എഐ കുന്പസാരക്കൂട്: പ്രചാരണം ശരിയല്ല
Saturday, November 23, 2024 2:21 AM IST
ബേൺ: സ്വിറ്റ്സര്‍ലൻഡിലെ ലുസേണിൽ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു.
“കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ടു പരിഹാരം പറയും’’ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാല്‍ പള്ളിയിൽ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേൾക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേൺ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളി അധികൃതർ വ്യക്തമാക്കി.
‘തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ എന്നു വ്യാഖ്യാനിക്കാവുന്ന ‘ദേവൂസ് ഇന്‍ മാക്കിന’ എന്ന പദ്ധതിയുടെ ഭാഗമായാണു എഐ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചതെന്നു സെന്റ് പീറ്റേഴ്സ് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
എഐയെക്കുറിച്ച് ഇടവകവിശ്വാസികൾക്കു അറിവ് പകരാനും ബൈബിൾ സംബന്ധമായ സംശയങ്ങൾ പരിഹരിക്കാനുമാണ് ഇതു സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കി.
വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്റെ രൂപം തെളിയും. ലുസേൺ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ആർട്സിലെ ഇമ്മേഴ്സീവ് റിയാലിറ്റീസ് റിസർച്ച് ലാബിന്റെ സഹകരണത്തോടെയാണ് ഇടവക ഇതു സ്ഥാപിച്ചത്.