നിപ്രോ ആക്രമണം പാശ്ചാത്യർക്കുള്ള മുന്നറിയിപ്പ് ; ഭീഷണി മുഴക്കി പുടിൻ
Saturday, November 23, 2024 12:32 AM IST
മോസ്കോ: യുക്രെയ്ൻ സേന അമേരിക്കൻ, ബ്രിട്ടീഷ് മിസൈലുകൾ പ്രയോഗിച്ചതിനുള്ള മറുപടിയും, യുക്രെയ്നെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കുള്ള സന്ദേശവുമാണു വ്യാഴാഴ്ച നിപ്രോ നഗരത്തിൽ നല്കിയതെന്നു റഷ്യ. എന്നാൽ, യുക്രെയ്നു സഹായം നല്കുന്നതു തുടരുമെന്ന് നാറ്റോ പ്രതികരിച്ചു.
പുതുതായി വികസിപ്പിച്ച ഒരെഷ്നിക് എന്ന മധ്യദൂര ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലാണ് നിപ്രോയിൽ പ്രയോഗിച്ചതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. ശബ്ദത്തിന്റെ പത്തിരട്ടി വേഗമുള്ള മിസൈലിനെ തടുക്കാൻ ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ആണ് റഷ്യ നിപ്രോയിൽ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു.
റഷ്യക്കെതിരേ പ്രയോഗിക്കാനായി യുക്രെയ്ന് ആയുധം നല്കിയ രാജ്യങ്ങളിലെ സൈനിക സംവിധാനങ്ങളെ ആക്രമിക്കുമെന്ന ഭീഷണി പുടിൻ മുഴക്കി. യുക്രെയ്നു ദീർഘദൂര ആയുധം നല്കുന്ന അമേരിക്കയും നാറ്റോയും സംഘർഷം വർധിപ്പിക്കാൻ ശ്രമിക്കുന്നു. ഈ ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കപ്പെട്ടതോടെ യുക്രെയ്ൻ യുദ്ധത്തിന് ആഗോളമാനം കൈവന്നുവെെന്നും പുടിൻ കൂട്ടിച്ചേർത്തു.
യുക്രെയ്ന് ആയുധങ്ങൾ കൈമാറി സംഘർഷത്തിൽ പങ്കുചേർന്ന പാശ്ചാത്യശക്തികൾക്കുള്ള മറുപടിയായിരുന്നു നിപ്രോയിലെ ആക്രമണമെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആക്രമണവിവരം 30 മിനിറ്റ് മുന്പ് അമേരിക്കയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, റഷ്യ പുതിയ മിസൈൽ യുദ്ധഭൂമിയിൽ പരീക്ഷിച്ചതു യുദ്ധഗതിയെ മാറ്റില്ലെന്നും യുക്രെയ്നു പിന്തുണ തുടരുമെന്നും നാറ്റോ പ്രതികരിച്ചു.
അടുത്തയാഴ്ച നാറ്റോ യോഗം
ചൊവ്വാഴ്ച ബ്രസൽസിൽ നാറ്റോ- യുക്രെയ്ൻ സമിതി അടിയന്തര യോഗം ചേരും. നിപ്രോ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്നാണു യോഗം ചേരാൻ ആവശ്യപ്പെട്ടത്.
പാർലമെന്റ് സമ്മേളനം റദ്ദാക്കി
റഷ്യൻ വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് വെള്ളിയാഴ്ച യുക്രെയ്ൻ പാർലമെന്റ് സെഷൻ റദ്ദാക്കി. വരുംദിവസങ്ങളിൽ സർക്കാർ ആസ്ഥാനങ്ങൾ റഷ്യ ലക്ഷ്യമിട്ടേക്കുമെന്നു യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു.
സുമിയിൽ 12 മരണം
വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 12 പാർപ്പിടസമുച്ചയങ്ങളും അഞ്ചു വീടുകളും തകർന്നു.