ഗൂഗിള്‍ പേയ്ക്ക് ഇനി ആധാര്‍
Saturday, June 10, 2023 12:14 AM IST
ന്യൂഡൽഹി: ആധാർ കാർഡ് നന്പർ ഉപയോഗിച്ച യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കി ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ. നാഷണൽ പേമെന്റ്സ് കോർപറേഷനുമായി സഹകരിച്ചാണു പുതിയ നീക്കം.
ഇതോടെ ഗൂഗിൾ പേ ഉപയോഗിക്കേണ്ടവർക്കു ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാതെ യുപിഐ പിൻ സെറ്റ് ചെയ്യാം. ആധാർ കാർഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിച്ചിരിക്കുന്ന മൊബൈൽ നന്പർ ഒന്നായിരിക്കണമെന്നു മാത്രം. മാത്രമല്ല, ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
നിലവിൽ ചുരുക്കം ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്കു മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാകുക. ഭാവിയിൽ മറ്റു ബാങ്കുകളും പദ്ധതിയിൽ ചേർന്നേക്കുമെന്നു ഗൂഗിൾ പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടർ ശരത് ബുളുസു പറഞ്ഞു.
രാജ്യത്തെ യുപിഐ-ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടിയാണു ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്താക്കൾ നൽകുന്ന ആധാർ നന്പറുകൾ ഗൂഗിൾ സൂക്ഷിക്കില്ലെന്നാണു കന്പനി അറിയിച്ചിരിക്കുന്നത്.
ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ പിൻ സെറ്റ് ചെയ്യാൻ
1. ഫോണിലെ ഗൂഗിൾ പേ ആപ്പ് തുറന്ന് ആഡ് അക്കൗണ്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
2. മൊബൈൽ നന്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് സെലക്ട് ചെയ്യുക. നെക്സ്റ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്തു മുന്നോട്ടുപോകുക.
3. മൊബൈൽ നന്പറും ബാങ്ക് അക്കൗണ്ടും സ്ഥിരീകരിക്കുന്നതിനുവേണ്ടി ആധാർ മോഡ് തെരഞ്ഞെടുക്കുക.
4. ആധാർ നന്പറിന്റെ ആദ്യ ആറക്കം ടൈപ്പ് ചെയ്യുക
5. നാല് അല്ലെങ്കിൽ ആറ് അക്ക യുപിഐ പിൻ സെറ്റ് ചെയ്യുക
6. വെരിഫിക്കേഷനായി ബാങ്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്ക് ഒടിപി അയയ്ക്കും
7. യുപിഐ പിൻ സ്ഥിരീകരിക്കുക