വാഹനവില്പന പിന്നോട്ട്
Wednesday, December 1, 2021 11:09 PM IST
മുംബൈ: രാജ്യത്തെ വാഹനവില്പന നവംബറിൽ പിന്നോട്ടുപോയി. ഗ്രാമീണമേഖലകളിൽ ഡിമാൻഡ് കുറഞ്ഞതും സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമവുമൊക്കെയാണു വാഹന വില്പന കുറയാൻ കാരണമായത് .
മാരുതി സുസുക്കിയുടെ നവംബറിലെ മൊത്തം വാഹന വില്പന മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 9.16 ശതമാനമിടിഞ്ഞ് 139,184 യൂണിറ്റായി. കഴിഞ്ഞ വർഷം കന്പനിക്ക് 153,223 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചിരുന്നു.
ഹ്യുണ്ടായിയുടെ മൊത്തം വില്പന കഴിഞ്ഞ മാസം 21 ശതമാനം കുറഞ്ഞ് 46,910 യൂണിറ്റായി. 59200 യൂണിറ്റുകൾ മുൻവർഷം നവംബറിൽ വിറ്റ സ്ഥാനത്താണിത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മൊത്തം വില്പനയിൽ ആറു ശതമാനം ഇടിവാണുള്ളത്. എന്നാൽ കന്പനിയുടെ പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലെ ആഭ്യന്തരവില്പന ഏഴു ശതമാനം കൂടി. ഹോണ്ട മോട്ടോഴ്സിന്റെ മൊത്തം വില്പന 31 ശതമാനവും കിയാ മോട്ടോഴ്സിന്റെ മൊത്തം വില്പനയിൽ 13 ശതമാനം ഇടിവുമാണുള്ളത്.
അതേസമയം, ടാറ്റാ മോട്ടോഴ്സിന് എല്ലാ വിഭാഗങ്ങളിലെ വില്പനയിലും വർധന രേഖപ്പെടുത്താനായി. മൊത്തം വില്പനയിൽ 21 ശതമാനവും പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ 38 ശതമാനവും വാണിജ്യ വാഹന വിഭാഗത്തിൽ 15 ശതമാനവും വർധനയാണ് കന്പനി രേഖപ്പെടുത്തിയത്.
അതേസമയം, ആഭ്യന്തരവില്പനയിൽ പിന്നോട്ടു പോയ പല വാഹന കന്പനികൾക്കും കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനയുണ്ടായിട്ടുണ്ട്.