ട്രംപിന്റെ വിജയത്തിനൊപ്പം കുതിച്ച് മസ്കിന്റെ സന്പത്ത്
Sunday, November 10, 2024 1:03 AM IST
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തിലെ ഏറ്റവും സന്പന്നനായ ഇലോൺ മസ്കിന്റെ സന്പത്തും വർധിച്ചു. മസ്കിന്റെ ആസ്തി വീണ്ടും 30,000 കോടി ഡോളർ പിന്നിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപിനുവേണ്ടി മസ്ക് തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നു. മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല, സ്പേസ് എക്സ് കന്പനികൾക്ക് അനുകൂലമായ നടപടികൾ തന്റെ സർക്കാരിൽനിന്ന് ഉണ്ടാകുമെന്ന് ട്രംപും വാഗ്ദാനം ചെയ്തു. ഇതിനു പുറമേ മസ്കിന് സർക്കാരിൽ ഉന്നതപദവി ലഭിക്കുമെന്നും സൂചനയുണ്ട്.
ടെസ്ല കന്പനിയുടെ ഓഹരി മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ 28 ശതമാനമാണ് ഉയർന്നത്. മസ്കിന്റെ ആസ്തിയിൽ 5000 കോടി ഡോളർ കൂടി. മൊത്തം ആസ്തി 31,300 കോടി ഡോളറായി.
ലോകത്തിലാദ്യമായി 30,000 കോടി ഡോളറിനു മുകളിൽ സന്പത്ത് ആർജിച്ചതിന്റെ റിക്കാർഡ് മസ്കിനാണ്. 2022 ജനുവരിയിലായിരുന്നത്. 34,000 കോടിയായിരുന്നു അന്ന് മസ്കിന്റെ ആസ്തി.