വിപണിയില് ആവശ്യക്കാരേറി; തേയിലയ്ക്ക് പ്രതീക്ഷ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, July 8, 2024 1:07 AM IST
ദക്ഷിണേന്ത്യൻ തേയിലയ്ക്ക് ആവശ്യക്കാരേറി. ഇന്ത്യൻ പഞ്ചസാരയുടെ ലഭ്യതയ്ക്കായി ലോകവിപണി കാത്തിരിക്കുന്നു. രാജ്യാന്തര റബറിൽ സാങ്കേതികതിരുത്തൽ. ആഭ്യന്തര ഷീറ്റ്ക്ഷാമം കർക്കടകത്തിലും തുടരാം. ലേലകേന്ദ്രങ്ങളിൽ ഏലക്ക വരവ് ചുരുങ്ങി. വിളവെടുപ്പ് ഉൗർജിതമാകാൻ ഓഗസ്റ്റ്വരെ കാത്തിരിക്കണം. സുഗന്ധവ്യഞ്ജന വ്യവസായികളുടെ മായംചേർക്കൽ പിടികൂടിയതു കാർഷികമേഖലയിൽ ആശങ്ക ജനിപ്പിക്കുന്നു. സ്വർണവില കുതിച്ചു.
കാലവർഷത്തിന്റെ വരവോടെ തോട്ടംമേഖലയിൽ തേയിലയുടെ കൊളുന്ത് നുള്ളൽ ഉൗർജിതമായി. നേരത്തേ, കനത്ത വേനലിൽ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക തോട്ടങ്ങളിൽനിന്നും തൊഴിലാളികൾ വിട്ടുനിന്നത് ഉത്പാദനത്തിൽ വൻ ഇടിവ് സൃഷ്ടിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കൊച്ചി, കുന്നൂർ, കോയന്പത്തൂർ എന്നീ ലേലകേന്ദ്രങ്ങളിൽ പുതിയ ചരക്കുവരവ് ശക്തിയാർജിക്കും.
ഏലക്കയ്ക്കു ക്ഷാമം
പുതിയ ഏലക്ക മാസാവസാനം സജ്ജമാക്കുമെന്ന് ഉത്പാദകർ നേരത്തേ കണക്കുകൂട്ടിയെങ്കിലും പുതിയ വിലയിരുത്തലിൽ വരവ് ഓഗസ്റ്റിലേക്കു നീളാം. ലഭ്യത ചുരുങ്ങിയതോടെ വാരാവസാനം നടന്ന രണ്ടു ലേലങ്ങളിൽ ചരക്ക് പൂർണമായി വിറ്റഴിഞ്ഞത് ഉത്പാദനമേഖലയിലെ ചരക്കുക്ഷാമത്തെ വ്യക്തമാക്കുന്നു. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലക്ക സംഭരണത്തിനായി മത്സരിച്ചെങ്കിലും വില ഉയർന്നില്ല. ശരാശരി ഇനങ്ങൾ കിലോ 2,237 രൂപയിലും മികച്ചയിനങ്ങൾ 2,660 രൂപയിലും കൈമാറി.
വിവിധ സുഗന്ധവ്യഞ്ജന പൗഡർ നിർമാതാക്കളുടെ ഉത്പന്നങ്ങളിൽ മായംചേർക്കൽ കണ്ടെത്തിയതു കാർഷികമേഖലയിൽ ആശങ്ക ജനിപ്പിക്കുന്നു. ഏറ്റവും മികച്ച ഉത്പന്നം കർഷകർ വിളയിച്ചിട്ടും ലാഭക്കൊതി മൂത്ത വ്യവസായികൾ കൃത്രിമവസ്തുക്കൾ കലർത്തി ഉത്പന്നം വില്പന നടത്തി. അവർക്കെതിരായ നടപടികൾ അവസരമാക്കി ഒരു വിഭാഗം ഉത്പന്നവില ഇടിക്കാൻ ശ്രമം നടത്താൻ ഇടയുണ്ട്; ഉത്പാദകർ കരുതലോടെ വിപണിയെ സമീപിക്കണം.
സംഭരിക്കാൻ നീക്കം
ശൈത്യകാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് യൂറോപ്യൻ രാജ്യങ്ങൾ തേയില സംഭരണത്തിനുള്ള നീക്കത്തിലാണ്. മധ്യപൂർവേഷ്യയിൽനിന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നും ദക്ഷിണേന്ത്യൻ തേയിലയ്ക്ക് ആവശ്യക്കാരുണ്ട്. ജനുവരി-മാർച്ച് കാലയളവിൽ ഇന്ത്യൻ തേയില കയറ്റുമതി 33.29 ശതമാനം വർധിച്ച് 64.63 ദശലക്ഷം കിലോഗ്രാമിലെത്തി. 2023നെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ തേയിലയുടെ കയറ്റുമതി 58.91 ശതമാനമുയർന്ന് 26.84 ദശലക്ഷം കിലോഗ്രാമായപ്പോൾ, ഉത്തരേന്ത്യയുടെ കയറ്റുമതി 19.59 ശതമാനം വർധിച്ച് 37.79 ദശലക്ഷം കിലോഗ്രാമിൽ എത്തി.
ആഭ്യന്തര തേയില വില്പന ഉയർന്ന തലത്തിലാണ്. കേരളത്തിൽ കൊളുന്തിന്റെ വില കിലോഗ്രാമിന് 14 രൂപയായി താഴ്ന്നതു ചെറുകിട കർഷകർക്കു കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരക്ക് 20 രൂപയായിരുന്നു. വളം, കാർഷിക ചെലവുകളിലെ വർധന കണക്കിലെടുത്താൽ ചെറുകിടകർഷകർക്കു തേയിലകൃഷി നഷ്ടക്കച്ചവടമാണ്. നിരക്കുയർത്തി നിശ്ചയിക്കേണ്ടതു ടീ ബോർഡാണ്. എന്നാൽ, ബഹുരാഷ്ട്ര കന്പനികളുടെ താത്പര്യങ്ങൾക്കു മാത്രമേ അവർ മുൻതൂക്കം നൽകൂ എന്നു ചെറുകിട കർഷകർ ആരോപിക്കുന്നു.
മധുരം തേടി
ഇന്ത്യൻ പഞ്ചസാരയുടെ വരവിനായി ഇറക്കുമതി രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. നവംബറിൽ പഞ്ചസാര കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം കാരണം ആഗോളവിപണിയിൽ ചരക്കുക്ഷാമം രൂക്ഷമാണ്. നിലവിൽ ബ്രസീലിയൻ പഞ്ചസാരയെയാണ് ഇറക്കുമതിക്കാർ കൂടുതലായി ആശ്രയിക്കുന്നത്. ആഗോള പഞ്ചസാര ഉത്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാൽ, പഞ്ചസാര കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് തായ്ലൻഡാണ്. ഇന്ത്യൻ കരുതൽശേഖരത്തിൽ ഒന്പതു ദശലക്ഷം ടണ്ണിലധികം പഞ്ചസാരയുള്ള സാഹചര്യത്തിൽ, മൂന്നര ദശലക്ഷം ടണ്ണിന്റെ കയറ്റുമതിക്ക് കേന്ദ്രം അനുമതി നൽകുമെന്ന നിഗമനത്തിലാണു വിപണി.
ഉത്തർപ്രദേശിലെ കരിന്പുതോട്ടങ്ങൾ കുമിൾ രോഗത്തിന്റെ പിടിയിലാണ്. കരിന്പിനെ ബാധിക്കുന്ന ചുവന്ന ചെഞ്ചീയൽ ഫംഗസ് ബാധ കൃഷിയെ ബാധിക്കുന്നത് ഉത്പാദനം കുറയാനിടയാക്കും. കാലവർഷം വ്യാപകമാണെങ്കിലും മഴയുടെ അളവ് കുറഞ്ഞതും കൃഷിക്കു തിരിച്ചടിയാണ്. സംസ്ഥാനത്തു പഞ്ചസാര വില 4200 രൂപയാണ്.
റബറിന് ഇടിവ്
ഏഷ്യൻ റബർ അവധി വ്യാപാരരംഗത്ത് സാങ്കേതികതിരുത്തലുണ്ടായി. ജപ്പാനിൽ റബർ, ഏഴ് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞു. ഒസാക്ക എക്സ്ചേഞ്ചിൽ ഫണ്ടുകൾ വില്പനയിലേക്കു തിരിഞ്ഞതോടെ ഒക്ടോബർ അവധി കിലോ 320 യെന്നിലേക്കു താണു.
ഇതിന്റെ ചുവടുപിടിച്ച് സിംഗപ്പുർ, ചൈനീസ് വിപണികളിലും റബർ വിലയിൽ ഇടിവുണ്ടായി. റബർ വിപണി സാങ്കേതികമായി ദുർബലാവസ്ഥയിലേക്കു നീങ്ങുന്ന കാര്യം മുൻവാരം വ്യക്തമായതാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ റബർ 306 യെന്നിനെ ലക്ഷ്യമാക്കുകയാണ്. യെന്നിന്റെ മൂല്യം ശക്തിയാർജിക്കുന്നതു റബറിലെ വില്പന സമ്മർദത്തിന് ആക്കം കൂട്ടാം.
ചൈനീസ് ഇലക്ട്രിക് വാഹന ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ 37.6 ശതമാനം നികുതി ഏർപ്പെടുത്തിയത് അവരുടെ കയറ്റുമതിക്കു തിരിച്ചടിയാകുമെന്നതു ഫലത്തിൽ റബറിനെയും ബാധിക്കും. ഇതിനിടയിൽ പ്രതിസന്ധി മറികടക്കാൻ തായ്ലൻഡിൽ പുതിയ കാർ നിർമാണ ഫാക്ടറിക്കുള്ള തിരക്കിട്ട നീക്കത്തിലാണു ചൈന.
മഴ ചതിച്ചു
കർക്കടകം ആദ്യ പകുതിയിലും ഷീറ്റ്ക്ഷാമം വിട്ടുമാറില്ലെന്നു ടയർ വ്യവസായികൾക്കു മനസിലായി. സംസ്ഥാനത്ത് റബർ ഉത്പാദനം ചുരുങ്ങുന്ന സ്ഥിതിയാണ്. മഴ കാരണം ടാപ്പിംഗിന് അവസരം കണ്ടെത്താനാവാതെ കാർഷികമേഖല നട്ടം തിരിയുന്നു. കാലവർഷത്തിന്റെ വരവിനെത്തുടർന്ന് ജൂണിൽ നാമമാത്രമാണു വെട്ട് നടന്നത്. ഒട്ടുമിക്ക തോട്ടങ്ങളിലും തുടർച്ചയായി പത്തുദിവസം പോലും ടാപ്പിംഗിന് അവസരം ലഭിച്ചില്ല.
മഴ ഉത്പാദകർക്കു വലിയ തിരിച്ചടിയായി. ഈ നില തുടർന്നാൽ സംസ്ഥാനത്തു റബർ ഉത്പാദനം നാലു ലക്ഷം ടണ്ണായി കുറയാൻ സാധ്യതയുണ്ട്. വിദേശ റബറിന്റെ വരവു വൈകിയത് ടയർ മേഖലയുടെ കണക്കുകൂട്ടൽ തകിടം മറിച്ചു. എന്നാൽ, മുന്നിലുള്ള രണ്ടാഴ്ചകളിൽ കണ്ടെയ്നറുകൾ എത്തുമെന്ന പ്രതീക്ഷയിലാണു വ്യവസായികൾ. നാലാം ഗ്രേഡ് 207 രൂപയിലും അഞ്ചാം ഗ്രേഡ് 205 രൂപയിലുമാണ്. ഒട്ടുപാൽ 138 രൂപയിലും ലാറ്റക്സ് 144 രൂപയിലും വില്പന നടന്നു.
സംസ്ഥാനത്തു സ്വർണവില പവന് 1120 രൂപ ഉയർന്നു, പവൻ 53,000 രൂപയിൽനിന്ന് 54,120 രൂപയായി.