ട്രംപിനെ വധിക്കാൻ ഇറാന്റെ പദ്ധതി: അഫ്ഗാൻ പൗരനെതിരേ കുറ്റപത്രം
Sunday, November 10, 2024 1:03 AM IST
ന്യൂയോർക്ക്: ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള ഇറേനിയൻ പദ്ധതിയുടെ ഭാഗമായ അഫ്ഗാൻ പൗരൻ പർഹാദ് ഷാക്കേരിക്ക് എതിരേ അമേരിക്കൻ സർക്കാർ കുറ്റം ചുമത്തി.
അന്പത്തൊന്നുകാരനായ ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇറാനിലുണ്ടെന്നാണ് കരുതുന്നതെന്ന് യുഎസ് നിയമവകുപ്പ് ന്യൂയോർക്കിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പായി ട്രംപിനെ വധിക്കാനുള്ള നിർദേശം സെപ്റ്റംബറിൽ ഇറേനിയൻ വിപ്ലവഗാർഡിലെ ഉന്നത ഉദ്യോഗസ്ഥൻ ഷാക്കേരിക്കു നല്കിയെന്നാണ് ആരോപണം.
കുട്ടിയായിരിക്കേ അമേരിക്കയിലെത്തിയ ഷാക്കേരി കവർച്ചക്കേസിൽ 14 വർഷം ജയിലിലായിരുന്നു. 2008ൽ ഇയാളെ അമേരിക്കയിൽനിന്നു നാടുകടത്തി. ജയിൽവാസ കാലത്ത് ക്രിമിനൽ സംഘങ്ങളുമായി ഉണ്ടാക്കിയ ബന്ധങ്ങൾ ഇറേനിയൻ പദ്ധതിക്കായി ഇയാൾ പ്രയോജനപ്പെടുത്തി.
ഇറാനെ നിശിതമായി വിമർശിക്കുന്ന ഒരു അമേരിക്കൻ പത്രപ്രവർത്തകനെ വധിക്കാനായി ഷാക്കേരി റിക്രൂട്ട് ചെയ്ത കാർലൈൽ റിവേര, ജൊനാഥൻ രോഡ്ഹോൾട്ട് എന്നിവർ അമേരിക്കയിൽ അറസ്റ്റിലായിട്ടുണ്ട്. ഇവരെ വ്യാഴാഴ്ച ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി.
ഇറാനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അവിടത്തെ വിദേശകാര്യ മന്ത്രാലയം പ്രതിരിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രണ്ടു തവണ ട്രംപ് വധശ്രമം നേരിട്ടിരുന്നു. ജൂലൈയിൽ പെൻസിൽവേനിയയിൽവച്ച് അദ്ദേഹത്തിന്റെ ചെവിക്കു വെടിയേറ്റു. സെപ്റ്റംബറിൽ ട്രംപിന്റെ ഗോൾഫ് കളിസ്ഥലത്ത് തോക്കുമായി പതിയിരുന്നയാൾ അറസ്റ്റിലായി. ഈ രണ്ട ു സംഭവങ്ങൾക്കും ഇറാനുമായി ബന്ധമില്ല.