത്യൻ വിപണിയിൽ തകർന്നടിഞ്ഞു നിൽക്കുന്നു ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ. മരണമണി മുഴങ്ങിയ നിസാന്റെ അവസാന കച്ചിത്തുരുന്പായി മാഗ്നൈറ്റ് കളത്തിലിറക്കുന്നു. ഇതും വിജയിച്ചില്ലെങ്കിൽ ഇന്ത്യ വിടേണ്ട അവസ്ഥ. എന്നാൽ, പിന്നീടങ്ങോട് സംഭവിച്ചത് ചരിത്രം. ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്യുവികളിലൊന്നായി മാഗ്നൈറ്റ് മാറി.
ഇന്ന് നെക്സോൺ, ബ്രെസ, വെന്യു, സോണറ്റ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ നിസാൻ ഇറക്കുന്ന തുറുപ്പു ചീട്ടാണ് മാഗ്നൈറ്റ്. 2020ന് ശേഷം ചെറിയ മാറ്റങ്ങൾ പലപ്പോഴായി വരുത്തിയെങ്കിലും ഇപ്പോഴാണ് പറയത്തക്കവിധം മുഖംമിനുക്കി മാഗ്നൈറ്റ് എത്തിയത്.
മാറ്റമില്ലാത്ത മാറ്റം
നിലവിലുള്ള ഫീച്ചറുകളിൽ ചില മാറ്റങ്ങൾ വരുത്തിയും മറ്റ് ചില പുതിയ ഫീച്ചറുകൾ ചേർത്തുമാണ് പുതിയ മാഗ്നൈറ്റ് ഫേസ്ലിഫ്റ്റ് കഴിഞ്ഞ മാസം വിപണിയിൽ ഇറക്കിയത്. വിലയിൽ മാറ്റമില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന ഘടകം. വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം.
ഗ്രില്ലിൽ കൂടുതൽ ക്രോം, ഗ്ലോസ് ബ്ലാക്ക് എലമെന്റും നൽകിയിരിക്കുന്നു. മുന്നിൽ മാറ്റങ്ങൾ വരുത്തിയ ഹെഡ്ലാംപും എൽഇഡി ഡിആർഎല്ലും പിന്നിൽ എൽഇഡി ടെയിൽ ലാംപുകളുമാണുള്ളത്. വശങ്ങളിൽ വലിയ മാറ്റങ്ങളില്ല, പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.
വിദേശ ശൈലിയിൽ ഒരുക്കിയ കാബിൻ, സൗകര്യപ്രദമായ സ്റ്റോറേജ് സ്പെയ്സുകൾ, എർഗണോമിക് സീറ്റുകൾ, ദുർഗന്ധം-പൂപ്പൽ എന്നിവ നീക്കം ചെയ്യുന്ന പ്ലാസ്മ ക്ലസ്റ്റർ അയണൈസർ തുടങ്ങി ലോകോത്തര സൗകര്യങ്ങളാണ് വാഹനത്തിൽ ഉള്ളത്.
യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ 52ൽ അധികം അതീവ സുരക്ഷാ ഫീച്ചറുകളുമുണ്ട്. മാഗ്നൈറ്റ് ഫേസ്ലിഫ്റ്റിന്റെ പഴയ വേരിയന്റ് പേരുകളും നിസാൻ മാറ്റി. ഇപ്പോൾ ഇത് വിസിയ, വിസിയ പ്ലസ്, അസെന്റ, എൻ-കണക്റ്റ, ടെക്ന, ടെക്ന പ്ലസ് എന്നിങ്ങനെയാണ് പേരുകൾ. ആറ് വേരിയന്റുകളായാണ് പുതിയ പതിപ്പ്.
ഉള്ള് പുതിയത്
വാഹനത്തിനുള്ളിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒന്നാമത്തേത് കപ്പിൾ ഡിസ്റ്റൻസും മറ്റൊന്ന് ബാക്ക് സീറ്റ് നീ റൂമുമാണ്. മുന്നിലെ സീറ്റുകൾ തമ്മിലുള്ള അകലം 700 എംഎം ആക്കിയാണ് കപ്പിൾ ഡിസ്റ്റൻസ് നൽകിയിരിക്കുന്നത്. മുന്നിലെയും പിന്നിലെയും സീറ്റുകൾ തമ്മിലുള്ള അകലം 219 എംഎം ആക്കിയാണ് ബാക്ക് സീറ്റ് നീ റൂം നൽകിയിരിക്കുന്നത്.
ഓൾ ബ്ലാക്ക് തീമിന് പകരം കോപ്പർ ആൻഡ് ബ്ലാക്ക് ഫിനിഷുള്ള ഡാഷ്ബോർഡാണ് നൽകിയിരിക്കുന്നത്. ഡാഷ്ബോർഡിലും ഡോർ പാഡുകളിലും നാലു നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡോർ പാഡുകൾക്കും സീറ്റ് അപ്ഹോൾസറിക്കും ഡ്യുവൽ ടോണ്‍ ഫിനിഷ് നൽകിയിരിക്കുന്നു.
എന്നാൽ, മുൻ തലമുറയിലെ ബ്ലാക്ക്, സിൽവർ ഫിനിഷുള്ള സ്റ്റിയറിംഗ് വീൽ ഓൾ ബ്ലാക്കിലേക്ക് മാറിയിട്ടുണ്ട്. പിൻ ആംറെസ്റ്റ്, സ്പ്ലിറ്റ് പിൻസീറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ക്രോം ഡോർ ഹാൻഡിലുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എബിഎസ്, പവർ വിൻഡോ, ഡ്രൈവറുടെ സൗകര്യാർഥം ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ നൽകിയിരിക്കുന്നു.
ഡ്യുവൽ ടോണ്‍ ബ്രൗണ്‍-ഓറഞ്ച് ഇന്റീരിയർ, മെമ്മറി ഫംഗ്ഷനോടുകൂടിയ മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, ആറ് സ്പീക്കറുകൾ, ഷാർക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, ബൈ-പ്രൊജക്ടർ ഹെഡ്ലാന്പുകൾ, ഹെഡ്ലാന്പുകളിൽ എൽഇഡി ടേണ്‍ ഇൻഡിക്കേറ്റർ, എൽഇഡി ഫോഗ് ലാന്പുകൾ, എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ എസി വെന്റ്, അപ്ഡേറ്റഡ് 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ഓട്ടോഡിമ്മിംഗ് റിയർവ്യൂ മിറർ, സി ടൈപ് ചാർജിംഗ് പോർട്ട്, 360 ഡിഗ്രി കാമറ, വയർലെസ് ചാർജർ, ക്രൂയിസ് കണ്ട്രോൾ എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും എല്ലാ സീറ്റുകൾക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റും നൽകിയിട്ടുണ്ട്. 60 മീറ്റർ ചുറ്റളവിൽ വാഹനം വിദൂരമായി സ്റ്റാർട്ട് ചെയ്യാൻ പുതിയ ഐ-കീയുമുണ്ട്.
ഹൃദയം പഴയത്
എൻജിനിൽ പുതിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ പതിപ്പ് ഇറക്കിയത്. മുൻപത്തെ മോഡലിന് സമാനമായി 1 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനുമാണ് നിസാൻ മാഗ്നൈറ്റ് ഫേസ്ലിഫ്റ്റിൽ നൽകിയിരിക്കുന്നത്.
72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും നൽകുന്നതാണ് പെട്രോൾ എൻജിൻ. അതേസമയം, ടർബോ-പെട്രോൾ എൻജിൻ 100 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും നൽകുന്നുണ്ട്. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് രണ്ട് എൻജിനുകളിലും ലഭ്യമാണ്.
നാച്ചുറലി ആസ്പിരേറ്റഡ് എൻജിന് ഓപ്ഷണൽ 5-സ്പീഡ് എഎംടി ലഭിക്കും. ടർബോ-പെട്രോൾ എൻജിന് സിവിടി ഓപ്ഷനും ലഭിക്കും. നാച്ചുറലി ആസ്പിരേറ്റഡ് എൻജിൻ എല്ലാ വേരിയന്റുകളിലും ലഭ്യമാകുമെങ്കിലും ടർബോ-പെട്രോൾ എൻജിൻ അസെന്റയിൽ ആയിരിക്കും ലഭ്യമാകുക.
പൂർണമായും ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കുന്ന മാഗ്നൈറ്റ് ഫേസ്ലിഫ്റ്റ് റൈറ്റ് ഹാൻഡ് ഡ്രൈവ്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് രീതിയിൽ മാറ്റംവരുത്തി 65ലധികം രാജ്യങ്ങളിലേക്കാണ് നിസാൻ കയറ്റുമതി ചെയ്യാൻ പോകുന്നത്.