ആംസ്റ്റർഡാമിൽ പലസ്തീൻ അനുകൂലികൾ യഹൂദരെ ആക്രമിച്ചു
Saturday, November 9, 2024 3:01 AM IST
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ആംസ്റ്റർഡാം നഗരത്തിൽ ഇസ്രയേലിൽനിന്നെത്തിയ യഹൂദ ഫുട്ബോൾ ആരാധകർ ആക്രമിക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി നഗരമധ്യത്തിൽ അക്രമികൾ യഹൂദരെ ഓടിച്ചിട്ടു മർദിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ യഹൂദരെ രക്ഷിക്കാൻ ഇസ്രേലി സർക്കാർ രണ്ടു വിമാനങ്ങൾ അടിയന്തരമായി അയച്ചു.
ഇസ്രയേലിലെ മക്കാബി ടെൽ അവീവ് ഫുട്ബോൾ ക്ലബ്ബും നെതർലൻഡ്സിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു സംഭവം. കളി കാണാനായി മൂവായിരത്തോളം യഹൂദർ ആംസ്റ്റർഡാമിലെത്തിയിരുന്നു.
മത്സരത്തിനു മുന്പ് മക്കാബി ആരാധകരും പലസ്തീൻ അനുകൂല പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായെന്നും പലസ്തീൻ പതാക കീറിയെന്നും അറബ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്.
മത്സരശേഷം ആംസ്റ്റർഡാം നഗരമധ്യത്തിൽ യഹൂദരെ അക്രമികൾ ഓടിക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും ഒട്ടനവധി വീഡിയോകൾ പുറത്തുവന്നു. അക്രമികൾ ഇസ്രേലിവിരുദ്ധത മുഴക്കുന്നതു വീഡിയോയിൽ വ്യക്തമാണെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഡച്ച് പോലീസ് ഇടപെട്ടാണ് അക്രമികളെ തുരത്തിയത്. യഹൂദരെ സുരക്ഷിതമായി ഹോട്ടലുകളിലെത്തിച്ചെന്ന് ആംസ്റ്റർഡാം നഗരാധികൃതർ അറിയിച്ചു. രണ്ടു പേർ ചികിത്സയിലാണ്. 62 പേർ അറസ്റ്റിലായിട്ടുമുണ്ട്.
യഹൂദവിരുദ്ധ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് പ്രതികരിച്ചു. കുറ്റവാളികളെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന് ഉറപ്പുകൊടുത്തുവെന്നും അദ്ദേഹം അറിയിച്ചു.