നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ മോചിതനായി
Saturday, November 9, 2024 3:01 AM IST
അബുജ: തെക്കൻ നൈജീരിയയിലെ എഡെ സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച സായുധസംഘം തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു. എഡോ സംസ്ഥാനത്തെ ആഗെനെഗാബൊദെയിലുള്ള ഇമാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരി റെക്ടർ ഫാ. തോമസ് ഒയോടിനെയാണു രണ്ടുദിവസം മുന്പ് മോചിപ്പിച്ചത്.
കഴിഞ്ഞ മാസം 27നാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. 11 ദിവസത്തോളം അക്രമികളുടെ തടവറയിൽ കഴിഞ്ഞ വൈദികൻ കഴിഞ്ഞ ഏഴിന് തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ ഒന്പതാം വാർഷികദിനത്തിലാണു മോചിതനായത്. അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഔച്ചി രൂപത അധികൃതർ അറിയിച്ചു.
സെമിനാരി ആക്രമിച്ചതിനുശേഷം രണ്ടു വൈദികവിദ്യാർഥികളെ ബന്ദികളാക്കിയ അക്രമികളോട് അവരെ വിട്ടയയ്ക്കണമെന്നും പകരം തന്നെ ബന്ദിയാക്കണമെന്നും പറഞ്ഞുകൊണ്ട് ഫാ. തോമസ് സ്വയം കീഴടങ്ങുകയായിരുന്നു.
അതേസമയം, മറ്റൊരു വൈദികനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ഇമൊ സംസ്ഥാനത്തെ ഒകിഗ്വെ രൂപതയിൽപ്പെട്ട ഒബൊല്ലൊ സെന്റ് തെരേസ ഇടവകവികാരി ഫാ. ഇമ്മാനുവൽ ആസുബ്യുകിനെയാണു തട്ടിക്കൊണ്ടുപോയത്.
നൈജീരിയയിലെ ഒർലു രൂപതാംഗം ഫാ. ക്രിസ്റ്റ്യൻ ഉചെഗ്ബു, ഇമോ സംസ്ഥാനത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഇമ്മാനുവൽ അസുബ്യൂക്ക് എന്നിവരെ ഇനിയും മോചിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലായി നിരവധി വൈദികരെയും സന്യസ്തരെയും നൈജീരിയയിൽ തട്ടിക്കൊണ്ടുപോകുകയും നിരവധി ദിവസങ്ങൾ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.