ഇന്ധന വിലവർധനയെ ന്യായീകരിച്ച് സിദ്ധരാമയ്യ
Monday, June 17, 2024 12:37 AM IST
ബംഗളൂരു: പെട്രോൾ, ഡീസൽ വിലവർധനയെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുസേവനങ്ങൾക്കും വികസന പദ്ധതികൾക്കും പണം ആവശ്യമാണെന്നും ഇതു കണ്ടെത്തുന്നതിനാണു പെട്രോൾ-ഡീസൽ വില വർധിപ്പിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു.
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.5 രൂപയും വർധിപ്പിച്ചതിന് പ്രതിപക്ഷമായ ബിജെപിയും സഖ്യകക്ഷിയായ ജെഡി-എസും കോണ്ഗ്രസ് സർക്കാരിനെതിരേ രൂക്ഷമായാണ് വിമർശിച്ചത്. പെട്രോളിന് 29.84 ശതമാനവും ഡീസലിന് 18.44 ശതമാനവുമാണ് നികുതി കൂട്ടിയത്. എന്നാൽ, ഇന്ധനവില വർധിപ്പിച്ചിട്ടും കർണാടകയിൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെട്രോൾ-ഡീസൽ വില കുറവാണ്.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താലും കർണാടകയിലാണ് ഇന്ധനവില കുറവുള്ളത്. പുതുക്കിയ നിരക്കുകൾ സംസ്ഥാനത്തിന് താങ്ങാനാവുന്നതാണ്-സിദ്ധരാമയ്യ പറഞ്ഞു.
2014ൽ ബിജെപി അധികാരത്തിൽ വരുന്നതിനു മുന്പ് പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്രഎക്സൈസ് തീരുവയെന്നും കേന്ദ്ര സർക്കാർ അവരുടെ ഖജനാവിലേക്കു കൂടുതൽ നികുതി പിരിച്ചെടുത്ത് കന്നഡക്കാരെ വഞ്ചിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുൻ ബിജെപി സർക്കാരിന്റെ കൃത്രിമ നയമാണ് കർണാടകയുടെ വരുമാനം കുറയ്ക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.