ദല്ലാൾ തെരുവിൽ കാളക്കുതിപ്പ്
ഓഹരി അവലോകനം / സോണിയ ഭാനു
Monday, February 19, 2024 12:34 AM IST
ഇന്ത്യൻ വിപണി തളർച്ചയോടെയാണ് ഇടപാടുകൾ ആരംഭിച്ചത്. എന്നാൽ, കാളക്കൂട്ടങ്ങൾ ദല്ലാൾതെരുവിൽ അഞ്ചു ദിവസങ്ങളിൽ നടത്തിയ ശക്തിപ്രകടനം മുൻനിര ഓഹരികൾ സടകുടഞ്ഞുണരാൻ കാരണമായി. ആഭ്യന്തരഫണ്ടുകൾ നിക്ഷേപകരായി നിറഞ്ഞുനിന്നത് നിഫ്റ്റിയെ വാരാന്ത്യം 22,000 പോയിന്റിനു മുകളിലെത്തിച്ചു, സൂചിക ഒരു ശതമാനം നേട്ടത്തിൽ 258 പോയിന്റ് ഉയർന്നു. സെൻസെക്സ് 831 പോയിന്റ് മുന്നേറി.
നവംബർ അവസാനം ട്രെൻഡ്ലൈൻ സപ്പോർട്ടായ 18,860 റേഞ്ചിൽ കണ്ടത്തിയ ഉൗർജവുമായി മുന്നേറാൻ തുടങ്ങിയ നിഫ്റ്റി, ഫെബ്രുവരിയിലും മികവു നിലനിർത്തി ഇതിനകം 22,126 വരെ കയറി. വിപണിയെ വിവിധ വശങ്ങളിൽനിന്നു വീക്ഷിച്ചാൽ സൂചിക ഓവർഹീറ്റായി മാറുന്നതായി കാണാം.
കുതിപ്പ് തുടരും
നിഫ്റ്റി 21,782ൽനിന്നു മുൻവാരം വ്യക്തമാക്കിയ 22,013ലെ ആദ്യ തടസം തകർത്തെങ്കിലും രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 22,126ലെ കടന്പയിലേക്ക് ഉയരാനായില്ല. 22,068 പോയിന്റ് വരെ ഉയർന്ന സന്ദർഭത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചതിനൊപ്പം, ഒരു വിഭാഗം ഉൗഹക്കച്ചവടക്കാർ ഉയർന്നതലത്തിൽ വിൽപ്പനയ്ക്കും മത്സരിച്ചു. മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 22,040 പോയിന്റിലാണ്. ഈ വാരം 22,222 പോയിന്റിൽ ശക്തമായ പ്രതിരോധം തലയുയർത്താം. ഇതു മറികടന്നാൽ ഫെബ്രുവരി സെറ്റിൽമെന്റിനു മുന്നേ സൂചിക 22,411നു മുകളിൽ ഇടംപിടിക്കും. തിരുത്തൽ സംഭവിച്ചാൽ 21,696ലും 21,353ലും സപ്പോർട്ടുണ്ട്.
നിഫ്റ്റിയുടെ മറ്റു സാങ്കേതികചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ വിൽപ്പനക്കാർക്ക് അനുകൂലമാണ്. എന്നാൽ, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർബോട്ടായത് തിരുത്തൽ സാധ്യതകൾക്കു ശക്തിപകരുന്നു.
തെരഞ്ഞെടുപ്പ് ശങ്ക
സെൻസെക്സ് 71,595 പോയിന്റിലാണ് ഇടപാടുകൾ പുനരാരംഭിച്ചതെങ്കിലും ഒരവസരത്തിൽ 70,830ലേക്ക് തളർന്നു. എന്നാൽ, ആഭ്യന്തരഫണ്ടുകളുടെ ശക്തമായ വാങ്ങലിനെത്തുടർന്ന് വിപണിയെ 72,545ലേക്ക് ഉയർത്തിയെടുക്കാനായി.
മാർക്കറ്റ് ക്ലോസിംഗിൽ 72,426 പോയിന്റിൽ നിലകൊള്ളുന്ന സെൻസെക്സ് 73,037ലെ ആദ്യ പ്രതിരോധമേഖലയെ ഉറ്റുനോക്കുന്നു. ഇതു മറികടക്കാൻ കരുത്തുലഭിച്ചാൽ 73,373 ലേക്കും തുടർന്ന് 73,427ലെ റിക്കാർഡിലേക്കും സഞ്ചരിക്കാം. തിരുത്തലുണ്ടായാൽ 71,322-70,218ൽ താങ്ങുണ്ട്. നാണയപ്പെരുപ്പ നിയന്ത്രണവും പെട്രോളിയം ഉത്പന്നവിലയിലെ സ്ഥിരതയും നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കും. അതേസമയം, തെരഞ്ഞടുപ്പ് അടുക്കുന്നത് ആശങ്ക പരത്താം.
നോട്ടം ചൈനയിൽ
യുഎസ്-യൂറോപ്യൻ ഓഹരി ഇൻഡക്സുകൾക്കൊപ്പം ഏഷ്യൻ മാർക്കറ്റുകളും കഴിഞ്ഞവാരം നേട്ടത്തിലായിരുന്നു. ജപ്പാനിലെ നിക്കീ സൂചിക റിക്കാർഡായ 38,863ലേക്ക് ഉയർന്നു. ഹോങ്കോംഗ്, കൊറിയൻ വിപണികളും കരുത്തുകാട്ടി. ഒരാഴ്ചനീണ്ട ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞു ചൈനീസ് മാർക്കറ്റിൽ ഇന്ന് ഇടപാടുകൾ പുനരാരംഭിക്കും. ഷാംഗ്ഹായിയിലെ ചലനങ്ങളെ ഉറ്റുനോക്കുകയാണ് ഫണ്ടുകൾ.
ക്രൂഡ് ഓയിൽ വില ബാരലിന് 78.23 ഡോളറിലാണ്. സാങ്കേതികമായി ബുള്ളിഷായതിനാൽ 82-84 ഡോളറിലേക്ക് ഉയരാൻ എണ്ണ ശ്രമം നടത്താം.
മഞ്ഞലോഹത്തിനു മങ്ങൽ
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണത്തിലെ വാങ്ങൽ താത്പര്യം ചുരുങ്ങിയതു മഞ്ഞലോഹത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചു. ട്രോയ് ഒൗണ്സിന് 2024 ഡോളറിൽനിന്ന് 2000ലെ താങ്ങുതകർത്ത് 1983 ഡോളറിലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 2013 ഡോളറിലാണ്. ചൈനീസ് വിപണി അവധിയായത് ഏഷ്യൻ മേഖലയിലെ നിക്ഷേപതാത്പര്യം കുറച്ചു. ഈ വാരം അവർ സജീവമാക്കുന്നതോടെ ഇടപാടുകളുടെ വ്യാപ്തി വർധിക്കും.