ജെസിബിയുടെ 3ഡിഎക്സ് ഇക്കോഎക്സ്പർട് വിപണിയിൽ
Saturday, January 25, 2020 1:31 AM IST
കൊച്ചി: ജെസിബി ഇന്ത്യയുടെ 3 ഡിഎക്സ് ഇക്കോഎക്സ്പർട് ബാക്കോ ലോഡർ കേരള വിപണിയിൽ. പിൻവശത്ത് മണ്ണിൽ കുഴിക്കുന്നതിനും മുൻഭാഗം കോരിയെടുക്കുന്നതിനും സംവിധാനമുള്ള ഈ ട്രാക്ടർ ജെസിബിയുടെ ’ഇന്റലി പെർഫോർമൻസ്’ സാങ്കേതികവിദ്യയിൽ നിർമിച്ചതായതിനാൽ ഇന്ധനം ലാഭിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, അറ്റകുറ്റപ്പണിക്ക് ചെലവാക്കുന്ന തുകയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയും ചെയ്യുമെന്നും കന്പനി അവകാശപ്പെടുന്നു.
അനായാസേനയുള്ള ഗിയർ മാറ്റം, ഓട്ടോ സ്റ്റോപ്പ്, ഡ്രൈവർക്ക് കൂടുതൽ സൗകര്യപ്രദമായ സീറ്റ്, എൽഇഡി ലൈറ്റുകൾ തുടങ്ങി 30 അത്യാധുനിക സൗകര്യങ്ങൾ 3ഡി എക്സ് ഇക്കോഎക്സ്പർട്ടിലുണ്ട്. ഇക്കോണമി, സ്റ്റാൻഡേർഡ് എന്നിങ്ങനെ മണ്ണ് മാന്താനായി രണ്ട് രീതികളുള്ളതിനാൽ ജോലിയുടെ സ്വഭാവമനുസരിച്ച് ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.
മണ്ണു മാന്തൽ, നിർമാണ സാമഗ്രികളുടെ മേഖലയിലെ പ്രമുഖരായ ജെസിബി 1979-ൽ ഒരു സംയുക്ത സംരംഭമായാണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചതെങ്കിലും ഇപ്പോൾ യുകെയിലെ ജെസിബി ബാംഫോർഡ് എസ്കലേറ്റേഴ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ്.
65 ഡീലർമാരും 700-ലേറെ ഔട്ട്ലെറ്റുകളും 5000 പരിശീലനം സിദ്ധിച്ച എൻജിനീയർമാരുമടങ്ങുന്ന വിപുലമായ വിപണന ശൃംഖലയാണ് ജെസിബിക്ക് ഇന്ത്യയിലുള്ളത്.