നികുതി നഷ്ടം: തോമസ് ഐസക്കിന്റെ അഭിപ്രായം അന്പരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
Tuesday, September 19, 2023 11:45 PM IST
തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കി അഞ്ചു വർഷം കഴിഞ്ഞിട്ടും ഇ-വേ ബിൽ ശരിയാകാത്തതിനാലാണ് ഐജിഎസ്ടിയിൽ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടമുണ്ടായതെന്ന തോമസ് ഐസക്കിന്റെ അഭിപ്രായം വല്ലാതെ അമ്പരിപ്പിച്ചുവെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റിനു മറുപടിയായി ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
ഇ- വേ ബില്ലിന്റെ ഉപയോഗം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ വാഹനങ്ങളിലൂടെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റുമ്പോൾ വാഹനത്തിൽ നിർബന്ധമായും കരുതേണ്ട ഒരു ഇലക്ട്രോണിക് ട്രാൻസ്പോർട്ടിംഗ് ഡോക്യുമെന്റ് മാത്രമാണ് ഇ-വേ ബിൽ.
ഉപഭോകൃത സംസ്ഥാനമെന്ന നിലയിൽ കേരളം ജിഎസ്ടിയിൽ ഏറ്റവും കൂടുതൽ നേട്ടം കൊണ്ടുവരേണ്ടതായിരുന്നുവെന്ന് തോമസ് ഐസക്ക് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആറു വർഷമായി ജിഎസ്ടി വരുമാനം വർധിപ്പിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു.
ഐജിഎസ്ടി സെറ്റിൽമെന്റിലൂടെ പ്രതിവർഷം ലഭിക്കേണ്ട 5000 കോടി രൂപയെങ്കിലും റിട്ടേണ്‍ ഫയലിംഗിലെ പിഴവ് മൂലം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ കാരണം. . പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇക്കാര്യം ധനവകുപ്പിന്റെ കീഴിലുള്ള ജിഐഎഫ്ടി നടത്തിയ പഠനത്തിലും എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിലും പറയുന്നുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.